ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട എക്സൈസും പോലീസും ചേര്‍ന്നു നടത്തിയ ഫണ്‍ റണ്ണിനോടനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടന്ന
പത്തനംതിട്ട: മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് - ലഹരി വര്‍ജ്ജന മിഷന് - വിമുക്തിയുടെയും പത്തനംതിട്ട പോലീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ വിപുലമായ മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ നടന്ന ഫണ്‍ റണ്‍ പരിപാടിയോടെ തുടങ്ങിയ ദിനാചരണ പരിപാടികള്‍ക്ക് പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.എല്‍. ഷിബു നേതൃത്വം നല്കി.
എക്സൈസ് വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടികളില്‍ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കാളികളായി. കാതോലിക്കേറ്റ് കോളജില്‍ നടന്ന ജില്ലാതല ഉദ്ഘാടനം അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിച്ചു.
പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി മുഖ്യ പ്രഭാഷണം നടത്തി.
ലഹരിവിരുദ്ധദിന സന്ദേശവും വിമുക്തി അംബാസിഡര്‍ പ്രഖ്യാപനവും പത്തനംതിട്ട ജില്ലാ കളക്ടര്‍ എ. നിസാമുദ്ദീന്‍ നിര്‍വഹിച്ചു.
കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പാള്‍ റെന്നി പി. വര്‍ഗീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് മയക്കുമരുന്ന് വിരുദ്ധ ദിന സന്ദേശം നല്കി.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ്. അനില്‍കുമാർ, വിമുക്തി മാനേജര്‍ എസ്. സനിൽ, അഡീഷണല്‍ എസ്പി ടി. വിജയൻ, പത്തനംതിട്ട നര്‍ക്കോട്ടിക് ഡിവൈഎസ്പി ടി.ആർ. പ്രകാശ്, കെഎസ്ഇഎസ്എ ജില്ലാ ആക്ടിംഗ് സെക്രട്ടറി ജി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഫണ്‍ റണ്ണിനോടനുബന്ധിച്ച് പത്തനംതിട്ട മൗണ്ട് ബഥനി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും സമ്മേളനത്തോടനുബന്ധിച്ച് കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള ഫ്ളാഷ് മോബ് അടക്കമുള്ള കലാപരിപാടികളും ശ്രദ്ധേയമായി.