തകർത്തടിച്ച് സിറ്റി സൺസ്
Thursday, June 19, 2025 12:47 AM IST
സിയാറ്റില്‍: ഫിഫ 2025 ക്ലബ് ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ജയിച്ച് ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റർ സിറ്റി. ഗ്രൂപ്പ് ജിയിൽ മൊറോക്കൻ ക്ലബ്ബായ വൈഡാഡിനെ 0-2ന് മാഞ്ചസ്റ്റർ സിറ്റി കീഴടക്കി. ഫിൽ ഫോഡൻ (2’), ഡോക്കു (42’) എന്നിവരാണ് സിറ്റിക്കായി ഗോൾ നേടിയത്.
ഗ്രൂപ്പ് ഇയില്‍ നടന്ന പോരാട്ടത്തില്‍ അര്‍ജന്റൈന്‍ ക്ലബ് റിവര്‍ പ്ലേറ്റ് 3-1നു ജാപ്പനീസ് ക്ലബ്ബായ ഉറാവ റെഡ് ഡയമണ്ട്സിനെ തോല്‍പ്പിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ മെക്സിക്കന്‍ ക്ലബ്ബായ മോണ്ടെറി 1-1 സമനിലയില്‍ കുടുക്കി.
ജൂഡ് ബെല്ലിങ്ഗമിന്റെ അനുജന് ജോബ് ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനു വേണ്ടി അരങ്ങേറിയ മത്സരം ഗോള്‍രഹിത സമനിലയില്‍. ഗ്രൂപ്പ് എഫില്‍ ബ്രസീല്‍ ക്ലബ് ഫ്ളുമിനെന്സിനോടാണ് ഡോര്‍ട്ട്മുണ്ട് സമനിലയില്‍ പിരിഞ്ഞത്.