ഇരുമുന്നണികളുടെയും ചങ്കിടിപ്പു കൂട്ടി കണ്ണൂർ
ഇരുമുന്നണികളുടെയും ചങ്കിടിപ്പു കൂട്ടി കണ്ണൂർ
<യ>എം. റോയ്

ഇടതുമുന്നണിയുടെ ഭരണത്തുടർച്ചയ്ക്കു 2011ൽ തടയിടുന്നതിൽ പ്രധാന പങ്കുവഹിച്ച ജില്ലകളിലൊന്നാണു കണ്ണൂർ. സിപിഎമ്മിന്റെ ചെങ്കോട്ട എന്ന വിശേഷണത്തിനു മങ്ങലേൽപ്പിച്ച് ജില്ലയിലെ 11 സീറ്റിൽ അഞ്ചും കഴിഞ്ഞ തവണ യുഡിഎഫ് സ്വന്തമാക്കി. 2006ൽ ലഭിച്ച രണ്ടു സീറ്റിൽനിന്നായിരുന്നു യുഡിഎഫിന്റെ ഈ മുന്നേറ്റം. 3500ൽ താഴെ വോട്ടിന്റെ വ്യത്യാസത്തിലാണു മൂന്നു സീറ്റുകൾ എൽഡിഎഫിനു നഷ്‌ടപ്പെട്ടത്. ഇതിൽ വിജയിക്കാനായിരുന്നെങ്കിൽ കേരള ഭരണംതന്നെ ഇടതുമുന്നണിക്കു ലഭിക്കുമായിരുന്നു.

മുസ്ലിംലീഗിലെ കെ.എം. ഷാജി 493 വോട്ടിനു വിജയിച്ച അഴീക്കോട്ടായിരുന്നു ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. കൂത്തുപറമ്പിൽ ജനതാദൾ–യുവിലെ കെ.പി. മോഹനന്റെ ജയം 3303 വോട്ടിനും, പേരാവൂരിൽ കോൺഗ്രസിലെ സണ്ണി ജോസഫിന്റെ വിജയം 3440 വോട്ടിനുമായിരുന്നു. പുനർവിഭജനത്തിൽ അതിരുകൾ മാറിയ ഈ മൂന്നു മണ്ഡലങ്ങളും എൽഡിഎഫിൽനിന്നു യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. കണ്ണൂരിൽ 6,443 വോട്ടിന് എ.പി. അബ്ദുള്ളക്കുട്ടിയും ഇരിക്കൂറിൽ 11,757 വോട്ടിന് കെ.സി. ജോസഫും കോൺഗ്രസ് സീറ്റുകൾ നിലനിർത്തുകയും ചെയ്തു.

ഇക്കുറി സംസ്‌ഥാന ഭരണം പിടിക്കാനുള്ള എൽഡിഎഫ് തന്ത്രങ്ങളുടെ പ്രധാന പ്രയോഗകേന്ദ്രം കണ്ണൂരിലെ യുഡിഎഫ് മണ്ഡലങ്ങളാകും. ഭരണം നിലനിർത്താൻ യുഡിഎഫിനു കണ്ണൂരിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തിയേ പറ്റൂ. ഇതാകട്ടെ കണ്ണൂരിലെ മത്സരം പതിവിലും കടുപ്പമുള്ളതാക്കി. എൽഡിഎഫിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നു കരുതുന്ന പിണറായി വിജയന്റെ മത്സരവും കണ്ണൂരിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. ജന്മനാട് ഉൾപ്പെടുന്ന ധർമടത്തോ പയ്യന്നൂരിലോ ആയിരിക്കും പിണറായിയുടെ മത്സരം. രണ്ടു മന്ത്രിമാരും കണ്ണൂരിൽ ജനവിധി തേടാനുണ്ടാകും. ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് ഇരിക്കൂറിൽ എട്ടാംതവണയും മത്സരിക്കും. കൃഷിമന്ത്രി കെ.പി. മോഹനൻ കൂത്തുപറമ്പിൽ വീണ്ടും വോട്ട് തേടും.

കഴിഞ്ഞ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കണ്ണൂർ പാർലമെന്റ് മണ്ഡലം എൽഡിഎഫ് പിടിച്ചെടുത്തിരുന്നു. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ലീഡും നേടി. ആറു സിറ്റിംഗ് മണ്ഡലങ്ങൾക്കു പുറമെ കൂത്തുപറമ്പിലാണു 4,725 വോട്ടിന്റെ ലീഡ് അധികമായി നേടിയത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കണ്ണൂർ കോർപറേഷനിലടക്കം ഇടതുമുന്നണി ഉജ്വല വിജയം നേടി.

യുഡിഎഫിന്റെ ശക്‌തികേന്ദ്രമായ കണ്ണൂർ കോർപറേഷനിൽ ഒപ്പത്തിനൊപ്പം സീറ്റ് നേടിയ എൽഡിഎഫ് കോൺഗ്രസ് വിമതന്റെ പിന്തുണയോടെ മേയർ സ്‌ഥാനവും കരസ്‌ഥമാക്കി. എട്ടു നഗരസഭകളിൽ യുഡിഎഫും എൽഡിഎഫും നാലിടത്തു വീതം മുൻതൂക്കം നേടിയപ്പോൾ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 11ഉം എൽഡിഎഫ് സ്വന്തമാക്കി. 71 ഗ്രാമപഞ്ചായത്തുകളിൽ 52 എൽഡിഎഫിനു കിട്ടിയപ്പോൾ യുഡിഎഫ് 19 കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഈ കണക്കുകൾക്കൊപ്പം കോൺഗ്രസിലെ ചേരിപ്പോരും എൽഡിഎഫിന് ആത്മവിശ്വാസം പകരുന്നു.

കൊലപാതക രാഷ്ട്രീയമായിരിക്കും എൽഡിഎഫിനെതിരേ എതിർവിഭാഗം പ്രയോഗിക്കുന്ന പ്രധാന ആയുധം. ടി.പി. ചന്ദ്രശേഖരൻ, ഫസൽ, മനോജ്, ഷുക്കൂർ വധക്കേസുകളിൽ പ്രതികളായി നിരവധി നേതാക്കളും പ്രവർത്തകരും ജയിലിലും ജാമ്യത്തിലുമായി കഴിയുന്നുണ്ട്. ആർഎസ്എസ് നേതാവ് മനോജ് കൊല്ല പ്പെട്ട കേസിൽ പ്രതിയായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ റിമാൻഡിൽ കഴിയുന്നതു ദോഷം ചെയ്യുമെന്ന് ഇടതു കേന്ദ്രങ്ങൾ തന്നെ വിലയിരുത്തുന്നു.

ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളായിരിക്കും യുഡിഎഫിന്റെ തുറുപ്പുചീട്ട്. കണ്ണൂർ വിമാനത്താവളം ഉൾപ്പെടെ ഉയർത്തിക്കാട്ടാൻ ഒരുപാട് കാര്യങ്ങളുണ്ട്. ബാരാപോൾ ജലവൈദ്യുത പദ്ധതി, മൊയ്തുപാലം, സ്പോർട്സ് കോംപ്ലക്സ്, സർവകലാശാല ദേശീയ ലൈബ്രറി, കലാഗ്രാമം, കുടിയേറ്റ മ്യൂസിയം, മലയോര മിൽമ ഡയറി, കണ്ണൂർ കോട്ട ലൈറ്റ് ആൻഡ് സൗണ്ട് ഷോ, നിരവധി പാലങ്ങൾ, നവീകരിച്ചു മെക്കാഡം ടാറിംഗ് നടത്തിയ അനവധി റോഡുകൾ എന്നിങ്ങനെ ഒരുകാലത്തുമുണ്ടാകാത്ത വികസനം കണ്ണൂരിൽ നടന്നെന്നും ഇതു വിജയം സമ്മാനിക്കുമെന്നും യുഡിഎഫ് കരുതുന്നു.

ബിജെപി ജില്ലയിൽ പടിപടിയായുള്ള വളർച്ച കാണിക്കുന്നുണ്ട്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ 54,781 വോട്ടു ലഭിച്ച ബിജെപിക്കു 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 69,180 വോട്ടും 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,01,702 വോട്ടും ലഭിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം നടത്തി. ഇവർ പിടിക്കുന്ന അധിക വോട്ടുകൾ ചില മണ്ഡലങ്ങളിലെങ്കിലും നിർണായകമാകും.

എൽഡിഎഫിന്റെ സംസ്‌ഥാനത്തെതന്നെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളാണു കണ്ണൂരിലെ അവരുടെ ആറു സിറ്റിംഗ് സീറ്റുകൾ. ആറും സിപിഎമ്മിന്റെ സീറ്റുകളാണ്. രണ്ടിടത്തു മുപ്പതിനായിരത്തിനുമേലും മൂന്നിടത്ത് 25,000 നു മേലുമാണു ഭൂരിപക്ഷം. സി. കൃഷ്ണൻ വിജയിച്ച പയ്യന്നൂരിലാണ് ഏറ്റവും വലിയ ഭൂരിപക്ഷം. 32,124 വോട്ട്. മട്ടന്നൂർ ഇ.പി. ജയരാജൻ–30,512, കല്യാശേരി ടി.വി. രാജേഷ്–29,946, തളിപ്പറമ്പ് ജയിംസ് മാത്യു–27,861, തലശേരി കോടിയേരി ബാലകൃഷ്ണൻ–26,503, ധർമടം കെ.കെ. നാരായണൻ–15,162 എന്നിങ്ങനെയാണു മറ്റിടങ്ങളിലെ ഭൂരിപക്ഷം.

എൽഡിഎഫ് കക്ഷികളിൽ സിപിഐ (ഇരിക്കൂർ), കോൺഗ്രസ്–എസ് (കണ്ണൂർ), ഐഎൻഎൽ (കൂത്തുപറമ്പ്) എന്നിവ മാത്രമാണു കഴിഞ്ഞ തവണ മത്സരിച്ചത്. മൂന്നിടത്തും തോറ്റു. ഇത്തവണ മുൻ സംസ്‌ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനെ മത്സരിപ്പിക്കാൻ സിപിഐയും കടന്നപ്പള്ളി രാമചന്ദ്രനെ മത്സരിപ്പിക്കാൻ കോൺഗ്രസ്–എസും ഉറച്ച മണ്ഡലങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് ഘടകകക്ഷികളിൽ മുസ്ലിംലീഗ് (അഴീക്കോട്), ജനതാദൾ–യു (കൂത്തുപറമ്പ്, മട്ട ന്നൂർ), കേരള കോൺഗ്രസ്–എം (തളിപ്പറമ്പ്) എന്നിവ കഴിഞ്ഞതവണ മത്സരിച്ചിരുന്നു. ഇതിൽ മട്ടന്നൂർ വേണ്ടെന്നു ജനതാദളും തളിപ്പറമ്പ് വേണ്ടെന്നു കേരള കോൺഗ്രസും പറഞ്ഞിട്ടുണ്ട്.

എ.പി. അബ്ദുള്ളക്കുട്ടിയുടെ സിറ്റിംഗ് സീറ്റായ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാൻ മുൻ മന്ത്രി കെ. സുധാകരൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. സിറ്റിംഗ് എംഎൽഎയെ മാറ്റേണ്ടെന്നു തീരുമാനിച്ചാൽ സുധാകരൻ കാസർഗോഡ് ജില്ലയിലെ ഉദുമയിലോ തൃക്കരിപ്പൂരിലോ മത്സരിച്ചേക്കും. പേരാവൂരിൽ സണ്ണി ജോസഫ് ഒരിക്കൽക്കൂടി ജനവിധി തേടും. അഴീക്കോട്ട് കെ.എം. ഷാജിയുടെ പേര് മുസ്ലിംലീഗ് പ്രഖ്യാപിച്ചുകഴിഞ്ഞു. സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാരിൽ ഇ.പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവർ വീണ്ടും മത്സരിക്കും. കോടിയേരി ബാലകൃഷ്ണൻ, സി. കൃഷ്ണൻ, കെ.കെ. നാരായണൻ, ജയിംസ് മാത്യു എന്നിവർ മാറിനിന്നേക്കും.

യുഡിഎഫ് കഴിഞ്ഞതവണ ചെറിയ ഭൂരിപക്ഷത്തിനു ജയിച്ച അഴീക്കോട്, പേരാവൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ ഇത്തവണ എൽഡിഎഫ് ശക്‌തമായ മത്സരം ഒരുക്കാനാണു സാധ്യത. അഴീക്കോട്ട് ടി.വി. രാജേഷിനെ മണ്ഡലം മാറ്റി മത്സരിപ്പിക്കാൻ നീക്കമുണ്ട്. അതല്ലെങ്കിൽ സിഎംപിക്ക് സീറ്റ് നൽകി എം.വി. രാഘവന്റെ മകൻ നികേഷ്കുമാറിനെ നിർത്താനും കോൺഗ്രസ് വിമതനായ പി.കെ. രാഗേഷിന് പിന്തുണ നൽകി മത്സരിപ്പിക്കാനുമാണ് ആലോചന. പേരാവൂർ സീറ്റ് ഘടകകക്ഷികൾക്കു നൽകി പ്രമുഖ നേതാക്കളെ ആരെയെങ്കിലും മത്സരിപ്പിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു.

കഴിഞ്ഞ തവണ ഐഎൻഎലിനു നൽകിയ കൂത്തുപറമ്പിൽ ഇക്കുറി സിപിഎം തന്നെയായിരിക്കും മത്സരിക്കുക. ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രന്റെ പേരാണ് ഇവിടെ പറഞ്ഞുകേൾക്കുന്നത്. കോടിയേരി ഒഴിയുന്ന തലശേരിയിൽ എ.എൻ. ഷംസീറിനാണു പ്രഥമ പരിഗണന. കഴിഞ്ഞ തവണ കോൺഗ്രസ്–എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രൻ മത്സരിച്ച കണ്ണൂർ ഇത്തവണ സിപിഎം ഏറ്റെടുത്തേക്കും. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സരളയെ മത്സരിപ്പിക്കാനാണു നീക്കം.


<യ>കണ്ണൂർ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>പയ്യന്നൂർ

സി. കൃഷ്ണൻ (സിപിഎം)– 78,116
ബ്രിജേഷ് കുമാർ (കോൺഗ്രസ്)– 45,992
കിഴുമ്മൽ രമേശൻ (ബിജെപി)– 5,019

<യ>കല്യാശേരി

ടി.വി. രാജേഷ് (സിപിഎം)– 73,190
പി. ഇന്ദിര (കോൺഗ്രസ്)– 43,244
ശ്രീകാന്ത് രവിവർമ (ബിജെപി)– 5,499

<യ>തളിപ്പറമ്പ്

ജയിംസ് മാത്യു (സിപിഎം)– 81,031
ജോബ് മൈക്കിൾ (കേരള കോൺ.–എം)– 53,170
കെ. ജയപ്രകാശ് (ബിജെപി)– 6,492

<യ>ഇരിക്കൂർ

കെ.സി. ജോസഫ് (കോൺഗ്രസ്)– 68,503
പി. സന്തോഷ് കുമാർ (സിപിഐ)– 56,746
എം.ജി. രാമകൃഷ്ണൻ (ബിജെപി)– 3,529

<യ>അഴീക്കോട്

കെ.എം. ഷാജി (ലീഗ്)– 55,077
എം. പ്രകാശൻ (സിപിഎം)– 54,584
എം.കെ. ശശീന്ദ്രൻ (ബിജെപി)– 7,540

<യ>കണ്ണൂർ

എ.പി. അബ്ദുള്ളക്കുട്ടി (കോൺഗ്രസ്)– 55,427
രാമചന്ദ്രൻ കടന്നപ്പള്ളി (കോൺ.–എസ്)–48,984
യു.ടി. ജയന്തൻ (ബിജെപി)– 4,568

<യ>ധർമടം

കെ.കെ. നാരായണൻ (സിപിഎം)– 72,354
മമ്പറം ദിവാകരൻ (കോൺഗ്രസ്)– 57,192
സി.പി. സംഗീത (ബിജെപി)– 4,963

<യ>തലശേരി

കോടിയേരി ബാലകൃഷ്ണൻ (സിപിഎം)– 66,870
റിജിൽ മാക്കുറ്റി (കോൺഗ്രസ്)– 40,361
വി. രത്നാകരൻ (ബിജെപി)– 6,973

<യ>കൂത്തുപറമ്പ്

കെ.പി. മോഹനൻ(സോഷ്യലിസ്റ്റ് ജനത)–57,164
എസ്.എ. പുതിയവളപ്പിൽ(ഐഎൻഎൽ)–53,861
ഒ.കെ. വാസു മാസ്റ്റർ (ബിജെപി)– 11,835

<യ>മട്ടന്നൂർ

ഇ.പി. ജയരാജൻ (സിപിഎം)– 75,177
ജോസഫ് ചാവറ (ജനതാദൾ–യു)– 44,665
വലയങ്കര ബിജു (ബിജെപി)– 8,707

<യ>പേരാവൂർ

സണ്ണി ജോസഫ് (കോൺഗ്രസ്)– 56,151
കെ.കെ. ശൈലജ (സിപിഎം)– 52,711
പി.കെ. വേലായുധൻ (ബിജെപി)– 4,055

<യ>ലോക്സഭ 2014

<യ>പയ്യന്നൂർ

പി. കരുണാകരൻ (സിപിഎം)– 75,167
ടി. സിദ്ദിഖ് (കോൺഗ്രസ്)– 47,025
കെ. സുരേന്ദ്രൻ (ബിജെപി)– 12,878

<യ>കല്യാശേരി

പി. കരുണാകരൻ (സിപിഎം)– 71,205
ടി. സിദ്ദിഖ് (കോൺഗ്രസ്)– 48,423
കെ. സുരേന്ദ്രൻ (ബിജെപി)–10,758

<യ>തളിപ്പറമ്പ്

പി.കെ. ശ്രീമതി (സിപിഎം)– 78,922
കെ. സുധാകരൻ (കോൺഗ്രസ്)– 64,703
പി.സി. മോഹനൻ (ബിജെപി)– 6,793

<യ>ഇരിക്കൂർ

പി.കെ. ശ്രീമതി (സിപിഎം)– 52,928
കെ. സുധാകരൻ (കോൺ)– 75,083
പി.സി. മോഹനൻ (ബിജെപി)– 5,234

<യ>അഴീക്കോട്

പി.കെ. ശ്രീമതി (സിപിഎം)– 51,278
കെ. സുധാകരൻ (കോൺഗ്രസ്)– 56,288
പി.സി. മോഹനൻ (ബിജെപി)– 8,780

<യ>കണ്ണൂർ

പി.കെ. ശ്രീമതി (സിപിഎം)– 47,116
കെ. സുധാകരൻ (കോൺഗ്രസ്)– 55,173
പി.സി. മോഹനൻ (ബിജെപി)– 6,829

<യ>ധർമടം

പി.കെ. ശ്രീമതി (സിപിഎം)– 72158
കെ. സുധാകരൻ (കോൺഗ്രസ്)– 57197
പി.സി. മോഹനൻ (ബിജെപി)– 6916

<യ>മട്ടന്നൂർ

പി.കെ. ശ്രീമതി (സിപിഎം)– 74,399
കെ. സുധാകരൻ (കോൺഗ്രസ്)– 53,666
പി.സി. മോഹനൻ (ബിജെപി)–9,695

<യ>പേരാവൂർ

പി.കെ. ശ്രീമതി (സിപിഎം)– 49,677
കെ. സുധാകരൻ (കോൺഗ്രസ്)– 57,886
പി.സി. മോഹനൻ (ബിജെപി)– 7,265

<യ>തലശേരി

മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്)–41,365
എ.എൻ. ഷംസീർ (സിപിഎം)–64,404
വി.കെ. സജീവൻ (ബിജെപി)– 11,780

<യ>കൂത്തുപറമ്പ്

മുല്ലപ്പള്ളി രാമചന്ദ്രൻ (കോൺഗ്രസ്)–54,761
എ.എൻ. ഷംസീർ (സിപിഎം)–59,486
വി.കെ. സജീവൻ (ബിജെപി)– 14,774

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.