യുദ്ധം ഇപ്പോഴും പോസ്റ്ററിൽത്തന്നെ!
യുദ്ധം ഇപ്പോഴും പോസ്റ്ററിൽത്തന്നെ!
വാട്ട്സ് ആപ്പും ഫേസ്ബുക്കും ട്വിറ്ററും എല്ലാം വന്നിട്ടും തെരഞ്ഞെടുപ്പിന്റെ ശരിക്കുള്ള യുദ്ധം ഇപ്പോഴും അരങ്ങേറുന്നത് പോസ്റ്ററിലും ബാനറിലും. ഈ തെരഞ്ഞെടുപ്പു കാലത്തും അതിനു മാറ്റമില്ല. സ്‌ഥാനാർഥികളെ സ്വാഗതം ചെയ്യാനും അവരെ തുരത്താനും പോസ്റ്റർതന്നെ വേണം. ഇന്നലെ കേരളത്തിൽ ചർച്ചയായ മൂന്നു പോസ്റ്റർ പ്രതിഷേധങ്ങൾ ഇതാ. കായംകുളത്തും തൃപ്പൂണിത്തുറയിലും വടക്കാഞ്ചേരിയിലുമായിരുന്നു ഇന്നലത്തെ പോസ്റ്റർ പ്രതിഷേധം.

<യ>കെപിഎസി ലളിതയ്ക്കെതിരേ വീണ്ടും പോസ്റ്ററുകൾ

വടക്കാഞ്ചേരി: എൽഡിഎഫ് സ്‌ഥാനാർഥിയായി പരിഗണിക്കപ്പെടുന്ന നടി കെപിഎസി ലളിതയ്ക്കെതിരേ ഇന്നലെ വീണ്ടും വടക്കാഞ്ചേരിയിൽ പോസ്റ്ററുകൾ. തെക്കുംകര ഭാഗത്താണ് ഇന്നലെ പുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ച അച്ചടിച്ച പോസ്റ്ററുകളാണു പതിച്ചതെങ്കിൽ ഇന്നലെ പതിച്ചതു ഫ്ളൂറസന്റ് പേപ്പറിൽ കൈകൊണ്ടെഴുതിയ പോസ്റ്ററുകളാണ്. കെപിഎസി ലളിതയെ മാറ്റുക, സേവ്യർ ചിറ്റിലപ്പിള്ളിയെ വിളിക്കുക, വടക്കാഞ്ചേരിയെ രക്ഷിക്കുക എന്നാണു പോസ്റ്ററിൽ എഴുതിയിട്ടുള്ളത്.

ബുധനാഴ്ച ഒട്ടിച്ച പോസ്റ്റർ എൽഡിഎഫിന്റെ പേരിലായിരുന്നുവെങ്കിൽ ഇന്നലെ ഒട്ടിച്ച പോസ്റ്ററിൽ ആരുടെയും പേരുകളില്ല. ഇന്നലെ പുലർച്ചെ പോസ്റ്ററുകൾ ശ്രദ്ധയിൽപ്പെട്ട ഉടൻ എൽഡിഎഫ് പ്രവർത്തകർ ഇതു കീറിക്കളഞ്ഞു.

വടക്കാഞ്ചേരിയിലെ എൽഡിഎഫ് സ്‌ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയായിരിക്കുമെന്നു നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും സാധ്യതാ പട്ടികയിൽ ലളിത ഇടംപിടിക്കുകയായിരുന്നു. സേവ്യറിനുവേണ്ടിയും വടക്കാഞ്ചേരിയിൽ ഫ്ളെക്സുകൾ ഉയർന്നിട്ടുണ്ട്. വടക്കാഞ്ചേരിയുടെ ജനനായകൻ സേവ്യർ ചിറ്റിലപ്പിള്ളിയാണ് എന്ന തലക്കെട്ടിൽ അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ സേവ്യറിന്റെ ചിത്രം ഉൾപ്പെടുത്തിയാണ് ഫ്ളെക്സ്. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം എന്നും ഫ്ളെക്സിലുണ്ട്.

<യ>കായംകുളത്ത് സിപിഎം സ്‌ഥാനാർഥിക്കെതിരേ പോസ്റ്റർ

കായംകുളം: കായംകുളത്ത് സിപിഎം ജില്ലാ കമ്മിറ്റി സ്‌ഥാനാർഥിയായി നിർദേശിക്കപ്പെട്ട രജനി ജയദേവിനെതിരേ പോസ്റ്റർ. സിപിഎമ്മിനെ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് അടിയറ വയ്ക്കരുതെന്നും എൽഡിഎഫ് സ്‌ഥാനാർഥി നിർണയം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടുന്ന പോസ്റ്ററിൽ ജി. സുധാകരനെതിരെയും വിമർശനമുണ്ട്. പാർട്ടിക്കും ജനങ്ങൾക്കും അറിയാത്ത രജനിയെ എന്തടിസ്‌ഥാനത്തിലാണ് സ്‌ഥാനാർഥിയാക്കിയതെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുക, കായംകുളം മണ്ഡലം നഷ്‌ടപ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിക്കുക, പാർട്ടിയെ ഹൈജാക്ക് ചെയ്തു വിറ്റു കാശാക്കാനുള്ള സുധാകരന്റെ നടപടി അവസാനിപ്പിക്കുക എന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

അമ്പലപ്പുഴയിൽ ജി. സുധാകരനു വിജയിക്കാൻ വേണ്ടി വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി ബിഡിജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധുവായ രജനി പാറക്കടവിനെ സ്‌ഥാനാർഥിയാക്കുകയായിരുന്നുവെന്ന ആരോപണവും പോസ്റ്ററിലുണ്ട്. പോസ്റ്ററിലൂടെയുള്ള വിമർശനം കൂടാതെ സോഷ്യൽ മീഡിയയിലും സ്‌ഥാനാർഥി നിർണയത്തെ ചൊല്ലി സിപിഎം അനുഭാവികൾ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്

<യ>പി. രാജീവിനെ സ്‌ഥാനാർഥി ആക്കണമെന്നു പോസ്റ്റർ

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്‌ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ടു പോസ്റ്ററുകൾ.

സിപിഎം അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലുള്ള പോസ്റ്ററുകൾ ഇടക്കൊച്ചി അക്വിനാസ് കോളജിന് എതിർവശത്തു പാലത്തിനടുത്തും ശിവക്ഷേത്രത്തിനു സമീപവും ഇടക്കൊച്ചി ബസ് സ്റ്റാൻഡ്, പണ്ഡിറ്റ് കറുപ്പൻ മെമ്മോറിയൽ വായനശാല പരിസരത്തും മറ്റുമാണു പതിച്ചിട്ടുള്ളത്.

തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ യശസ് ഉയർത്താൻ പി. രാജീവിനെ സാരഥിയാക്കുക, അഴിമതി ഭരണത്തിൽനിന്നു തൃപ്പൂണിത്തുറയെ രക്ഷിക്കാൻ പി. രാജീവിനെ സാരഥിയാക്കുക എന്നീ ആവശ്യങ്ങളാണു പോസ്റ്ററിൽ ഉന്നയിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിലെ ആദ്യഘട്ട സ്‌ഥാനാർഥി സാധ്യതാ പട്ടികയിൽ ഏറ്റവും ആദ്യം ഉയർന്നുകേട്ടത് പി. രാജീവിന്റെ പേരായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.