പോഷകങ്ങളുടെ കലവറയായ ചെറുധാന്യകൃഷിയിൽ വേറിട്ട മാതൃകയാണ് അട്ടപ്പാടി അഗളി സ്വദേശി ശരത് നാരായണൻ. ഡൽഹിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ഇദ്ദേഹം അട്ടപ്പാടിയിലും സമീപപ്രദേശങ്ങളിലും മില്ലറ്റ് (ചെറുധാന്യം) കൃഷി നടത്തുന്നത്.
അട്ടപ്പാടിയിലെ വിവിധ ആദിവാസി ഉൗരുകൾ സന്ദർശിച്ചതിലൂടെ കിട്ടിയ അറിവുകളാണ് മില്ലറ്റ് കൃഷി ആരംഭിക്കുന്നതിനുള്ള പ്രചോദനം ലഭിച്ചത്. അട്ടപ്പാടിയിൽ വർഷങ്ങൾക്ക് മുൻപ് പ്രധാനമായും കൃഷി ചെയ്തിരുന്നത് ചെറുധാന്യങ്ങൾ ആയിരുന്നു.
കാലക്രമേണ ആദിവാസികൾതന്നെ ഈ കൃഷി ഉപേക്ഷിക്കുകയും സർക്കാരിന്റെ റേഷൻ സാധനങ്ങൾ മുഖ്യ ആഹാരം ആകുകയും ചെയ്തു. ഇത് പോഷകാഹാര കുറവിലേക്കും ശിശു മരണങ്ങളിലേക്കുമൊക്കെ നയിക്കുന്നതിനു കാരണമായി.
മില്ലറ്റ് മിഷന്റെ അട്ടപ്പാടിയിലെ പ്രവർത്തനങ്ങൾ മില്ലറ്റ് കൃഷിക്ക് വീണ്ടും പ്രചാരം നൽകിയിട്ടുണ്ട്. 2023 യുഎൻ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതുമൊക്കെ മില്ലറ്റിനെപ്പറ്റി കൂടുതൽ പഠിക്കുവാൻ സഹായിച്ചു.
തുടക്കത്തിൽ അട്ടപ്പാടിയിൽ ലഭ്യമായ വിത്തുകൾ ഉപയോഗിച്ചാണ് കൃഷി ചെയ്തിരുന്നത്. ഇവിടെ തനത് വിത്തുകൾ ഉപയോഗിച്ചു കൃഷി ചെയ്യണം എന്നായിരുന്നു ആഗ്രഹം.
എന്നാൽ, അത്തരം വിവിധ തരം വിത്തുകൾ കൂടുതലായി ഇവിടെ ലഭ്യമല്ല എന്ന് അറിഞ്ഞതുകൊണ്ട് മറ്റ് മാർഗങ്ങൾ അന്വേഷിക്കുകയായിരുന്നു.
മില്ലറ്റ് തേടി ഒഡീഷയിൽ
2025ലെ മില്ലറ്റ് ക്യൂൻ ആയി തെരഞ്ഞെടുക്കപ്പെട്ട റായിമതി ഗുരിയയെപ്പറ്റി അറിയുകയും അവരുടെ നാടായ ഒഡീഷയിലെ കൊറപ്പുട്ടിൽ പോകുകയും അവരിൽനിന്നു ചെറുധാന്യങ്ങളിലെ വിവിധ ഇനങ്ങളെപ്പറ്റിയും അവയുടെ സവിശേഷതകളെപ്പറ്റിയുമൊക്കെ വിശദമായി മനസിലാക്കുകയും ചെയ്തു.
അവരുടെ കൃഷി രീതികൾ മനസിലാക്കി അവരിൽനിന്നു കുറച്ചു വിത്തുകൾ ശേഖരിച്ച് അതിൽ നിന്നാണ് വിവിധയിനം ചെറുധാന്യങ്ങൾ അട്ടപ്പാടിയിൽ കൃഷിചെയ്തത്.
ഒഡീഷയിലേക്കുള്ള താമസവും ഗ്രാമങ്ങളിലേക്കുള്ള യാത്രയുമുൾപ്പടെയുള്ള എല്ലാ സഹായവും ചെയ്തത് കൊറാപ്പുട്ടിലെ എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനിലെ ഉദ്യോഗസ്ഥരാണ്.
റായിമതി ഗുരിയ അവിടെ അവരുടെ ഗ്രാമത്തിൽ സർക്കാർ സഹായത്തോടെ ഒരു ഫാം സ്കൂൾ നടത്തുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത് എം.എസ്. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷനാണ്.
അവരുടെ പൂർണ സഹകരണത്തോടെ അവിടെ മില്ലറ്റ് കൃഷിയെക്കുറിച്ചും മില്ലറ്റ് കൊണ്ട് ഉണ്ടാക്കാവുന്ന മൂല്യ വർധിത ഉല്പന്ന നിർമാണവുമൊക്കെ പരിശീലനം നൽകുന്നുണ്ട്.
ജൈവകൃഷി
മില്ലറ്റ് കൃഷിയിൽ വിളവെടുപ്പിനാണ് കൂടുതൽ അധ്വാനം വേണ്ടത്. വിളവെടുപ്പിനും സംസ്കരണത്തിനും കൂടുതൽ സമയം ആവശ്യമുണ്ട്. എങ്കിലും മില്ലറ്റ് കൃഷി വളരെയധികം ലാഭകരമാണ്. മില്ലറ്റിനെക്കുറിച്ചുള്ള അവബോധം വർധിച്ചു വരുന്നതിനാൽ വിപണനം പ്രയാസമില്ല.
അട്ടപ്പാടിയിൽ ജൈവരീതിയിൽ കൃഷി ചെയ്യുന്ന ചെറുധാന്യങ്ങൾക്ക് വലിയ തോതിൽ ആവശ്യക്കാരുണ്ട്. ശരത് നാരായണൻ കൃഷിയോടൊപ്പം മറ്റു കർഷകരിൽനിന്നു ശേഖരിക്കുന്ന ചെറുധാന്യങ്ങൾ വരഗാർ ഓർഗാനിക്സ് എന്ന ലേബലിൽ മാർക്കറ്റ് ചെയ്യുന്നുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ ഉള്ള മലയാളികൾ ഉൾപ്പെടെ ഒരു വലിയ വിഭാഗത്തിന് സ്ഥിരമായി ഇവിടെനിന്നും ഉത്പന്നങ്ങൾ അയച്ചു നൽകാറുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ടു വിപണനം ചെയ്യുന്നതിനാൽ നല്ല ലാഭമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറു ധാന്യങ്ങൾ ഉപയോഗിച്ചു പോഷക സമൃദ്ധമായ മില്ലറ്റ് സൂപ്പ് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇതിനുള്ള പരിശീലനം ഒഡീഷയിൽനിന്ന് ലഭിച്ചിട്ടുണ്ട്. വൻതോതിൽ സൂപ്പ് ഉത്പാദനം ആരംഭിക്കുമ്പോൾ മറ്റു കർഷകരിൽനിന്നും മികച്ച വിലയ്ക്ക് മില്ലറ്റ് വാങ്ങാൻ സാധിക്കുമെന്നും ശരത് നാരായണൻ പറഞ്ഞു.
ശരത് നാരായണൻ ഫോണ്: 9871462312
Tags : Karshakan Agriculture