കാസർഗോട്ട് മത്സരം തീപാറും
കാസർഗോട്ട് മത്സരം തീപാറും
<യ>ഡിറ്റി വർഗീസ്

ഇരുമുന്നണികൾക്കു പുറമെ ബിജെപിയും ഏറെ പ്രതീക്ഷ വച്ചുപുലർത്തുന്ന ജില്ലയാണു കാസർഗോഡ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മഞ്ചേശ്വരം, കാസർഗോഡ് മണ്ഡലങ്ങളിൽ മുസ്ലിം ലീഗും ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ സിപിഎമ്മും കാഞ്ഞങ്ങാട്ട് സിപിഐ സ്‌ഥാനാർഥിയുമാണു വിജയിച്ചത്. മഞ്ചേശ്വരത്തും കാസർഗോഡും രണ്ടാം സ്‌ഥാനത്തെത്തിയതു ബിജെപിയാണ്.

ഇക്കുറി ജില്ലയിൽ ശക്‌തമായ മത്സരത്തിനുറച്ചാണു യുഡിഎഫിന്റെ നീക്കങ്ങൾ. മഞ്ചേശ്വരത്തും കാസർഗോട്ടും മുസ്ലിം ലീഗിന്റെ സിറ്റിംഗ് എംഎൽഎമാർ തന്നെയാണു മത്സരിക്കുക. ഈ മണ്ഡലങ്ങൾക്കു പുറമെ എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകളായ ഉദുമയും തൃക്കരിപ്പൂരും ശക്‌തരായ സ്‌ഥാനാർഥികളെ നിർത്തി പിടിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് മുന്നണി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥി ടി.സിദ്ദിക്ക് ഉദുമയിൽ നേടിയ ലീഡും തൃക്കരിപ്പൂരിൽ മുന്നണിക്കു ലഭിച്ചുവരുന്ന വോട്ട് വർധനയുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

കഴിഞ്ഞ തവണ തൃക്കരിപ്പൂരിൽ 8,765 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു സിപിഎം വിജയിച്ചത്. മുൻകാലങ്ങളിൽ ഇരുപതിനായിരത്തിലധികം ഭൂരിപക്ഷമുണ്ടായിരുന്ന മണ്ഡലമാണിത്. ഉദുമയിലേക്കു യുഡിഎഫ് സ്‌ഥാനാർഥിയായി കണ്ണൂരിലെ നേതാവ് കെ.സുധാകരന്റെ പേരാണു പറഞ്ഞുകേൾക്കുന്നത്. എങ്കിൽ മത്സരം തീപാറും. ശക്‌തനായ സ്‌ഥാനാർഥിയെ നിർത്തി ഇക്കുറി കാഞ്ഞങ്ങാട്ടും ബലപരീക്ഷണം നടത്താനാണു യുഡിഎഫ് തീരുമാനം.

എന്നാൽ, യുഡിഎഫ് നീക്കങ്ങളെ പ്രതിരോധിക്കാനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞ എൽഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. മഞ്ചേശ്വരംകൂടി ഇക്കുറി പിടിച്ചെടുക്കാനാണു സിപിഎം ലക്ഷ്യമിടുന്നത്. സ്‌ഥാനാർഥികൾ ആരൊക്കെയാണെന്നു വ്യക്‌തമായിട്ടില്ലെങ്കിലും എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎമാർ വീണ്ടും അതതു മണ്ഡലങ്ങളിൽ ജനവിധി തേടിയേക്കുമെന്നാണു സൂചന.

എന്നും ഇടതുചേരിയിൽ ഭൂരിപക്ഷം ഉയർത്തിപ്പോന്ന തൃക്കരിപ്പൂർ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ കെ.കുഞ്ഞിരാമന്റെ വിജയം 8,765 വോട്ടുകൾക്കായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു മണ്ഡലത്തിൽ ലഭിച്ചത് ആകെ 3,451 വോട്ടുകളുടെ ഭൂരിപക്ഷമാണ്. ഇടതു കോട്ടയായ തൃക്കരിപ്പൂരിലുണ്ടായ വോട്ടുചോർച്ച പാർട്ടിയിൽ ചൂടേറിയ വിവാദത്തിനും വഴിവച്ചിരുന്നു.

മണ്ഡലത്തിന്റെ ഘടന മാറ്റിയതാണ് ഇടതുപക്ഷത്തിനു തിരിച്ചടിയായതെന്നാണു വിലയിരുത്തൽ. കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ, പെരളം പഞ്ചായത്തിനെയും കാങ്കോൽ–ആലപ്പടമ്പ്, പെരിങ്ങോം– വയക്കര പഞ്ചായത്തുകളെയും പയ്യന്നൂർ നിയമസഭാ മണ്ഡലത്തിലേക്കു മാറ്റുകയും കാഞ്ഞങ്ങാട് മണ്ഡലത്തിൽപ്പെട്ട ചെറുവത്തൂർ, നീലേശ്വരം നഗരസഭകൾ തൃക്കരിപ്പൂരിനോടു കൂട്ടിച്ചേർക്കുകയും ചെയ്തതാണു വോട്ടു വ്യതിയാനമുണ്ടാകാൻ കാരണമെന്നാണു വിലയിരുത്തൽ. ജില്ലയിൽ സിപിഎമ്മിനെ ആഭ്യന്തരപ്രശ്നം വേട്ടയാടുന്നുണ്ട്. പാർട്ടിയുടെ പല ശക്‌തികേന്ദ്രങ്ങളിലും വിഭാഗീയത നിലനിൽക്കുന്നതാണു പാർട്ടിക്കു തലവേദനയാകുന്നത്.

മഞ്ചേശ്വരത്തും കാസർഗോട്ടും ഇക്കുറി വിജയക്കൊടി പാറിക്കാനാകുമെന്ന പ്രതീക്ഷയിലാണു ബിജെപി. എന്നാൽ, പാർട്ടിക്കുള്ളിലെ ചില അഭിപ്രായ വ്യത്യാസം ബിജെപിക്കു പ്രയാസമുണ്ടാക്കുന്നുണ്ട്. കന്നഡമേഖലയ്ക്കു പുറമേ സ്വാധീനം വർധിപ്പിക്കാൻ പാർട്ടിക്കു കാര്യമായി കഴിഞ്ഞിട്ടുമില്ല. സംസ്‌ഥാനതലത്തിലെ പുതിയ കൂട്ടുകെട്ടുകളൊന്നും ഇവിടെ ബിജെപിക്കു തുണയാവുകയുമില്ല.

<യ>കാസർഗോഡ് ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>മഞ്ചേശ്വരം

പി.ബി.അബ്ദുൾ റസാഖ്– മുസ്ലിം ലീഗ്–49817
കെ.സുരേന്ദ്രൻ– ബിജെപി–43989
സി.എച്ച്. കുഞ്ഞമ്പു– സിപിഎം–35607


<യ>കാസർഗോഡ്

എൻ.എ. നെല്ലിക്കുന്ന്– മുസ്ലിം ലീഗ്–53068
ജയലക്ഷ്മി എൻ.ഭട്ട്– ബിജെപി–43330
അസീസ് കടപ്പുറം– ഐഎൻഎൽ–16467

<യ>ഉദുമ

കെ.കുഞ്ഞിരാമൻ–സിപിഎം– 61666
അഡ്വ.സി.കെ. ശ്രീധരൻ–കോൺഗ്രസ്– 50266
സുനിത പ്രശാന്ത്–ബിജെപി– 13073

<യ>കാഞ്ഞങ്ങാട്

ഇ. ചന്ദ്രശേഖരൻ–സിപിഐ– 66640
അഡ്വ. എം.സി.ജോസ്–കോൺഗ്രസ്– 54462
മടിക്കൈ കമ്മാരൻ–ബിജെപി– 15543

<യ>തൃക്കരിപ്പൂർ

കെ.കുഞ്ഞിരാമൻ–സിപിഎം– 67871
കെ.വി. ഗംഗാധരൻ–കോൺഗ്രസ്– 59106
പി. രാധാകൃഷ്ണൻ–ബിജെപി– 5450

<യ>ലോക്സഭ 2014

<യ>മഞ്ചേശ്വരം

ടി.സിദ്ദിക്ക്–കോൺഗ്രസ്–52459
കെ.സുരേന്ദ്രൻ–ബിജെപി–46631
പി.കരുണാകരൻ–സിപിഎം–29433

<യ>കാസർഗോഡ്

ടി.സിദ്ദിക്ക്–കോൺഗ്രസ്–54426
കെ.സുരേന്ദ്രൻ–ബിജെപി–41236
പി. കരുണാകരൻ–സിപിഎം–22827

<യ>ഉദുമ

ടി.സിദ്ദിക്ക്–കോൺഗ്രസ്–56291
പി.കരുണാകരൻ–സിപിഎം–55456
കെ.സുരേന്ദ്രൻ–ബിജെപി–34584

<യ>കാഞ്ഞങ്ങാട്

പി.കരുണാകരൻ–സിപിഎം–64669
ടി.സിദ്ദിക്ക്–കോൺഗ്രസ്–56954
കെ.സുരേന്ദ്രൻ–ബിജെപി–23578

<യ>തൃക്കരിപ്പൂർ

പി.കരുണാകരൻ–സിപിഎം–65452
ടി.സിദ്ദിക്ക്–കോൺഗ്രസ്–62001
കെ. സുരേന്ദ്രൻ–12990

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.