ഡി മരിയ ‘വീട്ടില്‍’ തിരിച്ചെത്തി...
Wednesday, July 9, 2025 1:36 AM IST
റൊസാരിയോ: നീണ്ട 18 വര്‍ഷത്തെ യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ ജീവിതത്തിനുശേഷം അര്‍ജന്റൈന്‍ താരം എയ്ഞ്ചല്‍ ഡി മരിയ തന്റെ പഴയ ടീമായ റൊസാരിയോ സെന്‍ട്രലില്‍ തിരിച്ചെത്തി. 2022 ഫിഫ ക്ലബ് ലോകകപ്പ് അര്‍ജന്റീന സ്വന്തമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ഡി മരിയ, തന്റെ കുട്ടിക്കാല ക്ലബ്ബായ റൊസാരിയോയിലേക്കു തിരിച്ചെത്താന്‍ നേരത്തേ ആഗ്രഹിച്ചിരുന്നതാണ്.
എന്നാല്‍, മയക്കുമരുന്നു ഗ്യാംഗിന്റെ ഭീഷണിയെത്തുടര്‍ന്നു തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു. തലസ്ഥാന നഗരമായ ബുവാനോസ് ആരീസിനു 300 കിലോമീറ്റര്‍ വടക്കുള്ള റൊസാരിയോ മയക്കുമരുന്ന് അധോലോകങ്ങളുടെ വിഹാരകേന്ദ്രമാണ്. 37കാരനായ ഡി മരിയയെ ക്ലബ് ഔദ്യോഗികമായി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.
നാലാം വയസില്‍ റൊസാരിയോ സെന്‍ട്രലിനൊപ്പം ചേര്‍ന്നു പന്തുതട്ടിയാണ് ഡി മരിയ ലോകോത്തര താരമായത്. റൊസാരിയോയില്‍നിന്ന് 2007ല്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫിക്കയില്‍ എത്തി. തുടര്‍ന്ന് റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പിഎസ്ജി, യുവന്റസ് ടീമുകള്‍ക്കായി കളിച്ചു. 2023ല്‍ വീണ്ടും ബെന്‍ഫിക്കയില്‍, അവിടെ നിന്ന് കുട്ടിക്കാല ക്ലബ്ബിലേക്ക്. വന്ന വഴി മറക്കാതെയുള്ള മടക്കം...