ദേശീയപാത നിർമാണത്തിലെ അപാകതകളിൽ പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും
തുറവൂർ: അരൂർ നിയോജകമണ്ഡലത്തിലെ വിവിധ പദ്ധതികളുടെ വിലയിരുത്തൽ യോഗം കളക്ടറേറ്റിൽനടന്നു. തുറവൂരിൽ 220 കെവി സബ്സ്റ്റേഷൻ നിർമിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടർ അഥോറിറ്റിയുടെ കൈവശമുള്ള സ്ഥലത്തുനിന്ന് രണ്ടേക്കർ കെഎസ്ഇബിക്ക് വിട്ടുനൽകും. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള യോഗം വാട്ടർ അഥോറിറ്റിയുടെ പ്രതിനിധികൾ, കെഎസ്ഇബി, റവന്യു വകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ കൂടി. സ്ഥലവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സബ്സ്റ്റേഷന്റെ ടെൻഡർ നടപടികൾ ഒരു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പദ്ധതി പൂർത്തീകരിക്കുന്നതോടെ ഈ മേഖലയിലുള്ള വൈദ്യുതി പ്രതിസന്ധികൾ ഭൂരിഭാഗവും പരിഹരിക്കാൻ കഴിയും.
ദേശീയപാതയിൽ അരൂരിൽനിന്നു തുറവൂർ വരെ നിർമിക്കുന്ന ഉയരപ്പാതയുടെയും റോഡുകളുടെയും നിർമാണത്തിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കും. ഇതിനായി ദേശീയപാത അഥോറിറ്റിയുടെയും കരാറുകാരുടെയും പരാതിക്കാരുടെയും യോഗം കളക്ടറേറ്റിൽ കൂടി. റോഡിനു സമീപമുള്ള കാന നിർമാണത്തിലെ ഉയരവർധനവ് സമീപത്തെ താമസക്കാർക്കും കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന വിവരം ദേശീയപാതാ അധികൃതരെ ബോധ്യപ്പെടുത്തി.
ഇതു സംബന്ധിച്ച് സംയുക്ത പരിശോധന നടത്താൻ യോഗം തീരുമാനിച്ചു. പരാതിക്കാരുടെ ആശങ്കകൾ പരിഹരിച്ചു മാത്രം നിർമാണം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഡെപ്യൂട്ടി സ്പീക്കർ കർശന നിർദേശം നൽകി.
തുറവൂർ ജംഗ്ഷന് തെക്കുവശം അണ്ടർപാസ് നിർമിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യവും നാഷണൽ ഹൈവേ അഥോറിറ്റിയുമായി ചർച്ച ചെയ്തു. തീരദേശ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുള്ള അഞ്ചു കോടി രൂപയുടെ ഡിപിആർ ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും.
നിർമാണം സമയബന്ധിതമായി ആരംഭിക്കും. കുത്തിയതോട്, എഴുപുന്ന, തുറവൂർ പഞ്ചായത്തുകളിലെ തീരദേശത്തെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കും. ചേരിങ്കൽ, മൂർത്തിങ്കൽ ഹേലാപുരം പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ഷാനിമോൾ ഉസ്മാൻ എംഎൽഎ ആവശ്യപ്പെട്ടു.
Tags : Nattuvishesham Local Desk 220 KV Substation Thuravoor