വജ്രായുധം ഡംഫ്രിസ്
Saturday, June 19, 2021 12:53 AM IST
ആംസ്റ്റർഡാം (ഹോളണ്ട്): യൂറോപ്പിൽ വീണ്ടുമൊരു ഓറഞ്ച് വിപ്ലവം ഉണ്ടാകുമോ... ഹോളണ്ടിന്റെ ഓറഞ്ചു കുപ്പായക്കാരെ ഹൃദയത്തിലേറ്റിയ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷയ്ക്കു വകനൽകുന്നതാണ് യൂറോ കപ്പിൽ ടീമിന്റെ ആദ്യ രണ്ടു മത്സരങ്ങളും. 2008നുശേഷം യൂറോ കപ്പ് നോക്കൗട്ടിൽ പ്രവേശിച്ചിരിക്കുകയാണ് ഓറഞ്ച് പട.
ഗ്രൂപ്പ് സിയിൽ തുടർച്ചയായ രണ്ടാം ജയം നേടിയാണ് ഹോളണ്ട് പ്രീക്വാർട്ടറിലേക്ക് മുന്നേറിയത്. രണ്ട് ജയത്തിനും ചുക്കാൻ പിടിച്ചതാകട്ടെ റൈറ്റ് ബാക്ക് ഡെൻസിൽ ഡംഫ്രിസ്. യുക്രെയ്നെതിരായ 3-2ന്റെ ജയത്തിൽ വിജയഗോളും ഓസ്ട്രിയയ്ക്കെതിരായ 2-0 ജയത്തിൽ രണ്ടാം ഗോളും ഡംഫ്രിസിന്റെ വകയായിരുന്നു. ഇരുകളിയിലെയും സ്റ്റാർ ഓഫ് ദ മാച്ചും ഡംഫ്രിസ്തന്നെ.
ഓസ്ട്രിയയ്ക്കെതിരായ ആദ്യ ഗോൾ മെഫിസ് ഡിപ്പെ പെനൽറ്റിയിലൂടെയാണ് നേടിയത്. ഡംഫ്രിസിനെ ബോക്സിന്റെ മൂലയിൽവച്ച് ഫൗൾ ചെയ്തതിനായിരുന്നു വിഎആറിലൂടെ റഫറി ഹോളണ്ടിന് അനുകൂലമായി സ്പോട്ട് കിക്ക് വിധിച്ചത്.
നിസ്റ്റൽറൂയ് കാണുന്നു
ഹോളണ്ടിനായി യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ തന്റെ ആദ്യ രണ്ട് കളിയിലും ഗോൾ നേടുന്ന രണ്ടാമത് മാത്രം കളിക്കാരൻ എന്ന ചരിത്രനേട്ടത്തിൽ ഡെൻസിൽ ഡംഫ്രിസ്. ഡെച്ച് ഇതിഹാസം റൂഡ് വാൻ നിസ്റ്റൽറൂയ് ആണ് ഈ നേട്ടം മുന്പ് കൈവരിച്ചത്. നിസ്റ്റൽറൂയ് സ്ട്രൈക്കറായിരുന്നു, ഡംഫ്രിസ് റൈറ്റ് ബാക്ക് ആണ് എന്നതാണ് ശ്രദ്ധേയം. അതേസമയം, നിസ്റ്റൽറൂയ് സഹപരിശീലകനായി ഡെച്ച് ടീമിനൊപ്പമുണ്ടെന്നതും മറ്റൊരു രസകരമായ വസ്തുതയാണ്.