പരവൂര്‍: പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലവര്‍ധനയ്ക്ക് പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകള്‍ക്കുള്ള ഫീസും കുത്തനെ കൂട്ടാന്‍ നീക്കം.
സ്വന്തം ബാങ്കിന്റേതല്ലാത്ത മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോള്‍ ഈടാക്കുന്ന എടിഎം ഇന്റര്‍ചേഞ്ച് ഫീസ് നിലവിലെ 19 രൂപയില്‍ നിന്ന് 21 രൂപയായി ഉയര്‍ത്താനാണ് ആലോചന. ഇത് സംബന്ധിച്ച നിര്‍ദേശം അധികൃതരുടെ പരിഗണനയിലാണ്.
ബാങ്കുകളുടെ എടിഎം പ്രവര്‍ത്തനച്ചെലവിനെ രാജ്യത്തെ മൊത്തവില പണപ്പെരുപ്പ സൂചികയുമായി ബന്ധിപ്പിക്കാനാണ് പുതിയ നീക്കം. ഇത് യാഥാര്‍ഥ്യമായാല്‍ ഓരോ മാസത്തെയും വിലക്കയറ്റ നിരക്കിന് അനുസരിച്ച് എടിഎം ഫീസിലും മാറ്റമുണ്ടാകും. അതായത്, പ്രവര്‍ത്തനച്ചെലവ് കൂടുകയും കുറയുകയും ചെയ്യുന്നതിന് അനുസരിച്ച് ഉപഭോക്താവ് നല്‍കേണ്ട ഫീസിലും മാസംതോറും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാം.
നിലവിലെ നിയമപ്രകാരം മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ മൂന്ന് ഇടപാടുകളും ഗ്രാമങ്ങളിലും ഇതര നഗരങ്ങളിലും അഞ്ച് ഇടപാടുകളും പ്രതിമാസം സൗജന്യമാണ്. ഇതിനു ശേഷമുള്ള ഓരോ ഇടപാടിനുമാണ് ഫീസ് നല്‍കേണ്ടി വരിക.
ദിവസേന പണമിടപാടുകള്‍ നടത്തുന്ന ചെറുകിട വ്യാപാരികള്‍ക്കും സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കും ഈ ഫീസ് വര്‍ധന വലിയ തിരിച്ചടിയാകും.
Tags : ATM transaction fees increase