അപ്രതീക്ഷിതമായ ആ മാറ്റം സംഭവിച്ചതു രണ്ടായിരത്തിലാണ്. മണ്ണിനെ അറിയുന്ന കുടുംബത്തിലെ സന്തതി മണ്ണിനെ സ്നേഹിക്കുവാൻ തുടങ്ങിയതിൽ ആരും അദ്ഭുതം ഒന്നും കണ്ടില്ല. പക്ഷേ, അയാൾ മണ്ണിനെ പ്രണയിച്ച്, താലോലിച്ച് കൃഷി ചെയ്യുവാൻ തീരുമാനിച്ചതിൽ എല്ലാവരിലും എതിർപ്പുളവാക്കി.
അപ്പനായി ഉണ്ടാക്കിയെടുത്തതെല്ലാം മകനായി നശിപ്പിക്കുമെന്നു പറഞ്ഞവരാണധികവും. ബന്ധുക്കളും നാട്ടുകാരും ഒക്കെ. പക്ഷെ അയാൾ പിൻവാങ്ങിയില്ല. ജൈവകൃഷിയുടെ പാഠങ്ങൾ പഠിച്ചുകൊണ്ട് അയാൾ കൃഷിയുമായി ശക്തമായി മുന്നോട്ടു പോയി.
ആ യാത്ര ഇപ്പോൾ ഇരുപത്തിയഞ്ചു വർഷം പിന്നിടുകയാണ്. ആ യുവാവിന്റെ തീരുമാനം തെറ്റായിരുന്നില്ല എന്നു കാലം എതിർത്തവരേകൊണ്ടൊക്കെ പറയിപ്പിച്ചു. അതാണ് പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം സ്വദേശി സോജി മാത്യു എന്ന ജൈവ കർഷകൻ.
കർഷകനായ പിതാവ് പുതുപ്പറന്പിൽ മാത്യു ജോസഫിന്റെ ശാരീരിക അവശതകളാണ് കംപ്യൂട്ടർ അധ്യാപകനായ സോജിയെ പൂർണ സമയ കൃഷിയിലേക്കു വഴി തിരിച്ചുവിട്ടത്. അക്കാലത്ത് നാച്വറൽ വാനിലയ്ക്കു വിപണിയിൽ നല്ല വിലയുണ്ടായിരുന്നു.
സ്വദേശത്തും വിദേശത്തും രാസ കീടനാശിനികളുടെ ഉപയോഗം ഇല്ലാത്ത നാച്വറൽ വാനിലയ്ക്കു വലിയതോതിൽ ആവശ്യക്കാരുണ്ടെന്ന തിരിച്ചറിവ് സോജിയെ ജൈവ വാനില കൃഷിയിലേക്ക് എത്തിച്ചു.
ഒപ്പം തന്റെ ഉല്പന്നങ്ങൾക്ക് ജൈവ സർട്ടിഫിക്കേഷൻ ലഭ്യമാക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ ശ്രമങ്ങളെ ആദ്യ ഘട്ടങ്ങളിൽ വിജയത്തിലെത്തിക്കുവാൻ സോജിക്ക് കഴിഞ്ഞില്ലെങ്കിലും ജൈവ കൃഷി ഉപേക്ഷിക്കുവാൻ തയാറായില്ല. ജൈവ കൃഷിയിലേക്കുള്ള മാറ്റം ആദ്യഘട്ടത്തിൽ നിരാശയാണ് നൽകിയത്. വിളവ് വൻ തോതിൽ കുറഞ്ഞു.
കൂട്ടുകാരും നാട്ടുകാരും സോജിയെ പിന്തിരിപ്പിക്കുവാനും ഉപദേശിക്കുവാനും തുടങ്ങി. പക്ഷേ, അയാൾ മണ്ണിനൊപ്പം നിന്നു. ഇനി ജൈവ രീതിയിലുള്ള കൃഷിയുമായിതന്നെ മുന്നോട്ടു പോകുമെന്ന് എല്ലാവരോടും ഉറച്ചു പറഞ്ഞു.
ആ തീരുമാനവും മുന്നോട്ടു പോകലും വിജയത്തിലേക്കുള്ള തുടക്കമായിരുന്നു. പ്രീമിയം ഉത്പന്നങ്ങൾ മാത്രം ഉല്പാദിപ്പിക്കുന്ന മികച്ച കൃഷിയിടമായി സോജിയുടെ കൃഷിയിടം മാറി. ഈ ഉത്പന്നങ്ങൾക്ക് വിപണിയിലും ഇന്നു വലിയ ഡിമാന്റ് ഉണ്ട്.

സോജി എന്ന ജൈവ കർഷകനിലുള്ള വിശ്വാസം കൊണ്ട് സ്ഥിരമായി കാർഷികോൽപ്പന്നങ്ങൾ വാങ്ങാൻ കൃഷിയിടത്തിൽ നേരിട്ട് എത്തുന്നവർ ഏറെയാണ്. ബാക്കി ഉത്പന്നങ്ങൾ നാട്ടുചന്ത വഴിയും വിപണനം നടത്തുന്നു. ഇവിടെയും ആവശ്യക്കാരേയാണ്.
സമ്മിശ്ര കൃഷി രീതിയാണ് സോജി തുടർന്നുവരുന്നത്. തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക്, വാഴ എന്നിവയ്ക്കൊപ്പം സ്വദേശിയും വിദേശിയും ആയ എല്ലാതരം ഫലവൃക്ഷങ്ങളും സോജിയുടെ കൃഷിയിടത്തിൽ ഉണ്ട്. ഇഞ്ചി, മഞ്ഞൾ, മൂന്നു തരം കൂവ, ചേന്പ്, കപ്പ, മധുരക്കിഴങ്ങ്, കാപ്പി, തേയില, കൃത്യത കൃഷിയിലൂടെയുള്ള പല തരം പച്ചക്കറികൾ, ഔഷധ സസ്യങ്ങൾ എന്നിവ നിറഞ്ഞ ഈ കൃഷിയിടം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.
പശു, മീൻ, കോഴി എന്നിവയുടെ വളർത്തൽ ഈ കൃഷിയിടത്തിന്റെ ജൈവികത നിലനിർത്തുവാൻ ഏറെ സഹായകമാകുന്നു. കൃഷിയിടം എന്നത് പരസ്പരാശ്രിത ഇടമാണ് എന്നുകൂടി സോജി അനുഭവത്തിലൂടെയും പ്രവർത്തനത്തിലൂടെയും നമുക്ക് കാണിച്ചുതരുന്നു.
പശു വളർത്തലിലൂടെ പാലുൽപ്പന്നങ്ങൾക്കപ്പുറം കൃഷിക്കാവശ്യമായ കന്പോസ്റ്റ്, ജീവാമൃതം, പഞ്ചഗവ്യം, ബീജാമൃതം എന്നിവയുടെ നിർമാണവും കൂടി സാധ്യമാകുന്നു. മീൻ വളർത്തൽ വഴി ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ് തുടങ്ങിയവ ജൈവ വളങ്ങളുടെ ഉൽപ്പാദന പ്രക്രിയക്ക് സഹായകമാവുന്നു.
കൂടാതെ ഹരിത കഷായം, കൊന്പുവളം, വാഴക്കുലകൾക്ക് ഭംഗിയും തൂക്കവും ലഭിക്കുവാൻ സഹായകമായ രണ്ട് തരം ജൈവക്കൂട്ട്, ചുവട്ടിൽ ഒഴിക്കുന്ന കൂട്ട്, ധൃതരാഷ്ട്ര പച്ച, ശർക്കര കൂട്ട്, ഗോമൂത്ര മിശ്രിതം തുടങ്ങിയ സോജിയുടെ പ്രത്യേക ജൈവ വള പ്രയോഗങ്ങളും രീതികളും മണ്ണിന്റെ ജൈവാശം നിലനിർത്തുന്നതിനും ശുദ്ധമായ ഉത്പന്നങ്ങൾ ലഭ്യമാകുന്നതിനും ഏറെ സഹായകമാണ്.
കൊന്പൻചെല്ലിയുടെ ആക്രമണം തടയുന്നതിൽ പെരുവലം, മെറ്റാറൈസിയം എന്നിവയുടെ ചാണകത്തോടൊപ്പമുള്ള ഉപയോഗം ഏറെ അനുയോജ്യമായിട്ടുണ്ട്. കൂടാതെ സ്യൂഡോമോണസ്, വെർട്ടിസീലിയം, ബിവേറിയ എന്നിവയും സോജിയുടെ കൃഷിയിടത്തിലെ പ്രതിരോധ സഹായികളാണ്.
പരാഗണം സാധ്യമാക്കുന്നതിനായി ചെറു തേനീച്ചകളുടെ കോളനികൾ കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിപാലിക്കുന്നുണ്ട്. ഒപ്പം തേനീച്ച വളർത്തൽ വഴി വ്യാവസായിക അടിസ്ഥാനത്തിൽ തേൻ ലഭ്യതയും ഉറപ്പാക്കുന്നു.
ജലലഭ്യത ഏറെയുള്ള കൃഷിയിടമാണെങ്കിലും ജല ഉപയോഗത്തിൽ കൃത്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഡ്രിപ്പ് ഇറിഗേഷൻ സിസ്റ്റമാണ് കൃഷിയിടത്തിലുള്ളത്.
വേനൽകാലങ്ങളിൽ വിളകളുടെ താഴെ ഈർപ്പം പരമാവധി നിലനിർത്തി ചൂട് കുറയ്ക്കുന്നതിനും ഒപ്പം വെള്ളം നേരിട്ട് മണ്ണിൽ പതിച്ചുണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനുമായി കുളവാഴകൊണ്ടുള്ള പ്രത്യേക പുതപ്പുകളും കരിയില കൊണ്ടുള്ള ബെഡ്ഡുകളും ഒരുക്കുന്നു.
തൈകൾക്കു ചുറ്റും ബെഡ്ഡൊരുക്കിയതിനു ശേഷമാണ് സ്പ്രിഗ്ലറും മൈക്രോ സ്പ്രിംഗ്ലറും നന സാധ്യമാക്കുന്നത്. കൃഷിയിടങ്ങളിലെ ജൈവ വസ്തുക്കളെ ഡബ്ല്യുയുഡിസി ഉപയോഗിച്ച് അഴുകിച്ച് അവയെ വളമാക്കി മാറ്റുന്നു.
ഒപ്പം തെങ്ങിൻ തടങ്ങളിലെ വസ്തുക്കളെയും ഇത്തരത്തിൽ അവിടെത്തന്നെ അഴുകിച്ച് വളമാക്കി മാറ്റുന്നു. ഇത്തരത്തിൽ മണ്ണിത സ്വാഭാവിക ജൈവികത നിലനിർത്തി, വലിയ മുതൽ മുടക്കില്ലാതെ കൂടുതൽ ഉത്പാദനം സാധ്യമാക്കുന്നതാണ് സോജിയുടെ കൃഷിതന്ത്രം.
കൃഷി മാത്രമല്ല അതിൽനിന്നുള്ള മൂല്യ വർധിക ഉത്പന്നങ്ങളുടെ നിർമാണവും കൃഷിയുടെ ഭാഗമാണെന്ന് വിശ്വസിക്കുന്ന കർഷകനാണ് സോജി. ഗ്രാന്പൂ, ജാതി, ബനാന ഫിഞ്ച്, എണ്ണ, വിവിധ പൊടികൾ, തേൻ തുടങ്ങിയ കലർപ്പുകളില്ലാത്ത വിവിധ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നുമുണ്ട്.
ഒപ്പം കർഷകർക്ക് ആവശ്യമായ ജൈവ വളങ്ങൾ, നടീൽ വസ്തുക്കൾ എന്നിവ തയാറാക്കി നൽകുന്നതിനൊപ്പം എൻപി ഒപി കർഷകർ, ബിപികെപി ആരംഭിച്ചതു മുതൽ അതിൽ സജീവവും അതിലെ കർഷകർ മറ്റു കർഷകർ എന്നിവർക്ക് കൃഷിയറിവുകൾ ചേർത്ത് ക്ലാസുകൾ എടുക്കുകയും ചെയ്യുന്ന കർഷകനായ സോജി എച്ച്പിസിസി അംഗവും എൽആർപിയും ആണ്.
ഈ പ്രവർത്തനങ്ങൾ എൻപിഒപി സർട്ടിഫിക്കേഷൻ ലഭ്യമാക്കുമാൻ ഏറെ സഹായകമായി. പ്രവർത്തനമികവുകൊണ്ട് എൻപിഒപി, പിജിഎസ് സർട്ടിഫിക്കേഷനുകൾ ലഭിച്ച അപൂർവം കർഷകരിലൊരാളാണ് സോജി എന്നത് ഏറെ ശ്രദ്ധേയമാണ്.
കൃഷിയിടത്തിലും മൂല്യ വർധിത ഉത്പന്നങ്ങളുടെ നിർമാണത്തിലും സോജിയുടെ പ്രധാന ശക്തി മാതാവ് റോസക്കുട്ടിയുടെ പരിപൂർണ പിന്തുണ തന്നെയാണ്. ഒപ്പം പുഷ്പ കൃഷിയിൽ സജീവമായ പ്രിയതമ നിഷ, മകൾ ഫേബ എന്നിവരും സോജിക്കൊപ്പം ചേരുന്നു.
കോട്ടോപ്പാടം പഞ്ചായത്തിലെ മികച്ച കർഷകനായി മാറിയ ഇദ്ദേഹത്തിന്റെ കൃഷി മികവ് മുൻനിർത്തി വിവിധ സംഘടനകളും പ്രസ്ഥാനങ്ങളും ആദരിച്ചിട്ടുണ്ട്. കൃഷിഭവന്റെ കീഴിലുള്ള എഫ്ഐജിയുടെ പ്രസിഡന്റ്, കർഷകരുടെ കൂട്ടായമയിലുള്ള നാട്ടു ചന്തയുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചു വരികയാണ്.
തന്റെ കൃഷിയിടം മുഴുവൻ എങ്ങനെ കൃഷിക്കൊപ്പമാക്കാം എന്നതിന്റെ കൃത്യമായ നേർചിത്രമാണ് സോജിയുടെ കൃഷിയിടം. ഒരിടവും വെറുതെയിടാതെ പരമാവധി കൃഷിക്കനുയോജ്യമാക്കുന്ന ഈ കൃഷിയിടകാഴ്ചകൾ ഏറെ സുന്ദരമാണ്.
അനുഭവങ്ങളിലൂടെ, പ്രവർത്തികളിലൂടെ ജൈവ കൃഷി ഒരിക്കലും നഷ്ടമാകില്ല. അത് വിശ്വാസവും ന·യും സ്നേഹവും ആണെന്ന് നമ്മോട് പറഞ്ഞും കാണിച്ചു തന്നും മുന്നോട്ട് പോവുന്ന സോജിയുടെ പിന്നിട്ട ഇരുപത്തിയഞ്ച് ജൈവവർഷങ്ങൾ ജൈവകർഷർക്കുള്ള ഒരു കൃത്യതയാർന്ന പാഠപുസ്തകമാണ്.
സോജി ഫോണ്: 9745998444
Tags : Karshakan Agriculture