വന്യമൃഗശല്യത്തെ അതിജീവിച്ച് മത്സ്യകൃഷി ചെയ്ത് നൂറുമേനി വിളയിച്ച് മാതൃകയാവുയാണ് കോതവഴിക്കൽ സിന്ധു ജോബിഷ്. പുൽപ്പള്ളി പഞ്ചായത്തിലെ വേലിയന്പത്ത് വനാതിർത്തിയോട് ചേർന്ന 16 ഏക്കർ കൃഷിസ്ഥലത്തെ നാലേക്കറിലെ രണ്ടു കുളങ്ങളിലായാണ് മത്സ്യകൃഷി.
മൂന്നു വർഷത്തോളമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് മത്സ്യകൃഷി നടത്തി വരുന്നത്. തിലോപ്പിയ, ചെന്പല്ലി, ഗ്രാസ് കാർപ്പ്, വരാൽ, കാരി, കരിമീൻ, നട്ടർ എന്നിങ്ങനെ വിവിധങ്ങളായ മത്സ്യങ്ങളാണ് കൃഷി ചെയ്ത് വരുന്നത്. പ്രധാനമായി വരാലും വിവിധയിനം തിലോപ്പിയയുമാണ് വ്യാവസായിക അടിസ്ഥാത്തിൽ കൃഷി ചെയ്ത് വരുന്നത്.
കുളത്തിനോടുചേർന്ന പാടത്ത് നെൽകൃഷിക്കൊപ്പം മീൻ വളർത്തുന്ന രീതിയും ഇവിടെ അവലംബിച്ചിട്ടുണ്ട്. വനത്തിൽനിന്നു വന്യമൃഗങ്ങൾ കൂട്ടമായി കൃഷിയിടത്തിലിറങ്ങി കാർഷിക വിളകൾ പൂർണമായി നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് മത്സൃകൃഷിയിലേക്ക് തിരിയാൻ കാരണമായത്.
വിദേശത്തെ നഴ്സിംഗ് ജോലി ഉപേക്ഷിച്ചാണ് സിന്ധു വേറിട്ട രീതികൾ അവലംബിച്ച് കൃഷിയിലേക്കിറങ്ങിയത്. ഇതിനിടെ നിരവധി കർഷകപുരസ്കാരങ്ങളും ഈ വീട്ടമ്മ സ്വന്തമാക്കിയിട്ടുണ്ട്. ഭർത്താവ് ജോബിഷിനോടൊപ്പം ചേർന്ന് മത്സ്യകൃഷി കൂടുതൽ വ്യാപകമാക്കാനുള്ള ശ്രമത്തിലാണ് ഇവർ.
12 മാസവും വിളവെടുക്കാവുന്ന രീതിയിലുള്ള കൃഷിരീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. ദിവസവും നിരവധിയാളുകൾ മത്സ്യം വാങ്ങാൻ ഇവിടെ എത്തുന്നുണ്ട്. അധികം വൈകാതെ മത്സ്യവിപണത്തിനായി ഒൗട്ട് ലെറ്റ് സ്ഥാപിക്കുമെന്നും സിന്ധു പറഞ്ഞു.
മത്സ്യകൃഷിക്കു പുറമേ ഒൗഷധസസ്യങ്ങളും നട്ടു പരിപാലിക്കുന്നുണ്ട്. മത്സ്യകുളത്തിനരികിലും കൃഷിയിടങ്ങളിലുമായി 56ഓളം ഇനങ്ങളിലുള്ള മുളകളും കൃഷി ചെയ്തു വരുന്നു.
ആന്ധ്രാ, പൂന എന്നിവിടങ്ങളിൽനിന്നും പുൽപ്പള്ളിയിലെ ജോണ്സണ് തൊട്ടിയിലിന്റെ മുളശേഖരത്തിൽനിന്നുമാണ് അപൂർവങ്ങളായ മുളകൾ എത്തിച്ചത്.

ഇപ്പോൾ നാലായിരത്തോളം മുളകളാണ് കൃഷിയിടത്തിലുള്ളത്. ലാത്തി മുള, ബ്ലാക്ക് ബുദ്ധ തുടങ്ങിയ മുളകളാണ് കുടുതലും. മത്സ്യക്കുളത്തിന്റെ ഇരുകരകളിലും മുളങ്കാടുകൾ വളർത്തി സ്വന്തം കൃഷിഭൂമിയിലെ വരൾച്ചയെയും മണ്ണിടിച്ചിൽ അടക്കമുള്ള പ്രളയ പ്രതിസന്ധികളെയും പ്രതിരോധിക്കുന്നു.
കർണാടകയിലെ കാലാവസ്ഥയുടെ പ്രതിഫലനം കേരള-കർണാടക അതിർത്തി മേഖലയെ സാരമായി ബാധിക്കുന്പോൾ എങ്ങനെ ഇതിനെ പ്രകൃതികൊണ്ട് പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് ഈ വീട്ടമ്മ.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന വരൾച്ചയെ പ്രതിരോധിക്കുന്നതിനായും മണ്ണിടിച്ചിൽ തടയുന്നതിനുമാണ് മുള നട്ടുപിടിപ്പിച്ചത്. ഇതു കൃഷിയിടത്തിൽ പടർന്നു പന്തലിച്ചു ഹരിതാഭമായി. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന മുളകളാണ് നട്ടിരിക്കുന്നത്. കൃഷിയിടത്തിന്റെ ഒരു ഭാഗം തോടാണ്. അതിരുകളിൽ മുളകൾ നട്ടുപിടിപ്പിക്കാൻ തുടങ്ങിയതോടെ മണ്ണിടിച്ചിലും ഇല്ലാതായി.
പച്ചപ്പണിഞ്ഞ മുളന്തോട്ടവും മത്സ്യക്കുളവും കാണാനായി നിരവധി ആളുകളാണ് വേലിയന്പത്തെ വീട്ടിൽ എത്തുന്നത്. 16 ഏക്കർ കൃഷിയിടത്തിൽ വ്യത്യസ്തങ്ങളായ കൃഷി ആരംഭിക്കാനുള്ള ശ്രമത്തിലാണ് ഇവർ.
വന്യജീവിശല്യത്തെ പ്രതിരോധിക്കാൻ കൃഷിയിടത്തിൽ ജൈവവേലി നിർമിച്ച് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഈ ദന്പതികൾ. മക്കളായ ഇവാൻ, എവിൻ, എലൈൻ എന്നിവരും ഇവരോടൊപ്പം കൃഷിയിൽ സജീവമാണ്.
ഫോണ്: 8921471750
Tags : Karshakan Agriculture