രാജ്യാന്തര ഹാട്രിക്കിൽ ലയണൽ മെസി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം
Wednesday, October 16, 2024 11:51 PM IST
ബുവാനോസ് ആരീസ്: രാജ്യാന്തര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് എന്ന റിക്കാർഡിൽ അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ഫിഫ 2026 ലോകകപ്പ് ലാറ്റിനമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബൊളീവിയയ്ക്കെതിരേ ഹാട്രിക് സ്വന്തമാക്കിയതോടെയാണ് മെസി റിക്കാർഡിന് ഒപ്പമെത്തിയത്.
പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരിലുണ്ടായിരുന്ന 10 രാജ്യാന്തര ഹാട്രിക് എന്ന റിക്കാർഡിനൊപ്പമാണ് മെസി എത്തിയത്. മെസിയും റൊണാൾഡോയും തമ്മിൽ നടക്കുന്ന എക്കാലത്തെയും മികച്ച താരം (ഗോട്ട്) ആരാണെന്ന ആരോഗ്യകരമായ ഏറ്റുമുട്ടലിന് ആവേശം പകരുന്നതാണ് ഹാട്രിക് റിക്കാർഡ്.
ബൊളീവിയയ്ക്കെതിരേ 19, 84, 86 മിനിറ്റുകളിലായിരുന്നു മെസിയുടെ ഗോളുകൾ. 6-0ന് അർജന്റീന ജയിച്ച മത്സരത്തിൽ മെസി രണ്ടു ഗോളിന് അസിസ്റ്റും നടത്തിയിരുന്നു. ലൗതാരൊ മാർട്ടിനെസ് (43’), ജൂലിയൻ ആൽവരസ് (45+3’) എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു മെസി അസിസ്റ്റ് നടത്തിയത്. യുവതാരം തിയാഗോ അൽമാഡയുടെ (69’) വകയായിരുന്നു അർജന്റീനയുടെ മറ്റൊരു ഗോൾ.
മെസിയുടെ തോളിൽ
മൂന്നു ഹാട്രിക്കും രണ്ട് അസിസ്റ്റും അടക്കം അഞ്ചു ഗോളിൽ പങ്കാളിത്തം നടത്തിയ ലയണൽ മെസിയുടെ തോളിലേറിയായിരുന്നു അർജന്റീനയുടെ മിന്നും ജയം. 2024 കോപ്പ അമേരിക്ക ഫൈനലിനിടെ പരിക്കിനെത്തുടർന്ന് മൈതാനംവിട്ട മെസി, അതിനുശേഷം അർജന്റൈൻ ജഴ്സിയിൽ ഇറങ്ങിയ രണ്ടാം മത്സരമായിരുന്നു ബൊളീവിയയ്ക്കെതിരായത്.
ഹാട്രിക്കിൽ മെസി മുന്നേറ്റം
പുരുഷ വിഭാഗത്തിൽ രാജ്യാന്തര ഹാട്രിക്ക് എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും റിക്കാർഡ് പങ്കിടുകയാണെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ കണക്കനുസരിച്ച് അർജന്റൈൻ താരത്തിന്റെ മുന്നേറ്റമാണ് കണ്ടുവരുന്നത്.
2013 സെപ്റ്റംബറിൽ നോർത്തേണ് അയർലൻഡിന് എതിരേയായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആദ്യ രാജ്യാന്തര ഹാട്രിക്ക്. അപ്പോഴേക്കും ലയണൽ മെസിയുടെ പേരിൽ മൂന്നു ഹാട്രിക്ക് ഉണ്ടായിരുന്നു.
2012 ഫെബ്രുവരിയിൽ സ്വിറ്റ്സർലൻഡ്, 2012 ജൂണിൽ ബ്രസീൽ, 2013 ജൂണിൽ ഗ്വാട്ടിമാല എന്നീ ടീമുകൾക്കെതിരേയായിരുന്നു മെസിയുടെ ആദ്യ മൂന്നു ഹാട്രിക്കുകൾ.
എന്നാൽ, പിന്നീട് മെസിയെ പിന്തള്ളി റൊണാൾഡോ ഹാട്രിക്കിൽ കുതിപ്പുനടത്തി. 2021 ഒക്ടോബറിൽ ലെക്സംബർഗിനെതിരായ മൂന്നു ഗോൾ പ്രകടനത്തോടെ രാജ്യാന്തര ഫുട്ബോളിൽ 10 ഹാട്രിക് നേടുന്ന ആദ്യ പുരുഷ താരം എന്ന റിക്കാർഡ് റൊണാൾഡോ സ്വന്തമാക്കി. പിന്നീട് റൊണാൾഡോയുടെ ഭാഗത്തുനിന്ന് ഹാട്രിക്ക് പിറന്നില്ല.
അതേസമയം, 2021, 2022, 2023, 2024 എന്നിങ്ങനെ തുടർന്ന് എല്ലാ വർഷവും മെസി ഹാട്രിക് നേടുകയും ചെയ്തു. അതോടെ രാജ്യാന്തര ഹാട്രിക് എണ്ണത്തിൽ ഇരു സൂപ്പർ താരങ്ങളും ടൈയിലെത്തിനിൽക്കുന്നു.
രാജ്യാന്തര ഫുട്ബോളിൽ റൊണാൾഡോയും (133) മെസിയുമാണ് (112) ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡിൽ ആദ്യരണ്ടു സ്ഥാനങ്ങളിൽ.