ജനകീയ സമിതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് തങ്കമ്മ വർഗീസ് നിർവ്വഹിക്കുന്നു.
തലയോലപ്പറമ്പ്: പഞ്ചായത്തിലെ കൃഷിയിടങ്ങളിലേക്ക് ശുദ്ധജലമെത്തിക്കുന്നതിന് കുറുന്തറപുഴ, കരികനാൽതോട്, മാത്താനംതോട് തുടങ്ങിയ ജലാശയങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി ജനപ്രതിനിധികൾ, കർഷകർ, പാടശേഖര സമിതി ഭാരവാഹികൾ, പുഴയോരനിവാസികൾ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്നു. കുറുന്തറ പുഴ സംരക്ഷണ സമിതിയെന്ന പേരിൽ യോഗം ജനകീയ സമിതിയ്ക്ക് രൂപം നൽകി.
കേന്ദ്ര സംസ്ഥാന സാർക്കാരിന്റേയും വിവിധ ഏജൻസികളുടെയും ത്രിതല പഞ്ചായത്തുകളുടേയും വിവിധ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കാനാണ് ജനകീയ സമിതിയ്ക്ക് രൂപം നൽകിയത്. കൃഷിയിടങ്ങളിൽ ശുദ്ധജലം ഒഴുകിയെത്താതായതോടെ കൃഷിനാശം പതിവായതോടെ കർഷകർ കടുത്ത നിരാശയിലായിരുന്നു. തലയോലപറമ്പ് കൃഷിഭവന്റെ കീഴിലുള്ള 1700ഏക്കർ നിലത്തിൽ പകുതിയിലധികം തരിശിടുമെന്ന സ്ഥിതിയിലായതോടെയാണ് മുതിർന്ന കർഷകനും സാംസ്കാരിക പ്രവർത്തകനുമായ വി.കെ.ശശിധരൻ മുൻകൈ എടുത്ത് എല്ലാവരെയും ഉൾപ്പെടുത്തി ജനകീയ സമിതി രൂപികരിച്ചത്. തലയോലപ്പറമ്പ് ഗവൺമെന്റ് യൂപി സ്കൂൾ ഹാളിൽ നടന്ന യോഗം കടുത്തുരുത്തിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഭാരവാഹികളായി ഫ്രാൻസിസ് ജോർജ് എംപി, കെ.ബിനിമോൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ജോസ് വി. ജേക്കബ്, ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു (രക്ഷാധികാരികൾ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗിസ് (ചെയർമാൻ) വി.കെ. ശശിധരൻ വാളവേലി (ജനറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.പി.ഷാനോ, സീതുശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ നിഷ.വി. നായർ, എം.അനിൽകുമാർ, അബ്ദുൾ സലിം, കെ.കെ.ഷാജി. സോഫി ജോസഫ്, സമീൽ ഇബ്രാഹിം, കർഷകരും പുഴയോരനിവാസികളുമായ കെ.കെ. സിദ്ധിക്ക്, കെ.കെ. രാജെന്ദ്രകുമാർ, ഡി. കുമാരി കരുണാകരൻ, പി.എസ്. ഷിജോ, പി. വി. സുരേന്ദ്രൻ , പി.കെ. ശശിധരൻ, സതീശൻ തുണ്ടത്തിൽ, ബേബി. ടി. കുര്യൻ, വി.എൻ. വിദ്യധരൻ, സി.ഡി. ദിനേശ് എന്നിവർ പ്രസംഗിച്ചു.