അളഗപ്പനഗര്‍: പാഠം ഒന്ന് പാടത്തേക്ക് എന്ന ആശയവുമായി അളഗപ്പനഗര്‍ പഞ്ചായത്ത് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ കാര്‍ഷിക ക്ലബ്ബിലെ കുട്ടികള്‍ കാവല്ലൂര്‍ പച്ചളിപ്പുറം വട്ടണാത്ര പാടശേഖരത്തില്‍ ഞാറു നടാന്‍ ഇറങ്ങിയത് പുത്തന്‍ കൃഷിപാഠമായി. പഞ്ചായത്തിലെ പാരിജാതം ഹരിത സേനയുടെയും സ്കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുട്ടി കര്‍ഷകരോടൊപ്പം രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും പാടത്ത് ഞാറു നടാന്‍ ഇറങ്ങി.
നെല്‍കൃഷിക്കുള്ള നിലമൊരുക്കല്‍, ഞാറ്റടി തയാറാക്കല്‍, ഞാറു നടീല്‍ എന്നിവയുടെ പാഠങ്ങള്‍ കര്‍ഷക തൊഴിലാളികളില്‍ നിന്നും കര്‍ഷകരില്‍ നിന്നും കുട്ടികള്‍ മനസിലാക്കി. ഹരിത സേനയിലെ തൊഴിലാളികള്‍ പരമ്പരാഗത രീതിയില്‍ ഞാറു നടന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു. നാടന്‍ പാട്ടുകള്‍ക്കും കൃഷിപ്പാട്ടുകള്ക്കും ഒപ്പം ഒരു പാടം മുഴുവനും കുട്ടികള്‍ ഞാറ് നട്ടു. കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന നെല്ലിന്റെ ഞാറാണ് നട്ടത്.
പഞ്ചായത്ത് പ്രസിഡന്റ് ഭാഗ്യവതി ചന്ദ്രന് ഞാറ്റുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ ഇ.എന്‍. രവീന്ദ്രന് കുട്ടികള്‍ക്ക് ക്ലാസ് എടുത്തു. വാര്‍ഡ് മെമ്പര്‍മാരായ ലിറ്റി മെജോ, കെ.കെ. ഹരിദാസ്, സിനി ബിജു സോജിയ പിന്റോ, പ്രധാന അധ്യാപിക സിനി എം. കുര്യാക്കോസ്, പിടിഎ പ്രസിഡന്റ് സോജന് ജോസഫ്, പാരിജാതം ഹരിത സേന ഭാരവാഹികളായ എ.ആര്. സംഗീത, ബിനി ജെയ്സന് കാര്‍ഷിക ക്ലബ് കണ്‍വീനര്‍ എം.ബി. സജീഷ്, അധ്യാപകരായ ഐ.എസ്. ജിഷ, പി.ഡി. ലീന എന്നിവര്‍ സംസാരിച്ചു.
Tags : Njattu song Nattuvishesham District news