ചമ്പക്കുളം: മൂന്ന് ദിവസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണി നടത്തിയ ചമ്പക്കുളം പള്ളി പാലത്തിന്റെ സമീപന പാതയിൽ ഇന്നലെ കുഴി രൂപപ്പെട്ടു.
ചമ്പക്കുളം പാലത്തിന്റെ പടിഞ്ഞാറെ കരയിൽ പാലവും സമീപന റോഡും തമ്മിലുള്ള പൊക്ക വ്യത്യാസം ഒരു മീറ്ററിലധികം ആയതിനെ തുടർന്ന് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ നടത്തിയ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം എസി റോഡിന്റെ കരാറുകാരായ യുഎൽസിസി ഇവിടെ അറ്റുകുറ്റപ്പണി നടത്തിയിരുന്നു.
ഈ സ്ഥലത്ത് റോഡും സമീപന പാതയും ചേരുന്ന ഇടത്താണ് നടുവിലായി കുഴി രൂപപ്പെട്ടത്. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ താത്കാലിക മുന്നറിയിപ്പായി കൊടികുത്തിയിട്ടുണ്ടെങ്കിലും രാത്രിയിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിലാകാനുള്ള സാധ്യത ഇവിടെ നിലനില്ക്കുന്നു.
പാലം നിർമ്മാണം പൂർത്തിയായ കാലം മുതൽ പാലത്തിന്റെ പടിഞ്ഞാറെ കരയിൽ അപ്രോച്ച് റോഡ് ഇടിഞ്ഞ് താഴുന്നത് പതിവായിരുന്നു. നിരവധി തവണ ഇവിടെ അറ്റകുറ്റ പണികൾ നടത്തിയിട്ടുണ്ടെങ്കിലും ഒന്നും ശാശ്വതമായ പരിഹാരമായില്ല. ചമ്പക്കുളം കല്ലൂർക്കാട് പള്ളി സൗജന്യമായി വിട്ടു നല്കിയ 20 സെന്റ് സ്ഥലത്തിലൂടെയാണ് പടിഞ്ഞാറെ കരയിൽ പാലം നിർമ്മിച്ചത്.
പാലം വന്നതോടെ പാലത്തിന്റെ വശത്ത് നൂറ്റാണ്ടുകളായി നിലനില്ക്കുന്ന സിമിത്തേരിയിലെ കല്ലറകൾ പൊട്ടി തകരുന്നത് പതിവായി മാറിയിരിക്കുന്നു. സമീപന പാതയുടെ നിർമ്മാണത്തിലെ അപാകത സ്ഥലം സൗജന്യമായി വിട്ടു നല്കിയ കല്ലൂർക്കാട് പള്ളിക്ക് വലിയ ബാധ്യതയായി മാറിയിരിക്കുന്നു. പാലത്തിന്റെ സമീപന പാതയുടെ കാര്യത്തിൽ അടിയന്തരമായ നടപടി ഉണ്ടായില്ലെങ്കിൽ വലിയ അപകടസാധ്യതയാണ് ഇവിടെ പതിയിരിക്കുന്നത്.
Tags : nattu vishesham pothole has formed road