ലോകകപ്പ് യോഗ്യത: മൂന്നടിയിൽ വീണു
Wednesday, November 22, 2023 12:30 AM IST
ഭുവനേശ്വർ: ലോകകപ്പ് യോഗ്യത ഫുട്ബോൾ രണ്ടാം റൗണ്ട് മത്സരത്തിൽ ഇന്ത്യക്കു തോൽവി. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ എതിരില്ലാത്ത മൂന്നു ഗോളിനാണ് കരുത്തരായ ഖത്തർ പരാജയപ്പെടുത്തിയത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കുവൈറ്റിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ, ഖത്തറിനെതിരേ ഇറങ്ങിയത്. ഇന്ത്യയുടെ പ്രതീക്ഷകൾക്ക് പ്രഹരമേൽപ്പിച്ചുകൊണ്ട് നാലാം മിനിറ്റിൽ മുസ്തഫ താരീഖ് വലകുലുക്കി.
47-ാം മിനിറ്റിൽ അൽമോയസ് അലി സന്ദർശകരുടെ ലീഡ് ഉയർത്തി. 42-ാം മിനിറ്റിൽ ഇന്ത്യക്കു ഗോളിനായി സുവർണാവസരം ലഭിച്ചതാണ്. അനിരുദ്ധ ഥാപ്പയുടെ ശ്രമം പുറത്തേക്കടിച്ച് പാഴാക്കി. 86-ാം മിനിറ്റിൽ ഒരിക്കൽക്കൂടി ഇന്ത്യൻ വലകുലുങ്ങി. യൂസഫ് അബ്ദുറിസാഗാണ് ഗോൾ നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ഖത്തറിന് ആറു പോയിന്റായി.