പത്തനംതിട്ടയുടെ മനം
പത്തനംതിട്ടയുടെ മനം
<യ>ബിജു കുര്യൻ

പത്തനംതിട്ട: യുഡിഎഫിന് എക്കാലവും കരുത്തു പകർന്നിരുന്ന ജില്ലയാണു പത്തനംതിട്ട. കേരളത്തിൽ എൽഡിഎഫ് തരംഗം വീശുമ്പോഴും പത്തനംതിട്ട അവർക്ക് ഒരുകാലത്തു ബാലികേറാമലയായിരുന്നു. എന്നാൽ, ഇന്ന് ആ സ്‌ഥിതിയൊക്കെ മാറിയെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ പറയുന്നു. കഴിഞ്ഞ തദ്ദേശസ്‌ഥാപന തെരഞ്ഞെടുപ്പിലാണ് ജില്ലയുടെ ഗ്രാമീണ മേഖലയിൽ അപ്രതീക്ഷിതമായ തിരിച്ചടി യുഡിഎഫിനുണ്ടായത്.

പടലപിണക്കവും സ്‌ഥാനാർഥിനിർണയത്തിലെ പോരായ്മകളുമൊക്കെ ചൂണ്ടിക്കാട്ടി ഗ്രാമപഞ്ചായത്തുകളുടെ ഭരണം നഷ്‌ടമായതിനെ യുഡിഎഫ് വിശദീകരിക്കുന്നു. ജില്ലാ പഞ്ചായത്തിലും നഗരസഭകളിലും നേടിയ വിജയത്തിന്റെ കണക്കെടുപ്പ് യുഡിഎഫിന്റെ ശക്‌തി ചോർന്നിട്ടില്ലെന്നു വ്യക്‌തമാക്കുന്നതാണെന്നും അവർ പറയുന്നത്. 2011ലെ തെരഞ്ഞെടുപ്പിൽ കൈവിട്ടുപോയ മണ്ഡലങ്ങൾപോലും തിരികെപ്പിടിക്കാമെന്ന പ്രതീക്ഷ യുഡിഎഫിനുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ജില്ലയിൽ പരിഭവങ്ങളുടെ കെട്ടഴിക്കലാണ്. 2006ലെ തെരഞ്ഞെടുപ്പുവരെ ഏഴ് മണ്ഡലങ്ങളും പന്തളം മണ്ഡലത്തിന്റെ ഭാഗിക പ്രദേശങ്ങളും ഉൾപ്പെടെ എട്ട് എംഎൽഎമാരെ തെരഞ്ഞെടുക്കാനുള്ള ഭാഗ്യം പത്തനംതിട്ടയ്ക്കുണ്ടായിരുന്നു. എന്നാൽ, 2010ലെ മണ്ഡല പുനർനിർണയത്തിലൂടെ പത്തനംതിട്ട, കല്ലൂപ്പാറ, പന്തളം മണ്ഡലങ്ങൾ ഇല്ലാതായി. ജില്ലാ ആസ്‌ഥാനമായ പത്തനംതിട്ടയുടെ പേരിൽപോലും മണ്ഡലമില്ല. കേരളത്തിൽ ജില്ലാ ആസ്‌ഥാനങ്ങളുടെപേരിൽ മണ്ഡലങ്ങളില്ലാത്തത് പത്തനംതിട്ടയിലും വയനാട്ടിലുമാണ്. രണ്ടിടത്തും ഓരോ ലോക്സഭാ മണ്ഡലങ്ങൾ നൽകിയപ്പോൾ അസംബ്ലി മണ്ഡലങ്ങൾക്കു മറ്റു പേരുകൾ നൽകി.

ആറന്മുള മണ്ഡലത്തിന്റെ പരിധിയിലാണ് ഇന്നു പത്തനംതിട്ട. അഞ്ച് മണ്ഡലങ്ങളുള്ളതിൽ അടൂർ പട്ടികജാതി സംവരണ മണ്ഡലമാണ്. മത്സരിക്കാൻ യോഗ്യതയുള്ള ജില്ലയിലെ നേതാക്കൾക്കുപോലും അടുത്തകാലത്തൊന്നും അതിനുള്ള അവസരം ലഭിക്കാത്ത സ്‌ഥിതിയാണ്.

പുനഃസംഘടനയോടെ കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലവും വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലവും പത്തനംതിട്ടയിലാണ്. ആറന്മുള മണ്ഡലത്തിലാണ് വോട്ടർമാർ കൂടുതൽ. ഇത്തവണ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 2,24,329 വോട്ടർമാരുണ്ട്. പത്തനംതിട്ടയിലെ അടൂർ, തിരുവല്ല മണ്ഡലങ്ങളിലും രണ്ടു ലക്ഷത്തിലധികം വോട്ടർമാരുണ്ട്. റാന്നി, കോന്നി വനം ഡിവിഷനുകൾ ഉൾപ്പെടുന്ന കോന്നി മണ്ഡലം വിസ്തൃതിയിൽ മുന്നിലാണ്. കോന്നിയിൽ 1,93,402 വോട്ടർമാരുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം യുഡിഎഫിന് അനുകൂലമായിരുന്നു. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫിലെ ആന്റോ ആന്റണി ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും വ്യക്‌തമായ ലീഡ് നേടി. ബിജെപി നേടിയ വോട്ടുകളാണ് ഇത്തവണ ഇരുമുന്നണികളെയും ചിന്തിപ്പിക്കുന്നത്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി അതിന്റെ ചരിത്രത്തിൽ പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിൽ കരുത്തു പ്രകടമാക്കിയത്. സംസ്‌ഥാന നേതാവ് എം.ടി. രമേശായിരുന്നു സ്‌ഥാനാർഥി. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ആറന്മുളയിലാണ്. അതുകൊണ്ടുതന്നെ നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ജില്ലയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്നതും ആറന്മുളയിലാണ്. എം.ടി. രമേശാണ് ആറന്മുളയിൽ സ്‌ഥാനാർഥി.

തദ്ദേശസ്‌ഥാപന തെരഞ്ഞെടുപ്പിലും ജില്ലയിൽ ബിജെപി ശക്‌തമായ പ്രകടനം കാഴ്ചവച്ചു. ചരിത്രത്തിൽ ആദ്യമായി രണ്ട് ഗ്രാമപഞ്ചായത്തുകളിൽ ഭരണം പിടിച്ചതു കൂടാതെ അരഡസനോളം ഗ്രാമപഞ്ചായത്തുകളിൽ അവർ നിർണായകവുമായി. നാല് പഞ്ചായത്തുകളിൽ ബിജെപിയെ അധികാരത്തിൽനിന്നു മാറ്റിനിർത്താൻ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് പരസ്യ നിലപാടുമെടുത്തു. ബ്ലോക്ക് പഞ്ചായത്തിലേക്ക് അക്കൗണ്ട് തുറന്നതും തിരുവല്ല നഗരസഭയിലടക്കം ശക്‌തമായ സാന്നിധ്യം അറിയിച്ചതും ബിജെപിയുടെ നേട്ടമാണ്. മിക്കവാറും എല്ലാ ഗ്രാമപഞ്ചായത്തുകളിലും ബിജെപിക്കു മെംബർമാരെ ലഭിച്ചു.

റബർ വിലയിടിവുതന്നെ പ്രധാന തെരഞ്ഞെടുപ്പു വിഷയമായി ഉയർന്നുവരാം. വികസനനേട്ടങ്ങൾ ഉയർത്തിക്കാട്ടി യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടും. കോന്നിയിലെ സർക്കാർ മെഡിക്കൽ കോളജ്, ടൂറിസം പദ്ധതികൾ, റോഡുവികസനം, ജില്ലാ സ്റ്റേഡിയത്തിന്റെ വികസനം, തിരുവല്ല കെഎസ്ആർടിസി ടെർമിനൽ, സർക്കാർ ആശുപത്രികളിലെ മെച്ചപ്പെട്ട സൗകര്യങ്ങൾ, മലയോര മേഖലയിലെ പട്ടയം, ശബരിമല വികസനം തുടങ്ങി യുഡിഎഫ് സർക്കാരിന്റേതായ നേട്ടങ്ങൾ എല്ലാ മണ്ഡലങ്ങളിലും പ്രചാരണായുധമാക്കിയേക്കും.

സിറ്റിംഗ് എംഎൽഎമാർ തന്നെ എല്ലാ മണ്ഡലങ്ങളിലും മത്സരരംഗത്തുണ്ടാകുമെന്നാണ് പ്രാഥമിക സൂചനകൾ. അതുകൊണ്ടുതന്നെ വികസനവിഷയങ്ങൾ മാറ്റിനിർത്തി ആരും പ്രചാരണത്തിനിറങ്ങുകയുമില്ല. അഴിമതി ആരോപണങ്ങളുടെ ശരങ്ങളും പത്തനംതിട്ടയിലേക്കുണ്ട്. സോളാർ കേസിലെ വഴിത്തിരിവായ ശ്രീധരൻനായരുടെ മൊഴി പത്തനംതിട്ട കോടതി മുഖേനയാണുണ്ടായത്. സരിതയുമായി ബന്ധപ്പെട്ട കേസുകൾ പത്തനംതിട്ട, റാന്നി, തിരുവല്ല കോടതികളിലുണ്ട്. റവന്യുമന്ത്രി അടൂർ പ്രകാശിന്റെ സിറ്റിംഗ് മണ്ഡലമെന്ന നിലയിൽ കോന്നിയിലെ മത്സരവും ശ്രദ്ധേയമാകും.

<യ>നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>ആറന്മുള

അഡ്വ. കെ. ശിവദാസൻ നായർ,
കോൺഗ്രസ് – 64,845
കെ.സി. രാജഗോപാലൻ, സിപിഎം–58,344
കെ. ഹരിദാസ്, ബിജെപി – 10,227

<യ>കോന്നി

അഡ്വ. അടൂർ പ്രകാശ്, കോൺഗ്രസ്–65,724
എം.എസ്. രാജേന്ദ്രൻ, സിപിഎം – 57,950
വി.എസ്. ഹരീഷ് ചന്ദ്രൻ, ബിജെപി–5,994

<യ>റാന്നി

രാജു ഏബ്രഹാം, സിപിഎം –58,391
അഡ്വ. ഫിലിപ്പോസ് തോമസ്,
കോൺഗ്രസ് – 51,777
സുരേഷ് കാദംബരി, ബിജെപി – 7,442

<യ>തിരുവല്ല

അഡ്വ. മാത്യു ടി.തോമസ്,
ജനതാദൾ– എസ് – 63,289
വിക്ടർ ടി.തോമസ്,
കേരള കോൺഗ്രസ്– എം – 52,522
രാജൻ മൂലവീട്ടിൽ, ബിജെപി – 7,656

<യ>അടൂർ

ചിറ്റയം ഗോപകുമാർ, സിപിഐ – 63,501
പന്തളം സുധാകരൻ, കോൺഗ്രസ്–62,894
കെ.കെ. ശശി, ബിജെപി –6210

<യ>ലോക്സഭ 2014

<യ>ആറന്മുള

ആന്റോ ആന്റണി, കോൺഗ്രസ് – 58,826
അഡ്വ.ഫിലിപ്പോസ് തോമസ്,
എൽഡിഎഫ് സ്വത. –47,477
എം.ടി. രമേശ്, ബിജെപി –23,771

<യ>കോന്നി

ആന്റോ ആന്റണി, കോൺഗ്രസ് –53,480
ഫിലിപ്പോസ് തോമസ്,
എൽഡിഎഫ് സ്വത. –45,384
എം.ടി. രമേശ്, ബിജെപി –18,222

<യ>റാന്നി

ആന്റോ ആന്റണി, കോൺഗ്രസ് –48,909
ഫിലിപ്പോസ് തോമസ്,
എൽഡിഎഫ് സ്വത. –39,818
എം.ടി. രമേശ്, ബിജെപി–18,531

<യ>തിരുവല്ല

ആന്റോ ആന്റണി, കോൺഗ്രസ് –55,701
ഫിലിപ്പോസ് തോമസ്,
എൽഡിഎഫ് സ്വത. –42,420
എം.ടി. രമേശ്, ബിജെപി –19,526

<യ>അടൂർ

ആന്റോ ആന്റണി, കോൺഗ്രസ് –52,312
അഡ്വ.ഫിലിപ്പോസ് തോമസ്,
എൽഡിഎഫ് സ്വത. –50,354
എം.ടി. രമേശ്, ബിജെപി –22,796

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.