പിടികൊടുക്കാതെ ആലപ്പുഴ
പിടികൊടുക്കാതെ ആലപ്പുഴ
<യ>വി.എസ്. ഉമേഷ്

പ്രമുഖരുടെ ഉദയവും പതനവും കണ്ട ജില്ല, ചെറുകക്ഷികൾ പോലും വിജയക്കൊടി പാറിച്ചയിടം, ഇടതിനും വലതിനുമൊപ്പം ചാഞ്ഞും ചരിഞ്ഞും നിന്ന പ്രദേശം– കിഴക്കിന്റെ വെനീസിന്റെ രാഷ്ട്രീയ ചരിത്രത്തെ ചുരുക്കി വേണമെങ്കിൽ ഇങ്ങനെ പറയാം. വിപ്ലവവീര്യം പതഞ്ഞൊഴുകിയ ആലപ്പുഴ പിന്നീടു പലവട്ടം മാറിമറിഞ്ഞു.

നിലവിലെ നിയമസഭയിൽ ആലപ്പുഴയിൽനിന്ന് എൽഡിഎഫിനായിരുന്നു മേൽക്കൈ. ഒമ്പതിൽ ഏഴ്. അതിൽത്തന്നെ ആറും സിപിഎമ്മിനായിരുന്നു. ഒന്നു സിപിഐക്കും. എന്നാൽ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആകെ മാറി. കായംകുളം ഒഴികെ എട്ടിലും യുഡിഎഫ് മേധാവിത്വം. പക്ഷേ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വീണ്ടും ചുവപ്പൻകാറ്റ്. 73 പഞ്ചായത്തിൽ 47ഉം എൽഡിഎഫ് നേടി. ജില്ലാ പഞ്ചായത്തിലെ 23ൽ 16 ഡിവിഷനും അവർ കൈപ്പിടിയിലൊതുക്കി. ബ്ലോക്ക് പഞ്ചായത്തിലാകട്ടെ 12ൽ ഒമ്പതും എൽഡിഎഫിനായിരുന്നു. നഗരസഭകളിൽ ആറിൽ നാലും പിടിച്ചെടുത്തതു മാത്രമായിരുന്നു യുഡിഎഫിന്റെ ഏക ആശ്വാസം.

കയർതൊഴിലാളികളും കർഷകരും മത്സ്യത്തൊഴിലാളികളുമടക്കം നിർണായകമാകുന്ന ജില്ലയാണ് ആലപ്പുഴ. ജില്ലയിൽ ഒരു പഞ്ചായത്ത് പിടിച്ചെടുത്തു തീർത്തും തഴയപ്പെടേണ്ടവരല്ല എന്ന സൂചനയുമായി ബിജെപിയും രംഗത്തുണ്ട്. ബിഡിജെഎസിന്റെയും ജെഎസ്എസ് രാജൻബാബു വിഭാഗത്തിന്റെയും പിന്തുണയിലാണ് ഇവരുടെ പ്രതീക്ഷ. എൽഡിഎഫിൽ പ്രധാനമായും സിപിഎമ്മും സിപിഐയും എൻസിപിയുമാണ് മത്സരിക്കുന്നത്. മാറിയ സാഹചര്യത്തിൽ ജെഎസ്എസ് ഗൗരിയമ്മ വിഭാഗവും ഫ്രാൻസിസ് ജോർജ് നേതൃത്വം നല്കുന്ന കേരളകോൺഗ്രസിന്റെ വിഭാഗവും സീറ്റിനായി രംഗത്തുവരാനിടയുണ്ട്. കോൺഗ്രസിലാകട്ടെ കോൺഗ്രസും കേരള കോൺഗ്രസും കൂടാതെ ജെഡിയു വും ലീഗും സീറ്റിനായുള്ള ഓട്ടത്തിലുണ്ട്.

ജെഎസ്എസ് പല കഷണങ്ങളായതും ആർഎസ്പി യുഡിഎഫിലെത്തിയതും ഒരു വിഭാഗം ഭിന്നിച്ചതും ബിഡിജെഎസ് എന്നൊരു പാർട്ടി കണിച്ചുകുളങ്ങരയിൽ നിന്നുള്ള നേതൃത്വത്തിൽ ഉദയംകൊണ്ടതുമാണ് രാഷ്ട്രീയരംഗത്ത് ആലപ്പുഴയിലുണ്ടായ പുതുമകൾ. ബിഡിജെഎസ് ഏറെ പ്രതീക്ഷ പുലർത്തുന്ന ജില്ലയാണ് ആലപ്പുഴ. ഈഴവനേതൃത്വത്തിൽ പാർട്ടി വന്നത് ഇടതുവോട്ടുകൾ ചോർത്തുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. എന്നാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുമൊത്തുനിന്ന ബിഡിജെഎസിനു കാര്യമായ ചലനം ഉണ്ടാക്കാനായില്ല. എങ്കിലും പഞ്ചായത്തുകളിലൊരെണ്ണം കൈക്കലാക്കിയ ചെങ്ങന്നൂരിലും സമീപമണ്ഡലങ്ങളായ കായംകുളത്തും മാവേലിക്കരയിലും തുടങ്ങി ഇങ്ങേത്തലയ്ക്കൽ ചേർത്തലയിലും അരൂരിലുമടക്കം പയറ്റിനോക്കാനാണ് ബിജെപി–ബിഡിജെഎസ് അണിയറ നീക്കം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് എൽഡിഎഫിന്റെ പാളയത്തിലായിരുന്ന ആർഎസ്പി സർക്കാർ കാലാവധി അവസാനിക്കുമ്പോഴേക്കും യുഡിഎഫിലെത്തി. എന്നാൽ, അവരിലും അവസാന കാലയളവിൽ പിളർപ്പുണ്ടായി. ആർഎസ്പിയുടെ സ്വാധീനമുണ്ടെങ്കിലും കൊല്ലത്തെയത്ര വരില്ലെന്നാണ് കണക്കുകൂട്ടൽ. കെ.ആർ. ഗൗരിയമ്മ നേതൃത്വം നല്കുന്ന ജെഎസ്എസിന്റെ പിളർപ്പ് പാർട്ടിയെത്തന്നെ ഒന്നുമല്ലാതാക്കി. നേതാക്കളായവരെല്ലാം ജെഎസ്എസിനെ ഓരോ പാർട്ടിയാക്കി. ഒടുവിൽ രാജൻബാബു വിഭാഗത്തിലെ കെ.കെ. ഷാജുവടക്കം കോൺഗ്രസിലേക്കു നീങ്ങുകയാണ്. ഗൗരിയമ്മയാകട്ടെ സിപിഎമ്മിലേക്ക് എന്നുപറഞ്ഞ് മുന്നേറി ഒടുവിൽ ഇടതുപക്ഷത്തെ ഒരുകക്ഷിയാകാനുള്ള ശ്രമത്തിലും. ഫ്രാൻസിസ് ജോർജിനൊപ്പം കേരള കോൺഗ്രസ്–എമ്മിൽ നിന്നിറങ്ങിയവരിൽ പ്രധാനിയായ ഡോ. കെ.സി. ജോസഫ് കുട്ടനാട്ടിൽനിന്നു മുമ്പ് ജനപ്രതിനിധിയായ വ്യക്‌തിയാണ്. കേരള കോൺഗ്രസ്–എമ്മിലെ പ്രശ്നങ്ങൾ കുട്ടനാട്ടിൽ പലേടങ്ങളിലും ഒരുവിഭാഗം പ്രവർത്തകരുടെ പാർട്ടിമാറലിനു കാരണമായി.

നിലവിൽ ജില്ലയിൽ നിന്നുള്ള എംഎൽഎമാരായ രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ്, ജി. സുധാകരൻ, ഡോ. തോമസ് ഐസക് തുടങ്ങിയവർ വീണ്ടും മത്സരരംഗത്തുണ്ടാകും. സിപിഐ ജില്ലാ സെക്രട്ടറി കൂടിയായ ചേർത്തല എംഎൽഎ പി. തിലോത്തമനും മത്സരിച്ചേക്കാം. ചെങ്ങന്നൂരിൽ ബിജെപി സ്‌ഥാനാർഥിയായി മുൻ സംസ്‌ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻപിള്ളയുടെ പേരും ഉയർന്നിട്ടുണ്ട്. എൻഎസ്എസിന്റെ പഴയ രാഷ്ട്രീയ മുഖമായ എൻഡിപിയും ജെഎസ്എസും കേരള കോൺഗ്രസ്–എമ്മും ജേക്കബ് വിഭാഗവും ആർഎസ്പിയുമടക്കം വിജയിച്ച ജില്ല കൂടിയാണിവിടം. വി.എസ്. അച്യുതാനന്ദനും ടി.വി. തോമസും കെ.ആർ. ഗൗരിയമ്മയും പി.കെ. വാസുദേവൻനായരും വയലാർ രവിയും സി.കെ. ചന്ദ്രപ്പനും ജി. സുധാകരനുമടക്കം പ്രമുഖർ മത്സരിച്ചു തോറ്റിട്ടുള്ള ദേശം കൂടിയാണ് ആലപ്പുഴ. അതിനാൽ പ്രവചനം അസാധ്യം.


<യ>ആലപ്പുഴ ജില്ലയിലെ നിയോജകമണ്ഡലങ്ങളിലെ വോട്ട് നില

<യ>നിയമസഭ 2011

<യ>അരൂർ

അഡ്വ. എ.എം. ആരിഫ്(സിപിഎം)– 76,675
എ.എ. ഷുക്കൂർ (കോൺഗ്രസ്)–59,823
ടി. സജീവ്ലാൽ (ബിജെപി)–7,486

<യ>ചേർത്തല

പി. തിലോത്തമൻ (സിപിഐ)–86,193
കെ.ആർ. ഗൗരിയമ്മ (ജെഎസ്എസ്)–67,878
അഡ്വ. പി.കെ. ബിനോയ് (ബിജെപി)– 5,933

<യ>ആലപ്പുഴ

ഡോ. ടി.എം. തോമസ് ഐസക്(സിപിഎം)–75,857
അഡ്വ.പി.ജെ. മാത്യു(കോൺഗ്രസ്)– 59,515
കൊട്ടാരം ഉണ്ണിക്കൃഷ്ണൻ(ബിജെപി)– 3,540

<യ>അമ്പലപ്പുഴ

ജി. സുധാകരൻ(സിപിഎം)– 63,728
അഡ്വ. എം. ലിജു(കോൺഗ്രസ്)– 47,148
പി.കെ. വാസുദേവൻ(ബിജെപി)– 2,668

<യ>കുട്ടനാട്

തോമസ് ചാണ്ടി(എൻസിപി)–60,010
ഡോ.കെ.സി. ജോസഫ്(കെസിഎം)–52,039
കെ. സോമൻ(ബിജെപി)–4,395

<യ>ഹരിപ്പാട്

രമേശ് ചെന്നിത്തല(കോൺഗ്രസ്)– 67,378
ജി. കൃഷ്ണപ്രസാദ്(സിപിഐ)– 61,858
അഡ്വ. അജിത് ശങ്കർ(ബിജെപി)– 3,145

<യ>കായംകുളം

സി.കെ. സദാശിവൻ(സിപിഎം)–67,409
എം. മുരളി(കോൺഗ്രസ് ഐ)– 66,094
ടി.ഒ. നൗഷാദ്(ബിജെപി)–3083

<യ>മാവേലിക്കര

ആർ. രാജേഷ്(സിപിഎം)–65,903
കെ.കെ. ഷാജു(ജെഎസ്എസ്)–60,754
എസ്. ഗിരിജ(ബിജെപി)– 4,984

<യ>ചെങ്ങന്നൂർ

പി.സി. വിഷ്ണുനാഥ്(കോൺഗ്രസ് ഐ)– 65,156
സി.എസ്. സുജാത(സിപിഎം)– 52,656
ബി. രാധാകൃഷ്ണമേനോൻ(ബിജെപി)– 6,062.

<യ>ലോക്സഭ 2014

<യ>അരൂർ

കെ.സി. വേണുഗോപാൽ(കോൺഗ്രസ്)–66,584
സി.ബി. ചന്ദ്രബാബു(സിപിഎം)– 65,621
എ.വി. താമരാക്ഷൻ(ആർഎസ്പി–ബി)– 6,907

<യ>ചേർത്തല

കെ.സി. വേണുഗോപാൽ(കോൺഗ്രസ്)– 76,747
സി.ബി. ചന്ദ്രബാബു(സിപിഎം)– 75,398
എ.വി. താമരാക്ഷൻ(ആർഎസ്പി–ബി)– 6,149

<യ>ആലപ്പുഴ

കെ.സി. വേണുഗോപാൽ(കോൺഗ്രസ്)– 70,206
സി.ബി. ചന്ദ്രബാബു(സിപിഎം)– 62,507
എ.വി. താമരാക്ഷൻ(ആർഎസ്പി–ബി)– 3,827

<യ>അമ്പലപ്പുഴ

കെ.സി. വേണുഗോപാൽ(കോൺഗ്രസ്)–54,553
സി.ബി. ചന്ദ്രബാബു(സിപിഎം)–51,316
എ.വി. താമരാക്ഷൻ(ആർഎസ്പി–ബി)–5,454

<യ>ഹരിപ്പാട്

കെ.സി. വേണുഗോപാൽ(കോൺഗ്രസ്)– 66,687
സി.ബി. ചന്ദ്രബാബു(സിപിഎം)– 57,822
എ.വി. താമരാക്ഷൻ(ആർഎസ്പി–ബി)–4,794

<യ>കായംകുളം

കെ.സി. വേണുഗോപാൽ(കോൺഗ്രസ്)– 62,662
സി.ബി. ചന്ദ്രബാബു(സിപിഎം)–65,948
എ.വി. താമരാക്ഷൻ(ആർഎസ്പി–ബി)–6,442

<യ>കുട്ടനാട്

കൊടിക്കുന്നിൽ സുരേഷ്(കോൺഗ്രസ്)– 51,703
ചെങ്ങറ സുരേന്ദ്രൻ(സിപിഐ)–50,508
പി. സുധീർ(ബിജെപി)–8,739

<യ>മാവേലിക്കര

കൊടിക്കുന്നിൽ സുരേഷ്(കോൺഗ്രസ്)–61,350
ചെങ്ങറ സുരേന്ദ്രൻ(സിപിഐ)–54,883
പി. സുധീർ(ബിജെപി)–13,067

<യ>ചെങ്ങന്നൂർ

കൊടിക്കുന്നിൽ സുരേഷ്(കോൺഗ്രസ്)– 55,769
ചെങ്ങറ സുരേന്ദ്രൻ (സിപിഐ)–47,951
പി. സുധീർ (ബിജെപി)–15,716

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.