ഗില്‍ ബ്രാഡ്മാനെ മറികടക്കുമോ..?
Wednesday, July 9, 2025 1:36 AM IST
ലണ്ടന്‍: ഓസ്ട്രേലിയന്‍ ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പേരിലുള്ള അപൂര്‍വ റിക്കാര്‍ഡ് മറികടക്കാന്‍ ഇന്ത്യന്‍ യുവ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനു സാധിക്കുമോ..? ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറിയും (147) രണ്ടാം മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറിയും (269) രണ്ടാം ഇന്നിംഗ്സില്‍ സെഞ്ചുറിയും (161) നേടിക്കഴിഞ്ഞ ഗില്‍, സൂപ്പര്‍ താരം വിരാട് കോഹ് ലിയുടെ ക്യാപ്റ്റന്‍സി റിക്കാര്‍ഡുകള്‍ സ്വന്തം പേരിലേക്കു മാറ്റിക്കൊണ്ടിരിക്കുകയാണ്. കോഹ്ലി ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ 115ഉം 141ഉം നേടിയിരുന്നു.
ആന്ഡേഴ്സണ് - തെണ്ടുല്‍ക്കര്‍ ട്രോഫിക്കുവേണ്ടി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു പോരാട്ടം കഴിഞ്ഞപ്പോള്‍ ശുഭ്മാന്‍ ഗില്ലിന്റെ പേരില്‍ 585 റണ്‍സായി. പരമ്പരയില്‍ മൂന്നു മത്സരങ്ങളിലായി ആറ് ഇന്നിംഗ്സ് ഗില്ലിന് പരമാവധി ശേഷിക്കുന്നുണ്ട്.
ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന ബ്രാഡ്മാന്റെ റിക്കാര്‍ഡിലേക്ക് 389ന്റെ അകലം മാത്രമാണ് ഗില്ലിനുള്ളത്. 1930ല്‍ ഇംഗ്ലണ്ടിനെതിരേ 974 റണ്‍സ് നേടിയതാണ് ബ്രാഡ്മാന്റെ റിക്കാര്‍ഡ്.
ഒരു പരമ്പരയില്‍ ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയില്‍ സുനില്‍ ഗാവസ്കറിനാണ് ഒന്നാം സ്ഥാനം, 1970-71ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ 774 റണ്‍സ്. 1978-79ല്‍ വിന്‍ഡീസിനെതിരേ 732 റണ്‍സും ഗാവസ്കര്‍ നേടിയിരുന്നു. 2024ല്‍ ഇംഗ്ലണ്ടിനെതിരേ 712 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളിന്റെ പ്രകടനമാണ് ഇന്ത്യക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഗില്‍ നിലവിലെ ബാറ്റിംഗ് കുതിപ്പു തുടര്‍ന്നാല്‍ 95 വര്‍ഷം പഴക്കമുള്ള ബ്രാഡ്മാന്റെ റിക്കാര്‍ഡും തകരും.