സ്റ്റേഷനിൽ നായക്ക് ഭക്ഷണം കൊടുക്കുന്ന പോലീസുകാരൻ.
വടക്കഞ്ചേരി: വടക്കഞ്ചേരി പോലീസ് സ്റ്റേഷനിൽ ഒരു അതിഥിയുണ്ട്. പഗ് ഇനത്തിൽപ്പെട്ട നായ. മുടപ്പല്ലൂരിൽ പങ്കജ ഓഡിറ്റോറിയത്തിനു സമീപത്ത് രാത്രി സമയം ലോറിക്കാർ കണ്ടപ്പോൾ മുന്തിയ ഇനമല്ലേ എന്ന് കരുതി സ്റ്റേഷനിൽ ഏൽപ്പിച്ചതാണ്. സ്റ്റേഷനു മുന്നിൽ തന്നെയാണ് അവന് രാജകീയമായ കിടപ്പാടം ഒരുക്കിയിട്ടുള്ളത്. ഉടമയെ കാണാത്തതിന്റെ വിഷമം അവൻ ഇടക്ക് പ്രകടിപ്പിക്കുന്നുണ്ട്. സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് തടസമില്ലാത്ത വിധം ചെറിയ ശബ്ദത്തിൽ കുരയ്ക്കും. ഭക്ഷണം കഴിക്കുന്നുണ്ട്.
പുതിയ അതിഥിക്ക് വിഐപി ട്രീറ്റ്മെന്റ് നൽകുന്നത് സ്റ്റേഷനിലെ സ്ഥിരം അന്തേവാസികളായ മറ്റു നാടൻ നായ്ക്കൾക്കതത്ര ഇഷ്ടപ്പെട്ടിട്ടില്ല. പ്രാഥമിക കൃത്യങ്ങൾക്ക് പോലീസുകാർ തന്നെ പുറത്തുകൊണ്ടുപോകും. പരിപാലിക്കാൻ സൗകര്യമില്ലാത്തതിനാൽ ഉടമയെ കാത്തിരിക്കുകയാണ് പോലീസുകാർ. ഉടമ വന്നില്ലെങ്കിൽ പരിപാലനത്തിന് ആരെയെങ്കിലും ഏൽപ്പിക്കും.
Tags : NattuVishesham DistrictNews