കോട്ടയം: ദേശീയ സെന്‍സസ് 2027ന്റെ ഭാഗമായി പൊതുജനങ്ങള്‍ സ്വന്തം കുടുംബ വിവരങ്ങള്‍ നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന സെല്‍ഫ് എന്യുമറേഷന് ഇന്നവസാനിക്കും.
ഇന്നലെ വരെ 47,465 കുടുംബങ്ങള്‍ സെല്‍ഫ് എന്യുമറേഷന് നടത്തി. നാളെ മുതല്‍ 31 വരെ എന്യുമറേറ്റര്മാര് വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിക്കും. സെല്‍ഫ് എന്യുമേറേഷന്‍ നടത്തിയിട്ടുള്ള കുടുംബങ്ങള്‍ ഓണ്‍ലൈനില്‍ ലഭിച്ച സെല്‍ഫ് എന്യുമറേഷന് ഐഡി എന്യുമറേറ്റര്‍മാര്‍ക്ക് നല്‍കണം.
ഇത് പരിശോധിച്ച് വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷം എന്യുമറേറ്റര്മാര് വിവര ശേഖരണം പൂര്‍ത്തീകരിക്കും. 31 വരെ നീണ്ടുനില്‍ക്കുന്ന എന്യുമറേഷനുവേണ്ടി ജില്ലയില്‍ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇവരുടെ മേല്‍നോട്ടത്തിനായി 537 ചാര്‍ജ് ഓഫീസര്‍മാരുമുണ്ട്. പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയാണ് ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗം സെല്‍ഫ് എന്യുമേഷന് പ്രവര്‍ത്തനങ്ങളും ഭവന സന്ദര്‍ശനത്തിനുള്ള ക്രമീകരണങ്ങളും വിലയിരുത്തി.
Tags : nattuvishesham district news