മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനായി ഒരു വർഷത്തേക്ക് സ്വർണാഭരണങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഹൈദരാബാദിൽ നടന്ന പൊതുറാലിയിൽ പ്രധാനമന്ത്രി നടത്തിയ ഈ അപ്രതീക്ഷിത പ്രസ്താവന ഇന്ത്യൻ സ്വർണവിപണിയെയും ഓഹരിവിപണിയെയും ഒരുപോലെ ഉലച്ചു. ഇതോടെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളുടെ ഓഹരികൾ ആറു മുതൽ ഒമ്പതു ശതമാനം വരെ ഇടിഞ്ഞു.
ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് ഇന്ത്യയെ കടുത്ത നടപടികളിലേക്കു നീങ്ങാൻ പ്രേരിപ്പിക്കുന്നത്. എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ ഡോളർ ചെലവാക്കേണ്ടിവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നതിനാലാണ് സ്വർണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ വർധിപ്പിക്കുമെന്ന ആശങ്കയും വിപണിയിൽ ശക്തമാണ്. എന്നാൽ, സ്വർണത്തിന്റെയും വെള്ളിയുടെയും തീരുവ വർധിപ്പിക്കാൻ നിലവിൽ ആലോചനയില്ലെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. അതേസമയം രൂപയുടെ മൂല്യം റിക്കാർഡ് ഇടിവിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ്. ഡോളറിനെതിരേ 95.31 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതി നടപ്പാക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും പ്രധാനമന്ത്രി അഭ്യർഥിച്ചിട്ടുണ്ട്. ഇന്ധന വിതരണക്കാർക്ക് ഒരു ലിറ്റർ ഡീസലിന് 100 രൂപയും പെട്രോളിന് 20 രൂപയും എന്ന നിരക്കിൽ നഷ്ടം സംഭവിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണവിപണിയിലെ ഈ അനിശ്ചിതത്വം ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
വിദേശനാണ്യ ശേഖരത്തിലെ കുറവ്: മേയ് ഒന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 7.794 ബില്യൺ ഡോളർ കുറഞ്ഞ് 690.693 ബില്യൺ ഡോളറിലെത്തി. ഫെബ്രുവരിയിലെ റിക്കാർഡ് ഉയർച്ചയിൽനിന്നുള്ള ഈ ഇടിവ് സർക്കാരിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇറക്കുമതി ഭാരം: ഇന്ത്യയുടെ ഇറക്കുമതിച്ചെലവിൽ സിംഹഭാഗവും സ്വർണത്തിനും അസംസ്കൃത എണ്ണയ്ക്കുമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ സ്വർണ ഇറക്കുമതി 24% വർധിച്ച് 71.98 ബില്യൺ ഡോളറിലെത്തിയിരുന്നു. ഇത് വ്യാപാരകമ്മി വർധിപ്പിക്കാൻ കാരണമായി.
എണ്ണവിലയും പണപ്പെരുപ്പവും: എണ്ണവിലയിൽ ഉണ്ടാകുന്ന 10% വർധന രാജ്യത്തിന്റെ സാമ്പത്തികവളർച്ചയെ ബാധിക്കുകയും പണപ്പെരുപ്പം 30 ബേസിസ് പോയിന്റ് ഉയർത്തുകയും ചെയ്യുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.
വിപണിയിലെ പ്രതികരണങ്ങൾ
ജ്വല്ലറി ഓഹരികളുടെ തകർച്ച: പ്രധാനമന്ത്രിയുടെ പ്രസ്താവനയെത്തുടർന്ന് ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഓഹരികൾ 5% മുതൽ 12% വരെ ഇടിഞ്ഞു. ഭൗതിക സ്വർണത്തിന്റെ (Physical Gold) ഉപയോഗം കുറയുമെന്ന ഭീതിയാണ് ഇതിനു കാരണം.
സ്വർണവിലയിലെ മാറ്റം: ആഭ്യന്തരവിപണിയിൽ സ്വർണവിലയിൽ ചെറിയ കുറവ് (0.25%) ഉണ്ടായെങ്കിലും, ആഗോള ഘടകങ്ങളാണ് വിലയെ പ്രധാനമായും നിയന്ത്രിക്കുന്നത്. അമേരിക്കൻ ഡോളറിന്റെ കരുത്തും പലിശനിരക്കിലെ മാറ്റങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
Tags : gold West Asian conflict PM Modi foreign exchange reserves Gulf War