മനസ് തുറക്കാതെ ഇടുക്കി
മനസ് തുറക്കാതെ ഇടുക്കി
<യ>ജോൺസൺ വേങ്ങത്തടം

പട്ടയപ്രശ്നം മുതൽ കാർഷികോത്പന്നങ്ങളുടെ വിലയിടിവും വികസന വിലാപവുമെല്ലാം എക്കാലവും ഇടുക്കിയിലെ തെരഞ്ഞെടുപ്പു വിഷയങ്ങളാണ്. സാമുദായിക കണക്കെടുപ്പുകളും തമിഴ് വംശജരുടെ സാന്നിധ്യവും പൊമ്പിളൈ ഒരുമയുടെ ശക്‌തിയുമൊക്കെ രാഷ്ട്രീയകക്ഷികളെ അലട്ടുന്നുണ്ട്.

ചരിത്രം പരിശോധിക്കുമ്പോൾ വലതിനാണു മുൻതൂക്കമെങ്കിലും സമീപകാല തെരഞ്ഞെടുപ്പുകൾ ഇടതിനു പ്രതീക്ഷയേകുന്നതാണ്. നിലവിൽ കോൺഗ്രസിന് എംഎൽഎമാരില്ലാത്ത ജില്ലയാണ് ഇടുക്കി. അതേസമയം, അധികാരത്തിൽ പങ്കാളികളായ കേരള കോൺഗ്രസിനു രണ്ട് സീറ്റും പ്രതിപക്ഷത്തെ സിപിഎമ്മിനു രണ്ട് സീറ്റും സിപിഐക്ക് ഒരു സീറ്റും ലഭിച്ചു. ഒരുകാലത്ത് യുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്നു ഇടുക്കി.

മൂന്നു സിറ്റിംഗ് എംഎൽഎമാർ വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായി. തൊടുപുഴയിൽ മന്ത്രി പി.ജെ. ജോസഫും ഇടുക്കിയിൽ റോഷി അഗസ്റ്റിനും പീരുമേട്ടിൽ ഇ.എസ്. ബിജിമോളും. സിപിഎം ജില്ലാ സെക്രട്ടറിയായതിനാൽ ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രൻ ഉണ്ടാകില്ല. ദേവികുളത്ത് രണ്ടു ടേം കഴിയുന്ന എസ്. രാജേന്ദ്രനു പകരക്കാരനെ തേടുകയാണ് സിപിഎമ്മെന്നും സൂചനയുണ്ട്.

ജില്ലയിൽ ശക്‌തരായിരുന്ന കേരളാ കോൺഗ്രസ്–എമ്മിൽ ഒരു വിഭാഗം മുന്നണി വിട്ടതോടെ ചിത്രം ഇനിയും തെളിയേണ്ടതുണ്ട്. തൊടുപുഴയിൽ കഴിഞ്ഞ തവണ എൽഡിഎഫിലെ ജോസഫ് അഗസ്റ്റിനെതിരേ 22,868 വോട്ടിനാണ് പി.ജെ. ജോസഫ് ജയിച്ചത്. തൊടുപുഴ നഗരസഭയ്ക്കു പുറമെ ഇടവെട്ടി, കരിങ്കുന്നം, പുറപ്പുഴ, മണക്കാട്, കോടിക്കുളം, വണ്ണപ്പുറം, വെള്ളിയാമറ്റം, ആലക്കോട്, മുട്ടം, ഉടുമ്പന്നൂർ, കരിമണ്ണൂർ, കുമാരമംഗലം പഞ്ചായത്തുകളാണ് മണ്ഡലത്തിൽ വരുന്നത്.

ഇടുക്കിയിൽ റോഷി അഗസ്റ്റിൻ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഇവിടെ ഫ്രാൻസിസ് ജോർജിന്റെ പേര് അന്തരീക്ഷത്തിലുണ്ട്. വാത്തിക്കുടി, മരിയാപുരം, കൊന്നത്തടി, കട്ടപ്പന, കാഞ്ചിയാർ, കാമാക്ഷി, വാഴത്തോപ്പ്, കുടയത്തൂർ, അറക്കുളം, ഇടുക്കി, കഞ്ഞിക്കുഴി എന്നീ പത്തു പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

ഇ.എസ്. ബിജിമോൾ കഴിഞ്ഞ വട്ടം 4,777 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു കോൺഗ്രസിലെ ഇ.എം. ആഗസ്തിയെ പരാജയപ്പെടുത്തിയത്. ഉപ്പുതറ, കൊക്കയാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ, കുമളി, പീരുമേട്, പെരുവന്താനം, അയ്യപ്പൻകോവിൽ, ചക്കുപള്ളം പഞ്ചായത്തുകളാണു പീരുമേട് മണ്ഡലത്തിലുള്ളത്.

പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് എസ്. രാജേന്ദ്രനെ മാറ്റിയാൽ ആര് എന്നതു സിപിഎമ്മിനെ കുഴയ്ക്കുന്നു. 4,078 വോട്ടകൾക്കാണ് 2011ൽ എസ്.രാജേന്ദ്രൻ എ.കെ. മണിയെ പരാജയപ്പെടുത്തിയത്. പെമ്പിളൈ ഒരുമൈയുടെ പിന്തുണ കൂടി നേടാൻ പര്യാപ്തമായ ഒരു വനിതാ സ്‌ഥാനാർഥിയെയാണ് യുഡിഎഫ് തേടുന്നത്. ആദ്യ ട്രൈബൽ പഞ്ചായത്തായ ഇടമലക്കുടി ഈ മണ്ഡലത്തിലാണ്. ഇതോടൊപ്പം ചിന്നക്കനാൽ, ബൈസൺവാലി, വെള്ളത്തൂവൽ, മാങ്കുളം, മൂന്നാർ, പള്ളിവാസൽ, വട്ടവട, മറയൂർ, കാന്തല്ലൂർ എന്നീ പഞ്ചായത്തുകളും ഈ തമിഴ്വംശജർക്കു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഉൾപ്പെടുന്നു.

2001 മുതൽ ഉടുമ്പഞ്ചോലയിൽ ഹാട്രിക് ജയം നേടിയ കെ.കെ. ജയചന്ദ്രനു പകരക്കാരനെ കണ്ടെത്തൽ സിപിഎമ്മിന് അത്ര എളുപ്പമല്ല. 9,833 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയചന്ദ്രൻ കഴിഞ്ഞവട്ടം ജയിച്ചുകയറിയത്. പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണിക്കാണ് ആദ്യനറുക്കിനു സാധ്യത. എസ്എൻഡിപി സ്വാധീന മേഖലയായതിനാൽ ബിജെപി – വെളളാപ്പളളി കൂട്ടുകെട്ട് ശക്‌തമായാൽ മുന്നണികൾ പുതിയ തന്ത്രങ്ങൾ തേടേണ്ടിവരും. തദ്ദേശതെരഞ്ഞെടുപ്പിൽ സേനാപതി, രാജകുമാരി പഞ്ചായത്തുകളിൽ ഭരണം നഷ്‌ടപ്പെട്ടത് എൽഡിഎഫിന് അൽപ്പം ആശങ്ക നൽകുന്നുമുണ്ട*്. രാജകുമാരി, ശാന്തമ്പാറ, ഉടുമ്പഞ്ചോല, സേനാപതി, വണ്ടന്മേട്, പാമ്പാടുംപാറ, നെടുങ്കണ്ടം, കരുണാപുരം, ഇരട്ടയാർ, രാജാക്കാട്, എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് ഉടുമ്പഞ്ചോല നിയമസഭാ മണ്ഡലം.

തൊടുപുഴ, ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട് എന്നിവിടങ്ങളിലാണ് ബിഡിജെഎസിന്റെ സ്‌ഥാനാർഥികൾ മത്സര രംഗത്തേക്കു വരാനൊരുങ്ങുന്നത്. എന്നാൽ, തൊടുപുഴ വിട്ടുകൊടുക്കാൻ ബിജെപിക്കു മടിയുണ്ട്.

അണികളുടെ കടുത്ത അമർഷമാണ് ഇതിനു കാരണം. പെമ്പിളൈ ഒരുമൈയുടെ സാന്നിധ്യവും ഇടുക്കിയെ ശ്രദ്ധേയ മത്സരവേദിയാക്കുന്നു.

<യ>നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>ഇടുക്കി

റോഷി അഗസ്റ്റിൻ കേരള കോൺ. 65,734
സി.വി. വർഗീസ് സിപിഎം 49,928
സി. സി. കൃഷ്ണൻ ബിജെപി 3,013

<യ>പീരുമേട്

ഇ.എസ്. ബിജിമോൾ സിപിഐ 56,748
ഇ.എം. ആഗസ്തി കോൺ. 51,971
പി.പി.സാനു ബിജെപി 3,380

<യ>ഉടുമ്പഞ്ചോല

കെ.കെ. ജയചന്ദ്രൻ സിപിഎം 56,923
ജോസി സെബാസ്റ്റ്യൻ കോൺ 47,090
എൻ. നാരായണ രാജു ബിജെപി 3,836

<യ>ദേവികുളം

എസ്. രാജേന്ദ്രൻ സിപിഎം 51,849
എ.കെ. മണി കോൺഗ്രസ് 47,771
എസ്. രാജഗോപാൽ ബിജെപി 3,582

<യ>തൊടുപുഴ

പി.ജെ. ജോസഫ് കേരള കോൺഗ്രസ്66,325
ജോസഫ് അഗസ്റ്റിൻ എൽഡിഎഫ് 43,457
പി.എം. വേലായുധൻ ബിജെപി 10,049

<യ>ലോക്സഭ 2014

<യ>ഉടുമ്പഞ്ചോല

അഡ്വ. ജോയ്സ് ജോർജ്(സ്വത) 62,363
ഡീൻ കുര്യാക്കോസ് കോൺ 39,671
സാബു വർഗീസ് ബിജെപി 12,332

<യ>ഇടുക്കി

അഡ്വ. ജോയ്സ് ജോർജ് (സ്വത) 68,100
ഡീൻ കുര്യാക്കോസ് കോൺ 43,873
സാബു വർഗീസ് ബിജെപി 4,752

<യ>തൊടുപുഴ

അഡ്വ. ജോയ്സ് ജോർജ് (സ്വത) 51,288
ഡീൻ കുര്യാക്കോസ് കോൺ 54,321
സാബു വർഗീസ് ബിജെപി 12,332

<യ>പീരുമേട്

അഡ്വ. ജോയ്സ് ജോർജ് (സ്വത) 54,351
ഡീൻ കുര്യാക്കോസ് കോൺ 48,372
സാബു വർഗീസ് ബിജെപി 6,347

<യ>ദേവികുളം

അഡ്വ. ജോയ്സ് ജോർജ് (സ്വത) 53,647
ഡീൻ കുര്യാക്കോസ് കോൺഗ്രസ് 44,526
സാബു വർഗീസ് ബിജെപി 5,592

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.