ഹൈടെക് പ്രചാരണത്തിനായി വാർ റൂമുകൾ ഒരുങ്ങുന്നു
ഹൈടെക് പ്രചാരണത്തിനായി വാർ റൂമുകൾ ഒരുങ്ങുന്നു
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്കും സ്‌ഥാനാർഥികൾക്കും വേണ്ടി ഹൈടെക് പ്രചാരണം നടത്തുന്നതിനായി വാർ റൂമുകൾ ഒരുങ്ങുന്നു.

ബിഹാറിൽ നിതീഷ്കുമാറിന്റെ വിജയത്തിനു ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോറിന്റെ ഐ–പാക്കുമായി (ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി) കേരളത്തിൽ സഹകരിച്ചു പ്രവർത്തിക്കുന്ന ചാണക്യ സെന്റർ ഫോർ സോഷ്യൽ പ്ലാനിംഗ് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ഓഫ് ഇന്ത്യ എന്ന സ്‌ഥാപനമാണ് ഹൈടെക് പ്രചാരണം നടത്താൻ ഒരുക്കങ്ങൾ നടത്തുന്നത്. ചില പാർട്ടികളും സ്‌ഥാനാർഥികളുമായി ഇവർ കരാറായതായാണു സൂചന.

കണ്ണൂർ ജില്ലയിലെ അഴീക്കോട് മണ്ഡലത്തിൽ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിക്കു വേണ്ടി സ്‌ഥാനാർഥി നിർണയത്തിനായി ചാണക്യ സെന്ററിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസങ്ങളിൽ പ്രീ–സർവേ നടത്തിയിരുന്നു. കെ. സുധാകരൻ കണ്ണൂരിൽനിന്നു മാറി കാസർഗോഡ് ജില്ലയിലെ ഉദുമയിൽ മത്സരിക്കാൻ തീരുമാനിക്കുന്നതിനു മുമ്പ് അദ്ദേഹത്തിനായി കണ്ണൂരും ഉദുമയിലും ഇവർ സർവേ നടത്തിയിരുന്നു. കണ്ണൂരിനേക്കാൾ വിജയസാധ്യത ഉദുമയിലാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണത്രെ സുധാകരൻ അങ്ങോട്ടേക്കു മാറിയത്. കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷിനു വേണ്ടിയുള്ള പ്രചാരണം നടത്തിയതും ചാണക്യ സെന്ററായിരുന്നു. ഇവരുടെ നിർദേശങ്ങൾക്കനുസരിച്ചുള്ള പ്രചാരണത്തിൽ രാഗേഷിന് അട്ടിമറി വിജയം നേടാൻ സാധിച്ചു.

പുതിയ വോട്ടർപട്ടിക പ്രകാരം 15,000 യുവവോട്ടർമാർ വീതമാണ് ഓരോ മണ്ഡലത്തിലെയും പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. വിജയം തീരുമാനിക്കുന്നതിൽ ഇവർ നിർണായകമായതിനാൽ യുവവോട്ടർമാരെ ലക്ഷ്യംവച്ചാ ണു പ്രധാന പ്രചാരണങ്ങളെന്നു ചാണക്യസെന്ററിന്റെ പോൾ സ്ട്രാറ്റജിസ്റ്റ് ആദിൽ സാദിഖ് പറഞ്ഞു. പ്രചാരണം നടത്തുന്ന മണ്ഡലങ്ങളിൽ വാർ റൂം സ്‌ഥാപിക്കലാണു പ്രാഥമിക നടപടി. ഐടി വിദഗ്ധരാണ് ഇവിടെ ജോലി ചെയ്യുന്നത്.

സ്‌ഥാനാർഥികൾക്കായി സോഷ്യൽമീഡിയയിലൂടെ ഡിജിറ്റൽ പ്രചാരണത്തിനു പുറമെ ഫേസ്ബുക്ക്, വാട്സ്ആപ്പ് കൂട്ടായ്മകൾ സജീവമാക്കുക, ദിനംപ്രതി സ്‌ഥാനാർഥികളുടെ പ്രചാരണ പരിപാടികൾ അവലോകനം ചെയ്യുക, സ്‌ഥാനാർഥികൾക്കെതിരേ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വാർത്തകൾ വരുമ്പോൾ അതിനെതിരേ കൗണ്ടർ വാർത്തകൾ നല്കുക തുടങ്ങിയവയാണ് വാർ റൂമിന്റെ ചുമതലകൾ. സ്‌ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ വാർ റൂമിന്റെ കീഴിൽ പ്രത്യേക റിസർച്ച് വിംഗും രൂപീകരിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ റിസർച്ച് വിംഗ് മേധാവിയായി പി.കെ. തൻവീറും പോളിസി അഡ്വൈസറായി നൗഷൻ കുഞ്ഞബ്ദുള്ളയും പ്രവർത്തി ക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.