കാസർഗോട്ട് വനിതകൾ പടിക്കു പുറത്ത്
കാസർഗോട്ട് വനിതകൾ പടിക്കു പുറത്ത്
കാസർഗോഡ്: പരസ്പരം പോരടിക്കുന്ന ഇടതു–വലതു മുന്നണികൾ കാസർഗോഡ് ജില്ലയിൽ ഒരു കാര്യത്തിൽ തുല്യരാണ്. സ്‌ഥാനാർഥിനിർണയത്തിൽ വനിതകളെ അവഗണിക്കുന്ന കാര്യത്തിൽ! കഴിഞ്ഞ 13 തവണത്തെ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇരുമുന്നണികളും ജില്ലയിലെ ഒരു മണ്ഡലത്തിലും വനിതാ സ്‌ഥാനാർഥികളെ പരിഗണിച്ചിട്ടുപോലുമില്ലെന്ന കാര്യം വ്യക്‌തമാകും . ഇത്തവണയും ഇതിൽ മാറ്റമില്ല. ഒരുപക്ഷേ കേരളത്തിലെ മറ്റൊരു ജില്ലയും വനിതകളെ ഇങ്ങനെ അവഗണിച്ചിട്ടുണ്ടാവില്ല. ജില്ലയിൽ വനിതാ വോട്ടർമാരാണ് ഏറ്റവും കൂടുതലുള്ളത്– 5,02,768, പുരുഷ വോട്ടർമാർ 4,73,755.

ജില്ലയിൽ പാർട്ടിയുടെ നിർണായക സ്‌ഥാനങ്ങളിലൊന്നും വനിതകൾ ഇല്ലാത്ത സാഹചര്യത്തിൽ ഒരിക്കലും ഒരു വനിതാ സ്‌ഥാനാർഥിയെ പരിഗണിക്കുമെന്നു കരുതാനാകില്ലെന്നു പ്രമുഖ വനിതാ രാഷ്ട്രീയ നേതാവ് പറഞ്ഞു. പാർട്ടി യോഗങ്ങളിൽ തങ്ങൾ ആവശ്യം ഉന്നയിക്കുമ്പോൾ ഇതു ചർച്ച ചെയ്യപ്പെടുക പോലുമില്ലെന്നും അവർ കൂട്ടിച്ചേർത്തു. യുഡിഎഫിനെയും എൽഡിഎഫിനെയും അപേക്ഷിച്ചു ബിജെപിയാണു ഭേദമെന്നു പറയേണ്ടിവരും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കു നിർണായക സ്വാധീനമുള്ള കാസർഗോഡ് മണ്ഡലത്തിൽ അവർ ജയലക്ഷ്മി എൻ. ഭട്ട് എന്ന വനിത സ്‌ഥാനാർഥിയെയാണു നിർത്തിയത്. ലീഗിന്റെ കുത്തക സീറ്റായ ഇവിടെ 43,330 വോട്ട് നേടി രണ്ടാം സ്‌ഥാനത്തെത്താൻ ഇവർക്കായി. യാതൊരു പ്രതീക്ഷയുമില്ലാത്ത സീറ്റാണെങ്കിലും ഉദുമയിലും വനിതാ സ്‌ഥാനാർഥിയെ അവർ നിർത്തിയിരുന്നു. ഇവിടെ മത്സരിച്ച സുനിത പ്രശാന്ത് 13,073 വോട്ടാണ് നേടിയത്.

കഴിവുള്ളവരുടെ അഭാവമല്ല വനിതാ സ്‌ഥാനാർഥികളെ പരിഗണിക്കാൻ തടസമായി നിൽക്കുന്നതെന്ന സത്യം എല്ലാവരും അംഗീകരിക്കുന്നതാണ്. ജില്ലാ പഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും മികച്ച ഭരണം കാഴ്ചവച്ച ചരിത്രം ജില്ലയിലെ വനിതാ ഭരണാധികാരികൾക്കുണ്ട്. എന്നാൽ, വനിതാ സംവരണം നടപ്പിലാകാതെ ജില്ലയിൽനിന്ന് ഒരു വനിത നിയമസഭയിലെത്താൻ യാതൊരു സാധ്യതയുമില്ലെന്നാണു വനിതാ നേതാക്കൾ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.