അതിരാവിലെ ചങ്ങനാശേരിയുടെ ആകാശം തെളിയുന്നതിന് മുൻപേ വട്ടക്കളം ജോർജ് മാത്യു എന്ന എഴുപതുകാരൻ ഉണരും. മഞ്ഞു വീണ വഴികളിലൂടെ തന്റെ പ്രിയപ്പെട്ട പാടശേഖരങ്ങൾ ലക്ഷ്യമാക്കി അദ്ദേഹം നടന്നു തുടങ്ങും.
ഒരു കർഷകന് തന്റെ വിളകൾ വെറും ചെടികളല്ല, മക്കളാണെന്ന സത്യം ആ നടത്തത്തിൽ കാണാം. ഓടേറ്റി വടക്കേ ബ്ലോക്ക്, തെക്കേ ബ്ലോക്ക്, കടന്പാടം, കുഴിക്കേരി എന്നീ പാടശേഖരങ്ങളിലായി പടർന്നു കിടക്കുന്ന തന്റെ 37 ഏക്കർ കൃഷിസാമ്രാജ്യത്തിലേക്ക് അദ്ദേഹം എത്തുന്പോൾ സൂര്യൻ ഉദിച്ചു വരുന്നതേയുള്ളൂ.
ഓരോ നെൽച്ചെടിയുടെയും അരികിലെത്തി അവയുടെ വളർച്ച നേരിട്ടു കണ്ടു ബോധ്യപ്പെടണം അദ്ദേഹത്തിന്. എവിടെയെങ്കിലും ഒരു മഞ്ഞളിപ്പോ കീടബാധയുടെ ലക്ഷണങ്ങളോ ഉണ്ടോ എന്ന് ആ കണ്ണുകൾ സൂക്ഷ്മമായി തിരയും.
"മണ്ണിനെ സ്നേഹിക്കുനവനെ മണ്ണ് കൈവിടില്ല,’ ജോർജ് മാത്യുവിന്റെ വാക്കുകളിൽ ഉറച്ച വിശ്വാസം. ഓരോ ചെടിയെയും തൊട്ടും പരിപാലിച്ചും അദ്ദേഹം പാടവരന്പുകളിലൂടെ നീങ്ങുന്നു.
പരമ്പരകളായി
ജോർജ് മാത്യുവിന് കൃഷി എന്നത് രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. കൃഷി പാരന്പര്യമായി ലഭിച്ചതാണെന്നും ചെറുപ്പം മുതലേ അപ്പച്ചന്റെ കൂടെ പാടത്തിറങ്ങി കാര്യങ്ങൾ പഠിച്ചതാണെന്നും അദ്ദേഹം ഓർക്കുന്നു.
കഴിഞ്ഞ 55 വർഷമായി അദ്ദേഹം സ്വന്തമായി കൃഷി കാര്യങ്ങൾ നോക്കി നടത്തുന്നു. പാരന്പര്യമായി ലഭിച്ച സ്വത്തിന് പുറമെ, കൃഷിയോടുള്ള താല്പര്യംകൊണ്ട് കൂടുതൽ നിലം വാങ്ങുകയും മറ്റു കർഷകരിൽ നിന്ന് പാട്ടം എടുക്കുകയും ചെയ്തു.
പാടത്ത് തൊഴിലാളികൾ എത്തിത്തുടങ്ങുമ്പോഴേക്കും അദ്ദേഹം കർമ്മനിരതനാകും. വളമിടേണ്ട രീതിയെക്കുറിച്ചും വെള്ളം ക്രമീരിക്കുന്നതിനെക്കുറിച്ചും കൃത്യമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകും.
വെറുമൊരു നിർദ്ദേശകനല്ല അദ്ദേഹം; തൊഴിലാളികൾക്കൊപ്പം വെയിലിലും മഴയത്തും പാടത്തുണ്ടാകുന്ന ഒരു കർമ്മയോഗി കൂടിയാണ്. നെൽകൃഷി ഇന്ന് അത്ര ആദായകരമല്ലെന്ന് അദ്ദേഹം തുറന്നു സമ്മതിക്കുന്നു.
എങ്കിലും കൃഷിയെ ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറല്ല. "നമുക്ക് വേറെ പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇത് ചെയ്യുന്നു എന്നുള്ളതേയുള്ളൂ' എന്ന് ലളിതമായി പറയുന്പോഴും, കൃഷിയോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം അതിൽ പ്രകടമാണ്.
കൃഷിയെക്കുറിച്ച് വ്യക്തമായ അറിവുള്ളതുകൊണ്ട് മറ്റുള്ളവർ ചെയ്യുന്നതിനേക്കാൾ കുറച്ചുകൂടി ലാഭകരമായി കാര്യങ്ങൾ ചെയ്യാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.

യന്ത്രവത്കരണം
കുട്ടനാടൻ സാഹചര്യത്തിൽ നെൽകൃഷി ലാഭകരമാകണമെങ്കിൽ ആധുനിക യന്ത്രവൽക്കരണം അനിവാര്യമാണെന്നാണ് ജോർജ് മാത്യുവിന്റെ പക്ഷം. വിതയ്ക്കുന്നതും വളമിടുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യണം. വിദഗ്ദരായ തൊഴിലാളികളുടെ ക്ഷാമവും വർധിച്ച കൂലിച്ചെലവുമാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികൾ.
നിലവിൽ പാടശേഖരങ്ങൾക്ക് ആവശ്യമായ കൊയ്ത്ത് യന്ത്രങ്ങൾ ലഭ്യമാകുന്നതിൽ വലിയ കുറവുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുൻപ് യന്ത്രങ്ങൾ ലഭ്യമായിരുന്നുവെങ്കിലും ഇപ്പോൾ ഫണ്ടില്ല എന്ന കാരണത്താൽ അധികൃതർ ഇതിൽനിന്ന് പിന്നോട്ട് പോവുകയാണ്. സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഉണ്ടായാൽ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ കഴിയൂ.
ആസൂത്രണം
കാലാവസ്ഥാ വ്യതിയാനവും കീടബാധയുമാണ് നെൽകൃഷി നേരിടുന്ന മറ്റ് പ്രധാന ഭീഷണികൾ. എന്നാൽ, കൃത്യമായ പ്ലാനിംഗിലൂടെ ഇതിനെ ഒരു പരിധിവരെ തടയാമെന്ന് ജോർജ് മാത്യു പറയുന്നു. പുഞ്ച സീസണിൽ വിത ഒരുപാട് താമസിപ്പിക്കാതെ നേരത്തെ ഇറക്കണം എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം.
നവംബർ ആദ്യവാരത്തിൽ കൃഷി ഇറക്കിയാൽ മാർച്ച് ആദ്യത്തോടെ കൊയ്തെടുക്കാം. ഇത് വേനൽ മഴയ്ക്ക് മുൻപ് വിളവെടുപ്പ് പൂർത്തിയാക്കാൻ സഹായിക്കും. ഇതിനായി കാർഷിക കലണ്ടർ പരിഷ്കരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.
കൂട്ടായ്മയുടെ കരുത്ത്
പാടശേഖര സമിതിയുടെ സെക്രട്ടറി എന്ന നിലയിൽ കർഷകരെ ഒരുമിപ്പിക്കാൻ ജോർജ് മാത്യു എപ്പോഴും ശ്രമിക്കാറുണ്ട്. എങ്കിലും കർഷകർക്കിടയിൽ ഒരു ശക്തമായ കൂട്ടായ്മ രൂപപ്പെടാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം കരുതുന്നു. ഇന്നത്തെ കർഷകരിൽ പത്തു ശതമാനം പോലും കൃഷി മാത്രം ഉപജീവനമാക്കിയവരല്ല.
ഭൂരിഭാഗം പേരും കൃഷിയെ ഒരു സൈഡ് ബിസിനസ് ആയി കാണുന്നവരോ അല്ലെങ്കിൽ പാട്ടത്തിന് നൽകുന്നവരോ ആണ്. ഇത് കർഷകരുടെ ആവശ്യങ്ങൾക്കായി ഒരുമിച്ച് പോരാടുന്നതിന് തടസമാകുന്നു.
പകൽ മുഴുവൻ നീളുന്ന അധ്വാനത്തിനൊടുവിൽ സൂര്യൻ പടിഞ്ഞാറ് ചായുമ്പോഴാണ് ജോർജ് മാത്യു വീട്ടിലേക്ക് മടങ്ങാൻ തയാറെടുക്കുന്നത്. പണി കഴിഞ്ഞു പോകുന്ന തൊഴിലാളികൾക്ക് കൂലി നൽകി അവരെ യാത്രയാക്കും.
ചെളി പുരണ്ട വസ്ത്രങ്ങളും മനസുനിറയെ അടുത്ത ദിവസത്തെ പ്ലാനുകളുമായി അദ്ദേഹം പാടവരമ്പ് കയറുമ്പോൾ ആ മുഖത്ത് ഒരു വലിയ പോരാട്ടം ജയിച്ച സംതൃപ്തി കാണാം.
ഇൻഷ്വറൻസ് പ്രഹസനം
ഇൻഷ്വറൻസ് പദ്ധതികൾ നിലവിലുണ്ടെങ്കിലും അവയുടെ ഗുണമൊന്നും കർഷകർക്ക് യഥാസമയം ലഭിക്കുന്നില്ല്. എല്ലാ വർഷവും പ്രീമിയം അടയ്ക്കുന്നുണ്ടെങ്കിലും പ്രതിസന്ധി ഘട്ടങ്ങളിൽ ഇൻഷ്വറൻസ് തുക ലഭിക്കാറില്ല.
വളം ലഭ്യതയുടെ കാര്യത്തിലും ഇടയ്ക്കിടെ പ്രതിസന്ധികൾ ഉണ്ടാകാറുണ്ട്. ഈ സീസണിൽ യൂറിയ കിട്ടാൻ ഒരു മാസത്തോളം വൈകിയത് കൃഷിയെ സാരമായി ബാധിച്ചിരുന്നു.
ന്യായമല്ല ഈ വില!
നെല്ലിന്റെ നിലവിലെ വിലയിൽ കർഷകർ ഒട്ടും സംതൃപ്തരല്ല. വളത്തിന്റെ വില, കൂലിച്ചെലവ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ നെല്ലിനു ലഭിക്കുന്ന വില തുച്ഛമാണ്.
നെല്ല് സംഭരിക്കുമ്പോൾ തന്നെ അതിന്റെ വില കർഷകന് ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം. കൂടാതെ പന്പിംഗ് സബ്സിഡി കാലതാമസമില്ലാതെ നൽകുന്നത് കർഷകർക്ക് വലിയ ആശ്വാസമാകും.
ഫോണ്: 92497 78135
ചിത്രങ്ങൾ: എബിൻ വർഗീസ്
Tags : Karshakan Agriculture