ജോട്ടയെ യാത്രയാക്കി
Sunday, July 6, 2025 12:49 AM IST
ഗൊണ്ടോമർ: സ്പെയിനിൽ കാർ അപകടത്തിൽ മരിച്ച പോർച്ചുഗീസ് യുവഫുട്ബോളർ ഡിയോഗോ ജോട്ടയുടെയും സഹോദരന്റെയും സംസ്കാര ചടങ്ങിൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ദുഃഖത്തിൽ പങ്കുചേർന്ന് ലിവർപൂൾ താരങ്ങളും.
ലിവർപൂൾ ക്യാപ്റ്റൻ വിർജിൽ വാൻ ഡെക് ഷർട്ടിന്റെ ആകൃതിയിലുള്ള ചുവന്ന പുഷ്പാലങ്കാരവും അതിൽ ജോട്ടയുടെ ജഴ്സി നന്പറായ 20 എന്ന് വെള്ള നിറത്തിൽ എഴുതിയും കൊണ്ടുവന്നപ്പോൾ ലിവർപൂൾ സഹതാരം ആൻഡ്രൂ റോബർട്ട്സണും സമാനമായ രീതിയിൽ 30-ാം നന്പർ രേഖപ്പെടുത്തിയാണ് കൊണ്ടുവന്നത്. ജോട്ടയുടെ സഹോദരൻ ആൻഡ്രേ സിൽവ പോർച്ചുഗീസ് ക്ലബ്ബായ പെനാഫിയേലിനായി കളിച്ചിരുന്നു.
പോർച്ചുഗീസ് പട്ടണമായ ഗൊണ്ടോമറിലെ ഇഗ്രേജ മാട്രിസ് പള്ളിയിൽ നടന്ന ശുശ്രൂഷയിൽ ബന്ധുക്കളും സുഹൃത്തുക്കളും ജോട്ട ഒന്പതാം വയസിൽ കളിക്കാൻ തുടങ്ങിയ പ്രാദേശിക ഗൊണ്ടോമർ എഫ്സിയിലെ കളിക്കാരും ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.
വ്യാഴാഴ്ച പുലർച്ചെ വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയ്ക്ക് സമീപം ലംബോർഗിനി കാർ അപകടത്തിൽപ്പെട്ടായിരുന്നു 28കാരനായ ജോട്ടയും 25കാരനായ സിൽവയും മരണപ്പെട്ടത്.