പ്രചാരണത്തിനു പിന്നണിയിൽ ഇവന്റ് മാനേജ്മെന്റ് സംഘത്തിന്റെ മുന്നേറ്റം
പ്രചാരണത്തിനു പിന്നണിയിൽ ഇവന്റ് മാനേജ്മെന്റ് സംഘത്തിന്റെ മുന്നേറ്റം
<യ>ഫ്രാങ്കോ ലൂയിസ്

തൃശൂർ: തെരഞ്ഞെടുപ്പു പ്രചാരണം കേമമാക്കാൻ കേരളത്തിലെ വമ്പൻ സ്റ്റേജ് ഷോകൾക്കു ചുക്കാൻ പിടിച്ച ഇവന്റ് മാനേജ്മെന്റ് സംഘം. സ്‌ഥാനാർഥി പ്രഖ്യാപനത്തിനു മുമ്പേ ഇവർ പണി തുടങ്ങി. സ്‌ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ചവർക്കു വേണ്ടിയുള്ള പ്രാഥമിക റൗണ്ട് പ്രചാരണവും തുടർപ്രചാരണങ്ങളുടെ ആസൂത്രണവും ആരംഭിച്ചു കഴിഞ്ഞു.

ഇവർക്കു രാഷ്ട്രീയമില്ല, കൊടിനിറ പ്രേമവുമില്ല. ഏതു രാഷ്ട്രീയ കക്ഷിയുടെ സ്‌ഥാനാർഥിയായാലും പ്രചാരണ ചുമതല ഏറ്റെടുക്കും. തങ്ങളെ ചുമതലയേൽപ്പിക്കുന്ന സ്‌ഥാനാർഥിയുടെ വിജയം ഉറപ്പാക്കുന്ന പ്രചാരണതന്ത്രം ഒരുക്കുകയും നടപ്പാക്കുകയും ചെയ്യുന്ന പ്രഫഷണലുകളാണിവർ. ബുദ്ധിപരമായ ഇടപെടലുകളും ആസൂത്രണവും മുതൽ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങൾ ചിട്ടയായി നടപ്പാക്കുകയാണിവർ.

വിവിധ രാഷ്ട്രീയ കക്ഷി സ്‌ഥാനാർഥികളുടെ പ്രചാരണ ദൗത്യം വിജയകരമാക്കിയതിന്റെ പാരമ്പര്യവുമായാണു തൃശൂർ ആസ്‌ഥാനമായുള്ള ഓസ്കാർ ഇവന്റ് മാനേജുമെന്റ് ടീമിനെ നേതാക്കൾ സമീപിക്കുന്നത്.

“കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ സംസ്‌ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഓസ്കാറിന്റെ ആസൂത്രണ, പ്രചാരണ തന്ത്രങ്ങൾ ഫലിച്ചിരുന്നു. ഇതു ബോധ്യപ്പെട്ടു ഞങ്ങളെ സമീപിച്ച ഏതാനും ചിലരുടെ പ്രചാരണ ചുമതല ഏറ്റെടുത്തിട്ടുണ്ട്. മറ്റു ചിലരുമായി ചർച്ച നടക്കുന്നു. ആരുടെയും പേരുകൾ പരസ്യമാക്കില്ല. തെരഞ്ഞെടുപ്പു പ്രചാരണ ചുമതലകൾ ഏറ്റെടുക്കുന്നതിനു വിദഗ്ധർ അടങ്ങുന്ന സ്പെഷൽ ടീമിനെത്തന്നെ ഞങ്ങൾ സജ്‌ജമാക്കിയിട്ടുണ്ട്.’ ഓസ്കാർ ടീമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ പി.എസ്. ജനീഷ് പറഞ്ഞു.

“അമ്പതു ശതമാനം വോട്ടർമാരും നിഷ്പക്ഷരാണ്. അവർക്കു രാഷ്ട്രീയമില്ല. ഇവർ ഉറ്റുനോക്കുന്നതു മത്സരിക്കുന്നയാൾ തങ്ങൾക്കുവേണ്ടി എന്തു ചെയ്യും, നാടിന്റെ വികസനത്തിനായി എന്തു ചെയ്യുമെന്നാണ്. നല്ല കാര്യങ്ങൾ ചെയ്യുമെന്നു ബോധ്യപ്പെട്ടാൽ അനുകൂലമായി വോട്ടു ചെയ്യുന്നവരാണ് അവർ. ഇക്കൂട്ടരുടെ വിശ്വാസ്യത നേടാനും വോട്ട് സ്വന്തമാക്കാനും വെറും രാഷ്ട്രീയ പ്രചാരണവേലകൊണ്ടു മാത്രം കഴിയില്ല. ഇക്കാര്യം ബോധ്യപ്പെട്ടതുകൊണ്ടാണു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ ഓസ്കാറിനെ ചുമതലകൾ ഏൽപ്പിച്ചത്.’ തൃശൂരിൽ ലുലു കൺവൻഷൻ സെന്ററിനു തൊട്ടരികിലുള്ള ഓസ്കാറിന്റെ ഓഫീസിലെ കംപ്യൂട്ടറുകളിൽ ഡിസൈനർമാർക്കു മാർഗനിർദേശം നൽകുന്നതിനിടെ ജനീഷ് വിശദീകരിച്ചു.

നാടിന്റെ വികസനത്തിനായി തങ്ങൾക്കുള്ള ദർശനം എന്താണെന്നു പ്രകടമാക്കുന്ന വളരെ ഹ്രസ്വവും ആകർഷകവുമായ മൾട്ടിമീഡിയ ഡോക്യുമെന്ററികൾ വരെ സജ്‌ജമാക്കിയാണു തെരഞ്ഞെടുപ്പു പ്രചാരണം ഇവന്റ് മാനേജുമെന്റ് ടീം കൊഴുപ്പിക്കുന്നത്. ഇത്തരം പുതുവിദ്യകൾ പയറ്റാത്ത സ്‌ഥാനാർഥികൾ പ്രചാരണ വേലിയേറ്റത്തിൽ മുങ്ങിപ്പോകും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു നടന്നപ്പോൾ നവ സാമൂഹ്യ മാധ്യമങ്ങൾ പ്രചാരത്തിലാകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ പ്രാഥമിക റൗണ്ടിൽ ഫേസ്ബുക്ക്, വാട്സ് ആപ് തുടങ്ങിയ നവ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണു പ്രചാരണത്തിനു തുടക്കമിട്ടിരിക്കുന്നത്. സ്‌ഥാനാർഥിത്വം പ്രഖ്യാപിക്കാത്തതിനാൽ സ്‌ഥാനാർഥിയാണെന്നു തോന്നാത്ത വിധത്തിലും സാമൂഹ്യ പ്രശ്നങ്ങളിൽ ജനപക്ഷത്തു നിൽക്കുന്ന ജനകീയ നേതാവെന്നു ബോധ്യപ്പെടുത്തിക്കൊണ്ടുമുള്ള പ്രചാരണമാണ് ഇപ്പോൾ നടത്തുന്നത്. നവ സാമൂഹ്യ മാധ്യങ്ങളിലൂടെയുള്ള പ്രചാരണത്തിനു വളരെ പ്രാധാന്യമുണ്ട്. ഓസ്കാർ ഇവന്റ് മാനേജ്മെന്റ് സാരഥി പി.എസ്. ജനീഷ് ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പു വേളയിൽ പ്രചാരണ ചുമതലകൾ നിർവഹിക്കുന്ന മുന്നണി തെരഞ്ഞെടുപ്പു കമ്മിറ്റികൾക്കു പിറകിൽനിന്നുകൊണ്ടാണ് ഇവന്റ് മാനേജുമെന്റ് ടീമുകളുടെ പ്രവർത്തനം. കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പതിവു മുറയ്ക്കു പ്രചാരണ വേലകൾ നടത്തും. പോസ്റ്ററുകൾ ഒട്ടിക്കുക, പ്രധാന സ്‌ഥലങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്‌ഥാപിക്കുക, അഭ്യർഥന അടക്കമുള്ള നോട്ടീസുകൾ വിതരണം ചെയ്യുക, വീടു കയറിയിറങ്ങി വോട്ടർ പട്ടികയിൽ എല്ലാവരുടേയും പേരുണ്ടെന്ന് ഉറപ്പാക്കുക, വോട്ടർ നമ്പരുള്ള സ്ലിപ്പുകൾ വിതരണം ചെയ്യുക തുടങ്ങിയ ജോലികൾ എല്ലാ പ്രമുഖ പാർട്ടികളുടേയും പ്രവർത്തകർതന്നെയാണു നിർവഹിക്കുക.

എന്നാൽ ഇക്കാര്യങ്ങളെല്ലാം മികവോടെ നടക്കുന്നില്ലേയെന്ന് ഉറപ്പാക്കുകയും വീഴ്ചയുള്ള മേഖലകളിൽ അതു പരിഹരിക്കുകയും ചെയ്യുകയാണ് ഇവന്റ് മാനേജ്മെന്റ് സംഘം. ഇങ്ങനെയൊരു സംഘം പിന്നണി പ്രവർത്തനം നടത്തുന്നുണ്ടെന്നു പാർട്ടി പ്രവർത്തകർ പോലും അറിയില്ല.

പ്രമുഖ ടെക്സ്റ്റൈൽ ഷോറൂം ഗ്രൂപ്പിനുവേണ്ടി ഷാരൂഖ് ഖാനെ കൊച്ചിയിലെ ഇടപ്പള്ളിയിൽ എത്തിച്ചു വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മെഗാ പ്രോഗ്രാം ചെയ്തു പാരമ്പര്യമുള്ള ഓസ്കാർ, തൃശൂരിൽ ഗിന്നസ് റിക്കാർഡ് കുറിച്ച ക്രിസ്മസ് പാപ്പമാരുടെ സംഗമം അടക്കമുള്ള വമ്പൻ പരിപാടികളുടെ പിന്നണി പ്രവർത്തകരാണ്. ദുബായിയിലും ഓസ്കാറിന് ഓഫീസുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.