കണിയാരം സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന എകെസിസി നേതൃസംഗമത്തിൽ പങ്കെടുത്തവർ.
മാനന്തവാടി: എകെസിസി മാനന്തവാടി മേഖലാ സമിതിയുടെ നേതൃത്വത്തിൽ കണിയാരം സെന്റ് ജോസഫ് കത്തീഡ്രലിൽ നേതൃസംഗമം സംഘടിപ്പിച്ചു.
രാജ്യത്തിനും സമൂഹത്തിനും സീറോ മലബാർ സമുദായം നൽകിയ സംഭാവനകളെ ഇളംതലമുറയിലേക്ക് കൈമാറുക എന്ന മഹത്തായ ലക്ഷ്യമാണ് നമുക്കുള്ളതെന്നും പൂർവപിതാക്കൾ പകർന്നു നൽകിയ സമുദായ ബോധവും സാമൂഹ്യബോധവും നഷ്ടപ്പെടരുതെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മാനന്തവാടി രൂപത വികാരി ജനറാൾ മോണ്‍. പോൾ മുണ്ടോളിക്കൽ ഓർമപ്പെടുത്തി. മാനന്തവാടി ഫൊറോന പ്രസിഡന്റ് റോബി താണികുന്നേൽ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ "എന്റെ സമുദായം എന്റെ അഭിമാനം' എന്ന വിഷയത്തിൽ എകെസിസി രൂപത ജനറൽസെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ ക്ലാസെടുത്തു. ഫൊറോനയിൽനിന്നുള്ള തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളെ രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ടുകാവുങ്കൽ പൊന്നാട അണിയിച്ചു.
പള്ളികളോടൊപ്പം പള്ളിക്കൂടവും, ഉച്ചഭക്ഷണവും സംസ്കൃത പഠനം തുടങ്ങിയ മഹത്തായ ആശയം ലോകത്തിന് പകർന്നു നൽകിയ വിശുദ്ധ ചവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ പിൻഗാമികളാണ് നാമെന്ന കാര്യം മറന്നു പോകരുതെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
കണിയാരം കത്തീഡ്രൽ വികാരി ഫാ. സോണി വാഴക്കാട്ട്, എകെസിസി മാനന്തവാടി മേഖല ഡയറക്ടർ ഫാ. തോമസ് പ്ലാശനാൽ, ഗ്ലോബൽ സമിതി അംഗം ഗ്ലാഡിസ് ചെറിയാൻ, രൂപത വൈസ് പ്രസിഡന്റ് റെനിൽ കഴുതാടിയിൽ, ഫൊറോന സെക്രട്ടറി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്തംഗം എൽസി ജോയ്, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് സുജിത്ത് തോപ്പിൽ എന്നിവർ പ്രസംഗിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽനിന്നായി 130 പ്രതിനിധികൾ പങ്കെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews leadership meet