കേരളത്തിൽ പച്ചക്കറിയുടെ ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അന്തരമുണ്ട്. രണ്ട് മഴ സീസണുകൾ ലഭിക്കുന്ന കേരളത്തിൽ, പച്ചക്കറി ഉത്പാദനം പലപ്പോഴും ബുദ്ധിമുട്ടായാണ് കാണപ്പെടുന്നത്. ഗ്രീൻഹൗസുകൾ ഉപയോഗിച്ച് മണ്ണിലും മണ്ണിതര മാധ്യമങ്ങളിലും പച്ചക്കറികളും പൂക്കളും കൃഷിചെയ്യാവുന്നതാണ്.
സംരക്ഷിത കൃഷിരീതി (ഗ്രീൻഹൗസുകളിലെ കൃഷി) അവലംബിക്കുക വഴി വർഷത്തിൽ 365 ദിവസവും ഏതു കാലാവസ്ഥയിലും കൃഷി ചെയ്യാൻ കഴിയും. താപനിലയും ഈർപ്പം നിയന്ത്രിക്കാൻ കഴിയുന്ന ഗ്രീൻഹൗസുകളിൽ ഏതു വിളയും കൃഷിചെയ്യാനാകും.
വീട്ടാവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തിലും ഹരിത ഗൃഹങ്ങളിൽ മണ്ണിലും മണ്ണിതര മാധ്യമങ്ങളിലും (ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് കൃഷിരീതികൾ) കൃഷി ചെയ്യാവുന്നതാണ്.
ഹരിതഗൃഹ കൃഷി
ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറി കൃഷി ചെയ്യുന്നത് 20 മുതൽ 40 ച. മീ. വിസ്തീർണമുള്ള ഹരിതഗൃഹം മതിയാകും. ഹരിതഗൃഹത്തിന്റെ എല്ലാവശവും പൂർണമായും ഇൻസെക്റ്റ് പ്രൂഫ് നെറ്റുകൊണ്ട് ആവരണം ചെയ്തിരിക്കണം.
യുവി ഷീറ്റ് മുകളിൽ ആവരണം ചെയ്യാൻ മാത്രം ഉപയോഗിച്ചാൽ മതി. പാവൽ, പടവലം പോലുള്ള പരപരാഗണം വേണ്ട കൃഷിയിനങ്ങളും ഹരിതഗൃഹത്തിൽ കൃഷി ചെയ്യാൻ സാധിക്കും. ഒരു ദിവസം ഇത്തരം വിളകളിൽ പരമാവധി 5 മുതൽ 10 പെണ് പൂക്കൾ മാത്രമേ വിരിയൂ.
ആണ് പൂവ് പൊട്ടിച്ച് പെണ്പൂവിൽ തൊട്ടാൽ പരാഗണം സാധ്യമാകും. ഇതിന് അഞ്ചു മിനിറ്റ് സമയം മാത്രമേ ഒരു ദിവസം വേണ്ടി വരൂ. ചെടികൾക്ക് വെള്ളവും വളവും ഡ്രിപ്പറുകളിലൂടെ കൊടുക്കാവുന്നതാണ്.
എല്ലാ ദിവസവും കൃത്യമായി വളവും വെള്ളവും കൊടുക്കുന്നതുകൊണ്ടും മഴ, ശക്തിയായ കാറ്റ്, ശക്തിയായ സൂര്യതാപം, രോഗകീട ബാധ, പക്ഷികൾ, അൾട്രാ വയലറ്റ് രശ്മികൾ എന്നിവയിൽനിന്നു ചെടികൾക്കു സംരക്ഷണം നൽകുന്നതുകൊണ്ടും നല്ല ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉണ്ടാക്കാനും ഉത്പാദന ക്ഷമത വർധിപ്പിക്കാനും കഴിയും.
വ്യാവസായികാടിസ്ഥാനത്തിൽ ഹരിതഗൃഹത്തിൽ പച്ചക്കറികളും (സാലഡ് ഇനങ്ങൾ, ഇലക്കറികൾ, ഫലവൾഗങ്ങൾ) പൂക്കളും ലാഭകരവും എളുപ്പത്തിലും ചെയ്യാനാകും. ഉത്പന്നങ്ങൾക്ക് ഉയർന്ന ഗുണമേ· ഉറപ്പുവരുത്താൻ കഴിയുന്നതിനാൽ മാർക്കറ്റിൽ താരതമ്യേന നല്ല വില ലഭിക്കും.
ഹരിതഗൃഹത്തിന്റെ രൂപകൽപന ശരിയായില്ലെങ്കിൽ ചെടികൾ ശരിയായി വളരുകയോ കായുണ്ടാകുകയോ ചെയ്യില്ല. ഹരിതഗൃഹകൃഷിയിൽ സ്ട്രക്ച്ചറിന്റെ രൂപകൽപ്പനയ്ക്ക് വളരെ വലിയ സ്ഥാനമാണുള്ളത്.
വളമോ മറ്റു സംരക്ഷണോപാധികളിലോ എന്തെങ്കിലും പാകപ്പിഴ വന്നാൽ ആ വിളയെ മാത്രമേ ബാധിക്കുകയുള്ളു. എന്നാൽ സ്ട്രക്ച്ചർ ശരിയായി പണി കഴിപ്പിച്ചില്ലെങ്കിൽ ഹരിതഗൃഹത്തിലെ താപനിലയും ഈർപ്പവും ചെടികൾക്ക് അനുയോജ്യമല്ലാത്തതായി മാറുകയും എല്ലാ വിളയേയും സാരമായി ബാധിക്കുകയും ചെയ്യുന്നു.
ചിലപ്പോൾ കായ് ഉണ്ടായില്ലെന്നു തന്നെ വരാം. ഹരിതഗൃഹത്തിൽ; തടം തയ്യാറാക്കൽ, ഹൈ-ടെക് നേഴ്സറി തയ്യാറാക്കൽ, വിളകളുടെ പരിചരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സാധാരണ കൃഷിയിൽനിന്നു വ്യത്യസ്തമാണ്.
വളരെക്കുറച്ചു സ്ഥലത്തു നിന്ന് ഏറ്റവും കുറവ് വെള്ളവും മറ്റു സാധനങ്ങളും ഉപയോഗിച്ച് പരമാവധി ഉത്പാദനം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചാണ് ഹരിത ഗൃഹകൃഷി അവലംബിക്കേണ്ടത്.
ട്രെല്ലിസിംഗ് സിസ്റ്റം, വെർട്ടിക്കൽ ഫാർമിംഗ് എന്നിവപോലെ പ്രത്യേക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനാൽ പല ചെടികളും പുറത്തു 8000 ച. മീറ്ററിൽ കൃഷി ചെയ്യാവുന്ന അത്ര ചെടികൾ; ഹരിതഗൃഹത്തിൽ 1000 ച. മീറ്ററിൽ കൃഷി ചെയ്യാനാകും.
വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾ 1000-2500 ച. മീ. വിസ്തീർണമുള്ള ഹരിതഗൃഹമെങ്കിലും നിർമിച്ചാലേ ലാഭകരമായി കൊണ്ടു പോകാൻ സാധിക്കുകയുള്ളൂ. ശരിയായ പരിചരണമുറകൾ അനുഷ്ഠിച്ചാൽ മൂന്നു മുതൽ 10 ഇരട്ടി വരെ വിളവ് ലഭിക്കും.
ഉയർന്ന ഫ്ളാറ്റുകളിലും വളരെ പരിമിതമായ സ്ഥലങ്ങളിലും ജീവിക്കുന്നവർക്ക് കൃഷിചെയ്യുന്നതിന് മണ്ണോ ചകിരിച്ചോറോ ഉപയോഗപ്പെടുത്താൻ ബുദ്ധിമുട്ടാണ്. അവർക്കു കൃഷിചെയ്യുന്നതിന് വെള്ളത്തെ മാത്രമേ ആശ്രയിക്കാനാകൂ.
ഇവർക്ക് ഉപയോഗപ്പെടും വിധം ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ് എന്നീ കൃഷി രീതികളും ഹരിത ഗൃഹങ്ങളിൽ അവലംബിക്കാവുന്നതാണ്. അക്വാപോണിക്സ് രീതി അവലംബിക്കുന്നവർക്ക് പച്ചക്കറിയോടൊപ്പം മീനും ലഭിക്കും.

ഹൈഡ്രോപോണിക്സ് കൃഷിരീതി
ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ മണ്ണിന് പകരമായി മണ്ണിതര മാധ്യമമായ സബ്സ്ട്രേറ്റ് (ചകിരിച്ചോറ്, പെർലൈറ്റ്, വെർമിക്കുലേറ്റ്, റോക്ക് വൂൾ, ഹൈഡ്രോടോണ്, അഗ്രിഗേറ്റ് മുതാലായവ), വെള്ളം, വായു എന്നിവയാണ് ഉപയോഗിക്കുന്നത്.
ഹൈഡ്രോപോണിക്സിൽ വെള്ളത്തിൽ പൂർണമായി അലിയുന്ന രാസവളങ്ങൾ സന്തുലിതാവസ്ഥയിൽ യോജിപ്പിച്ചു ണ്ടാക്കുന്ന മിശ്രിത വളമാണ് ഉപയോഗിക്കുന്നത്.
ഈ വളം വെള്ളത്തിൽ ലയിപ്പിച്ചു എയിറേറ്ററിന്റെ സഹായത്താൽ ഓക്സിജൻ വെള്ളത്തിൽ മിക്സ് ചെയ്തതിനുശേഷം പന്പിന്റെ സഹായത്താൽ ചെടികളുടെ വേരുമണ്ഡലത്തിൽ എത്തിക്കുന്നു.
ചെടികൾക്ക് ശരിയായ സമയത്തു കൃത്യമായ അളവിൽ എല്ലാ മൂലകങ്ങളും ഓക്സിജനും വെള്ളവും എത്തിച്ചു കൊടുക്കാനാകും. ഇതുമൂലം ചെടികൾ ആരോഗ്യത്തോടെ വേഗത്തിൽ വളരുകയും ഉയർന്ന ഉത്പാദനശേഷി നിലനിർത്തുകയും ചെയ്യുന്നു.
ഹൈഡ്രോപോണിക്സ് കൃഷിരീതിയിൽ സാധാരണകൃഷിക്ക് വേണ്ടതിന്റെ 10-20% മാത്രമേ ജലം ആവശ്യമായി വരുന്നുള്ളൂ. വളലായനി പരിചംക്രമണം ചെയ്യുന്നതുകൊണ്ട് വളവും വെള്ളവും നഷ്ടപ്പെടാതെ പൂർണമായി ഉപയോഗിക്കാനാകും.
ഹൈഡ്രോപോണിക്സ് എന്നാൽ വർക്കിംഗ് വാട്ടർ അഥവാ ജോലി ചെയ്യുന്ന വെള്ളം എന്നാണ്. അതായത് ഹൈഡ്രോപോണിക്സിൽ വെള്ളം നമുക്കുവേണ്ടി ചെടികളെ പരിപോഷിപ്പിക്കുന്നു.
ഇവിടെ വായുവും വളവും നല്കുന്നതിനുള്ള ഒരു മാധ്യമമായി വെള്ളം തന്നെയാണ് പ്രവർത്തിക്കുന്നത്. ചെടികൾ, മണ്ണിലല്ല വളരുന്നത്.
മണ്ണിൽ കൃഷി ചെയ്യുമ്പോൾ ചെയ്യേണ്ട നിലം ഒരുക്കുക, കളപറിക്കൽ, ചെടികൾക്ക് വെള്ളവും വളവും നൽകൽ, ഇടയിളക്കൽ, കാഠിന്യമുള്ള മറ്റു ജോലികൾ എന്നിവ ഹൈഡ്രോപോണിക്സിൽ ഒഴിവാക്കാനാകും.
ഓരോ ചെടികളുടെയും വേരു മണ്ഡലത്തിൽ വെള്ളവും വളവും വായുവും എത്തിച്ചുക്കൊടുക്കുന്നതു കൊണ്ട് ചെടികൾ തമ്മിൽ വെള്ളത്തിനോ വളത്തിനോ വായുവിനോ വേണ്ടി മത്സരം ഉണ്ടാകുന്നില്ല. അതിനാൽ ഒരു യൂണിറ്റു സ്ഥലത്തിൽ 10 മുതൽ 30 ശതമാനം വരെ കൂടുതൽ ചെടികൾ വളർത്താനാകും.
ഹൈഡ്രോപോണിക്സ് സിസ്റ്റത്തിൽ ചെടികളെ വളർത്തുന്നതിനായ് ന്യൂട്രിയന്റ് ഫിലിം ടെക്കനിക്ക്, സബ്സ്ട്രേറ്റ് ഉപയോഗിച്ച് ട്രഫിലോ ചട്ടികളിലോ ഗ്രോബാഗിലോ ഉപയോഗിച്ചുള്ള ബെഡ് സിസ്റ്റം, റാഫ്റ്റ് ബെഡ് സിസ്റ്റം അഥവാ ഡീപ് വാട്ടർ കൾച്ചർ സിസ്റ്റം, ഡച്ച് ബക്കറ്റ് സിസ്റ്റം തുടങ്ങിയവ ഉപയോഗപ്പെടുത്താം.
റാഫ്റ്റ് ബെഡ് അഥവാ ഡീപ് വാട്ടർ കൾച്ചറിൽ വെള്ളത്തിനു മുകളിൽ പോളി ഫോം/ഫൈബർ ഫോം, ഫ്ളോട്ട് ചെയ്യിപ്പിച്ച് അതിൽ ആവശ്യത്തിന് വലുപ്പത്തിലുള്ള തുളയിട്ട് അതിൽ നെറ്റ് പോട്ട് ഇറക്കി വച്ച് ഈ നെറ്റ്പോട്ടിൽ മാധ്യമം (മെറ്റൽ/ഹൈഡ്രോടോണ്/ഓടുമുറി) നിറച്ച് അതിൽ ചെടികൾ നടുകയാണ് ചെയ്യുന്നത്.
ന്യൂട്രിയന്റ് ഫിലിം ടെക്ക്നിക്കിൽ 4 ഇഞ്ചു മുതൽ 6 ഇഞ്ചു വ്യാസമുള്ളതോ/വീതിയുള്ളതോ ആയ റൗണ്ട്/സ്ക്വയർ പൈപ്പുകൾ ചെറിയ ചെരിവോടുകൂടി ഘടിപ്പിച്ച് ഇതിലൂടെ ന്യൂട്രിയന്റ് അടങ്ങിയ വെള്ളം ഒഴുക്കുന്നു. പൈപ്പിൽ തുളയിട്ട് അതിൽ മീഡിയ നിറച്ച നെറ്റ്പോട്ട് വച്ച് ചെടികൾ നടുന്നു.
ഡച്ച് ബക്കറ്റ് സിസ്റ്റത്തിലും ചഎഠ യിലും ചെടികളുടെ പകുതി വേരുകൾ വായുവിലും പകുതി വേരുകൾ വെള്ളത്തിലും ആയി നിൽക്കുന്നതുകൊണ്ട് ചെടികൾക്ക് ആവശ്യമായ വായുവും ന്യൂട്രിയൻസും ലഭ്യമാകുന്നു.
ന്യൂട്രിയന്റ് ഫിലിം ടെക്നിക്കിൽ ലെറ്റ്യൂസ്, പാലക്ക്, ചീര, ബാസിൽ, ചൈനീസ് കാബേജ് തുടങ്ങിയ ഇലച്ചെടികൾ കൃഷി ചെയ്യുന്നത് നല്ലതായിട്ടാണ് കണ്ടിട്ടുള്ളത്.
റാഫ്റ്റ് ബഡ് സിസ്റ്റം അഥവാ ഡീപ് വാട്ടർ കൾച്ചർ സിസ്റ്റത്തിലും ബെഡ് സിസ്റ്റത്തിലും ഡച്ച് ബക്കറ്റ് സിസ്റ്റത്തിലും മുളക്, വെണ്ട, തക്കാളി, പയർ, സാലഡ് കുക്കുന്പർ, കാപ്സിക്കം തുടങ്ങിയവയും ലെറ്റ്യൂസ്, പാലക്ക്, ചീര, ബാസിൽ, ചൈനീസ് കാബേജ് തുടങ്ങിയ ഇലച്ചെടികളും കൃഷി ചെയ്യുന്നു.
ഹൈഡ്രോപോണിക്സ് കൃഷിയിൽ ബാലൻസ്ഡ് ന്യൂട്രിയന്റ് മിക്സ് ചെടികൾക്ക് കൊടുക്കുന്നതിനാൽ പോഷകസന്പുഷ്ടമായ ഉത്പന്നങ്ങൾ (ജൈവകൃഷിയെയും അക്വാപോണിക്സ് കൃഷി രീതിയെയും അപേക്ഷിച്ച്) ലഭിക്കുന്നു.
ഹൈഡ്രോപോണിക്സ് സിസ്റ്റത്തിൽ ടാങ്കിൽനിന്നു വെള്ളം ചെടികൾ വളർത്തുന്ന ബെഡുകളിലേക്കും തിരിച്ച് ടാങ്കിലേക്കും പന്പ് ചെയ്യുന്നതിനായി പന്പുസെറ്റും വെള്ളം പരിചംക്രമണം ചെയ്യുകയും ചെയ്യുന്ന സംവിധാനവും വേണം.
വെള്ളത്തിൽ ഇടാവുന്ന സബ്മേഴ്സിബിൾപന്പ് സെറ്റും ആവശ്യത്തിന് വലിപ്പമുള്ള പൈപ്പ് സിസ്റ്റവും ഇതിനായി ഉപയോഗിക്കാം.
വെള്ളത്തിൽ ഓക്സിജൻ ലയിപ്പിക്കുന്നതിന് എയറേററിംഗ് സംവിധാനം (എയർ ബ്ലോവർ) ഉപയോഗപ്പെടുത്തുന്നു. ഇത് വായുവിലുള്ള ഓക്സിജനെ വെള്ളത്തിൽ ലയിപ്പിച്ച് ഓക്സിജന്റെ ലഭ്യത ഉറപ്പു വരുത്തുന്നു.
അക്വാപോണിക്സ് കൃഷിരീതി
അക്വാപോണിക്സ് എന്നാൽ ഹൈഡ്രോപോണിക്സും അക്വാകൾച്ചറും കൂടിയതാണ്. ഈ കൃഷിയിൽ മീനും ചെടിയും ഒരുമിച്ചാണ് കൃഷി ചെയ്യുന്നത്. ബാക്ടീരിയകളുടെ പ്രവർത്തനം മൂലം മീനിന്റെ കാഷ്ഠം നൈട്രേറ്റ് രൂപത്തിലാക്കി ചെടികൾക്ക് വളമായി നല്കുന്നു.
ചെടികൾ വെള്ളം ശുദ്ധികരിച്ച് മീനിന്റെ വളർച്ചക്ക് അനുകൂലമായ അവസ്ഥ സംജാതമാക്കുകയും ചെയ്യും. മീനിന്റെ കാഷ്ഠത്തിൽ ചെറിയതോതിൽ ഫോസ്ഫറസും പൊട്ടാഷും ചെടിക്ക് ആവശ്യമായ മറ്റ് മൂലകങ്ങളും അടങ്ങിയിട്ടുണ്ട്.
കൂടാതെ ചെടികൾക്ക് അത്യാവശത്തിനുള്ള ന്യൂട്രിയൻസ് നമുക്ക് നൽകാനുള്ള ടെക്നോളജിയും ലേഖിക ഹൈടെക് റിസെർച്ച് & ട്രെയിനിംഗ് യൂണിറ്റിൽ നടത്തിയ പരീക്ഷണങ്ങളിൽ ഉരുത്തിരിഞ്ഞിട്ടുണ്ട്.
അക്വാപോണിക്സ് കൃഷി ഒരേ സമയം മീനും പച്ചക്കറിയും പ്രദാനം ചെയ്യുന്നു. അക്വാപോണിക്സ് കൃഷിയിൽ കളനാശിനിയോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാൽ ജൈവരീതിയിൽ/തികച്ചും സുരക്ഷിതമായ രീതിയിൽ ഉത്പാദിപ്പിച്ച് ആരോഗ്യദായകമായ പച്ചക്കറിയും മീനുമാണ് ലഭിക്കുന്നത്.
സാധാരണ അക്വാകൾച്ചറിനെ അപേക്ഷിച്ച് അക്വാപോണിക്സ് കൃഷിരീതിയിൽ 30 മുതൽ 100 ഇരട്ടി വരെ മീൻ കൃഷി ചെയ്യാനാകും. ഒരു സിസ്റ്റത്തിൽ തന്നെ വിവിധ തരം ചെടികൾ കാലാനുസൃതമല്ലാതെ കൊല്ലം മുഴുവനും കൃഷി ചെയ്യുവാനാകും.
അക്വാപോണിക്സ് സിസ്റ്റത്തിന്റെ വിവിധ സംവിധാനങ്ങൾ
അക്വാപോണിക്സ് സിസ്റ്റത്തിൽ പ്രധാനമായും രണ്ടു ഭാഗങ്ങളാണ് ഉള്ളത്.
1. അക്വാകൾച്ചർ ഭാഗം- ഇതിൽ മീനും മറ്റു അക്വാറ്റിക് ജീവികളും വളരുന്നു. 2. ഹൈഡ്രോപോണിക്സ് ഭാഗം- ഇവിടെ ചെടികൾ വളരുന്നു.
വളരെയധികം മീനിനെ കുളത്തിൽ/ടാങ്കിൽ ഒരുമിച്ച് വളർത്തുന്നതിനാൽ മീനിന്റെ കാഷ്ഠത്തിന്റെ സാന്ദ്രത കൂടുതലുള്ള വെള്ളം മീനിനും മറ്റു ജലജീവികൾക്കും ഹാനികരമാകുന്നതാണ്.
അതിനാൽ മേൽപറഞ്ഞ പ്രധാന ഭാഗങ്ങൾക്കു പുറമെ മറ്റു പ്രധാന ഘടകങ്ങളും അക്വാപോണിക്സ് സിസ്റ്റത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
ഇവ വെള്ളത്തിലെ അമോണിയ/നൈട്രൈറ്റിനെ നൈട്രേററ് ആക്കി മാറ്റി ചെടികൾക്ക് വേണ്ട വളമാക്കി മാറ്റി കൊടുക്കുക, വെള്ളത്തിലെ അമ്ലാംശം കുറയ്ക്കുക, വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഓക്സിജന്റെ അളവ് (Dissolved Oxygen) ആവശ്യാനുസരണം നിലനിർത്തുക തുടങ്ങി വിവിധ കാര്യങ്ങൾ ചെയ്തുവരുന്നു.
ഇതിനായി സിസ്റ്റത്തിൽ ആവശ്യം ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ താഴെ പ്രതിപാദിപ്പിക്കുന്നു.

1. മീൻ വളർത്തുന്നതിനുള്ള കുളം/ടാങ്ക്: ടാങ്ക്/കുളത്തിലാണ് മീനിനെ വളർത്തുന്നത്. ഇവിടെ വച്ചുതന്നെയാണ് നാം മീനിന് ആവശ്യമായ തീററ കൊടുക്കുന്നത്.
2. പമ്പുസെററും വെള്ളം പരിചംക്രമണം ചെയ്യുകയും ചെയ്യുന്ന സംവിധാനം: മീൻ വളർത്തുന്ന ടാങ്കിൽനിന്നു വെള്ളം ചെടികൾ വളർത്തുന്ന ബഡുകളിലേക്കും തിരിച്ച് ടാങ്കിലേക്കും പന്പ് ചെയ്യുന്നതിനായി ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു.
വെള്ളത്തിൽ ഇടാവുന്ന സബ്മേഴ്സിബിൾ പമ്പ് സെറ്റും ആവശ്യത്തിന് വലിപ്പമുള്ള പൈപ്പ് സിസ്റ്റവും ഇതിനായി ഉപയോഗിക്കുന്നു.
3. എയറേററിംഗ് സംവിധാനം (എയറേറ്റർ/എയർ ബ്ലോവർ)- വെള്ളത്തിൽ ഓക്സിജൻ ലയിപ്പിക്കുന്നതിന് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. ഇത് വായുവിലുള്ള ഓക്സിജനെ വെള്ളത്തിൽ ലയിപ്പിച്ച് മീനിന് ഓക്സിജന്റെ ലഭ്യത ഉറപ്പു വരുത്തുന്നു.
4. സെറ്റിലിംഗ് ബേസിൻ- ഇവ മീൻ തിന്നാതെ ബാക്കിയാകുന്ന ഭക്ഷണ പദാർഥങ്ങളുംമറ്റും അരിച്ച് അടിയിൽ അടിയിപ്പിച്ച് മറ്റു സിസ്റ്റങ്ങളിലെ വെള്ളത്തിലെ ലയിച്ച ഓക്സിജന്റെ അളവ് ആവശ്യാനുസരണം നിലനിർത്താനും അക്വാപോണിക്സ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിനും സഹായിക്കുന്നു.
5. ഹൈഡ്രോപോണിക്സ് സിസ്റ്റം: ചെടികളെ വളർത്തുന്നതിനായി മീഡിയ ബഡ് സിസ്റ്റമോ, റാഫ്റ്റ് സിസ്റ്റമോ, ന്യൂട്രിയന്റ് ഫിലിം ടെക്നിക്ക് ഉപയോഗിച്ചുള്ള ബഡ് സിസ്റ്റമോ ഉപയോഗപ്പെടുത്താം.
6. മെക്കാനിക്കൽ ഫിൽറ്റർ: വെള്ളത്തിൽ പൊന്തിക്കിടക്കുന്നതും താഴെ അടിയുന്നതുമായ ഖരാവസ്ഥയിലുള്ള മീനിന്റെ കാഷ്ഠവും ചെടികളുടെ അവശിഷ്ടങ്ങളും അക്വാപോണിക്സ് സിസ്റ്റത്തിൽനിന്നും അരിച്ചു മാററുന്നതിനായാണ് മെക്കാനിക്കൽ ഫിൽറ്റർ ഉപയോഗപ്പെടുത്തുന്നത്.
7. ബയോഫിൽറ്റർ: മെക്കാനിക്കൽ ഫിൽറ്ററിന് വെള്ളത്തിൽ പൊന്തിക്കിടക്കുന്ന വളരെ ചെറിയ മാലിന്യവും വെള്ളത്തിൽ അലിഞ്ഞിരിക്കുന്നതും ചെടികൾക്കും മീനിനും ദോഷകരമായതുമായ പല മാലിന്യവും (പ്രത്യേകിച്ചും അമോണിയയും നൈട്രൈററും) അരിച്ചുമാററാനാകില്ല.
ഇതിനായി ബയോഫിൽറ്ററാണ് ഉപയോഗപ്പെടുത്തുന്നത്. ഹൈഡ്രോപോണിക്സിലെ ബെഡ്; ന്യൂട്രിയന്റ് ഫിലിം ടെക്നിക് ഉപയോഗിച്ചുള്ള ബെഡ് ആണെങ്കിലും ഡ്രീപ് വാട്ടർ കൾച്ചർ അഥവാ റാഫറ്റ് ബെഡ് സിസ്റ്റമാണെങ്കിലും മെക്കാനിക്കൽ ഫിൽറ്റർ, ബയോഫിൽറ്റർ എന്നിവ തീർച്ചയായും കൊടുത്തിരിക്കണം.
ഡോ. പി. സുശീല
റിട്ട. പ്രഫസർ & പി.ഐ (ഹൈടെക് റിസർച്ച് & ട്രെയിനിംഗ് സെന്റർ, കേരള കാർഷിക സർവകലാശാല), കണ്സൾട്ടന്റ് & ട്രെയ്നർ (ഹൈടെക് കൾട്ടിവേഷൻ).
Tags : Karshakan Agriculture