ഒല്ലൂർ: സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 20 പേർക്കു പരിക്കേറ്റു. ഇഎസ്ഐ ആശുപത്രിക്കു സമീപമായിരുന്നു അപകടം. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ വടൂക്കര സ്വദേശി നിർമൽ ജോർജ് (41), പാലപ്പിള്ളി സ്വദേശി സന്ധ്യമോൾ(26), ചൊവ്വൂർ സ്വദേശി തെരേസ(68), കല്ലൂർ സ്വദേശി ജോയ്സി(58) എന്നിവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലോർ ഭാഗത്തുനിന്നു തൃശൂരിലേക്കു വരികയായിരുന്ന മാതാ ബസും തൃശൂരിൽനിന്നു തലോർ ഭാഗത്തേക്കു പോവുകയായിരുന്ന സുമംഗലി ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസിന്റെ ഡ്രൈവർസീറ്റിൽ കുടുങ്ങിയ ഡ്രൈവറെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഒല്ലൂർ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.