സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു പൊല്ലാപ്പിലായി സിപിഎം; മെല്ലെപ്പോയാൽ മതിയെന്നു യുഡിഎഫ്
സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചു പൊല്ലാപ്പിലായി സിപിഎം; മെല്ലെപ്പോയാൽ മതിയെന്നു യുഡിഎഫ്
തിരുവനന്തപുരം: സ്‌ഥാനാർഥികളെ മുൻകൂർ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു രംഗത്ത് മേൽക്കൈ നേടാനുള്ള സിപിഎമ്മിന്റെ ശ്രമം ഇത്തവണ തിരിച്ചടിയായി. സ്‌ഥാനാർഥികൾക്കെതിരേ പലയിടത്തും പ്രാദേശികമായി പടപ്പുറപ്പാടു തുടങ്ങി. സംസ്‌ഥാന നേ തൃത്വം ഇടപെട്ടു വടക്കാഞ്ചേരിയിൽ സ്‌ഥാനാർഥിയാക്കിയ നടി കെപിഎസി ലളിത മത്സരരംഗത്തുനിന്നു തന്നെ പിന്മാറി.

യുഡിഎഫും കോൺഗ്രസുമാകട്ടെ മെല്ലെപ്പോക്കിലാണ്. രണ്ടു മാസം മുമ്പേ സ്‌ഥാനാർഥിയെ പ്ര ഖ്യാപിച്ചാൽ നാമനിർദേശ പത്രിക നൽകാറാകുമ്പോൾ സ്‌ഥിതി എന്താകുമെന്ന് അവർക്കു നന്നായി അറിയാം. ഉഭയകക്ഷി ചർച്ചകളെന്ന പേരിൽ കോൺഗ്രസ് നേതാക്കളും ഘടകകക്ഷി നേതാക്കളും കെപിസിസി ഓഫീസിലും മറ്റും വെടിവട്ടം പറഞ്ഞിരിപ്പാണ്. അടുത്ത മാസം ആദ്യത്തോടെ സ്‌ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായാൽ മതിയെന്ന മട്ടിലാണു യുഡിഎഫ് ക്യാമ്പ്.

വടക്കാഞ്ചേരിയിൽ മാത്രമല്ല എൽഡിഎഫിൽ പ്രശ്നം. കൊല്ലത്ത് സ്‌ഥാനാർഥിപട്ടിക പലവട്ടം മാറി മറിഞ്ഞു. ഒടുവിൽ നടൻ മുകേഷിലെത്തി നിൽക്കുന്നു. ആറന്മുളയിൽ മാധ്യമപ്രവർത്തക വീണാ ജോർജിനെ സ്‌ഥാനാർഥിയാക്കുന്നതിനുള്ള നീക്കം പ്രവർത്തകർക്കു ദഹിച്ചിട്ടില്ല. പോസ്റ്ററിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രതിഷേധം പ്രകടിപ്പി ച്ചു കൊണ്ടിരിക്കുകയാണ് അവർ.

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ പേരാമ്പ്രയിൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി. രാമകൃഷ്ണനെതിരേയും പാർട്ടിക്കാർ പടപ്പുറപ്പാടിലാണ്. രാമകൃഷ്ണനെ പേരാമ്പ്രയ്ക്കു വേണ്ടെന്നു പറയുന്ന പോസ്റ്ററുകൾ മണ്ഡലത്തിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. തിരുവനന്തപുരത്ത് വർക്കലയിലും അരുവിക്കരയിലും പോസ്റ്റർ പ്രതിഷേധം അരങ്ങേറി.

തൃപ്പൂണിത്തുറയിൽ ജില്ലാ സെക്രട്ടറി പി. രാജീവിനെ സ്‌ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകൾ. രാജീവിനെ മത്സരിപ്പിക്കേണ്ടെന്നു സംസ്‌ഥാന നേതൃത്വം തീരുമാനിച്ചെങ്കിലും ഇതുവരെ സ്‌ഥാനാർഥിയായില്ല. കെ. ബാബുവിനെതിരേ പൊതുസമ്മതനെ കളത്തിലിറക്കുമെന്നു പരസ്യപ്രസ്താവനയോടെ പി. രാജീവിനു തന്നെ രംഗത്തു വരേണ്ടിവന്നു.

ഇതിനിടെ മഹാത്യാഗികളും രംഗത്തുവന്നു തുടങ്ങി. ഇനി ചാവേറാകാനില്ലെന്നു പറഞ്ഞ് ഉറച്ച സീറ്റിനായി ഫേസ്ബുക്കിലൂടെ ശ്രമം നടത്തിയ ചെറിയാൻ ഫിലിപ് ഇന്നലെ എംഎൽഎ ആകാനുള്ള യോഗം തനിക്കില്ലെന്നു തിരിച്ചറിവ് ഫേസ്ബുക്കിലൂടെ തന്നെ പ്രകടിപ്പിച്ചു. മോഹമുക്‌തനായ കോൺഗ്രസുകാരൻ എന്ന് ഒരിക്കൽ ഇ.എം.എസ് വിശേഷിപ്പിച്ച ചെറിയാൻ ഫിലിപ് ഇനി മോഹമുക്‌തനായ ഇടതുസഹയാത്രികനായി അറിയപ്പെടും.

മത്സരിക്കാനില്ലെന്നു പറഞ്ഞു രംഗത്തുവന്ന കോൺഗ്രസുകാരനായ ടി.എൻ. പ്രതാപന്റെ പ്രസ്താവന കണ്ടു ഞെട്ടിയതു മറ്റു പല കോൺഗ്രസുകാരുമാണ്. പ്രതാപന്റെ ത്യാഗം വി.എസ്. അച്യുതാനന്ദൻ കണ്ടുപഠിക്കണമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ മാധ്യമപ്രവർത്തകരോടു പറഞ്ഞപ്പോഴും എല്ലാവർക്കും ഓർമ വന്നത് കോൺഗ്രസിലെ നിരവധി നേതാക്കളുടെ മുഖമാണ്.

മൂന്നു തവണ എംഎൽഎ ആയ പ്രതാപൻ പിന്മാറുമ്പോൾ ആറും ഏഴും തവണ എംഎൽഎ ആയിട്ടും കളത്തിൽ സജീവമായി നിൽക്കുന്ന കോൺഗ്രസ് നേതാക്കൾ എങ്ങനെ ആശങ്കപ്പെടാതിരിക്കും. ഏതായാലും പ്രതാപന്റെ ത്യാഗം ആയുധമാക്കുന്നതു സുധീരനാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.