എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ നടന്ന തിരുനാള്‍ പ്രദക്ഷിണം ദര്‍ശിക്കുന്ന വിശ്വാസികൾ.
എടത്വ: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനപള്ളിയില്‍ ഭക്തനിറവില് വിശ്വാസ സാഗരമായി തിരുനാള്‍ പ്രദക്ഷിണം നടന്നു. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. വിശുദ്ധന്റെ തിരുസ്വരൂപം പുറത്തേക്കെടുത്തപ്പോള്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലും നിന്ന വിശ്വാസികള്‍ തിരുസ്വരൂപം ഒരുനോക്ക് കാണാനും തളിര് വെറ്റില അര്‍പ്പിക്കാനും തിക്കും തിരക്കുംകൂട്ടി.
മൂന്നിന് പാളയംകോട്ട് രൂപത ബിഷപ്പ് എമിരിത്തൂസ് റവ: ഡോ. ജൂഡ് പോള്‍ രാജിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ആഘോഷമായ തമിഴ് കുര്‍ബാനയെ തുടര്‍ന്നാണ് തിരുസ്വരൂപം പ്രദക്ഷണത്തിനായി എടുത്തത്. തിരുനാള്‍ പ്രദക്ഷിണത്തിന് ഫാ. സേവ്യര്‍ ഇലവുംമൂട്ടില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
ആദ്യം വിശുദ്ധന്റെ കൊടിയും പിന്നില്‍ നൂറ് കണക്കിന് മുത്തുക്കുടകളും വിശുദ്ധരുടെ രൂപങ്ങളും പൊന്ന്, വെള്ളി കുരിശുകളും മെഴുകുതിരികളും പ്രദക്ഷിണ വീഥിയില്‍ അണിചേര്‍ന്നു. ഏറ്റം അവസാനമായാണ് വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുതരൂപം പുറത്തേക്ക് എഴുന്നള്ളിച്ചത്. ജാതിമത ഭേദമെന്യേ എടത്വയിലെത്തിയ വിശ്വാസികള്‍ വിശുദ്ധരൂപത്തിന് മുന്പില് നിറകണ്ണുകളോടെയാണ് തൊഴുതുനിന്നത്. "പുനിത ജോര്‍ജിയരേ എങ്കളുക്കാകൈവേണ്ടും കാത്തുകൊള്‍കേ' എന്ന പ്രാര്‍ഥന തമിഴ് മക്കളുടെ നാവില്‍ നിന്നുയര്‍ന്നു.
തമിഴ്നാട്ടിലെ കന്യാകുമാരി ചിന്നമുട്ടം തുറക്കാരാണ് തിരുനാള്‍ പ്രദക്ഷിണത്തിന് മുഖ്യനേതൃത്വം വഹിച്ചത്. പരമ്പരാഗതമായി പ്രദക്ഷിണത്തിന് രൂപങ്ങള്‍ വഹിക്കുന്നതിനുള്ള അവകാശം ഈ തുറക്കാര്‍ക്കാണ്. കഴിഞ്ഞ 27ന് കൊടിയേറ്റ് ദിനം മുതല്‍ പള്ളിയിലും പരിസര പ്രദേശങ്ങളിലുമായി ഇവര്‍ തമ്പടിച്ചു വരുകയായിരുന്നു.
പ്രദക്ഷിണത്തിന് ശേഷം ഇവര്‍ പള്ളിയില്‍ നിന്ന് അവകാശ നേര്‍ച്ചയായി വലകെട്ടുന്നതിനുള്ള തലനൂൽ, വള്ളത്തില്‍ കെട്ടാനുള്ള കൊടി, ഉപ്പ്, കുരുമുളക്, മലര് എന്നിവ വികാരി ഫാ. ജോസഫ് കളരിക്കലിന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയാണ് രാത്രിയോടെ മടങ്ങിയത്. തദ്ദേശീയരും തമിഴ്നാട്ടുകാരും മാത്രമല്ല കര്‍ണാടക, ആന്ധ്ര, മുബൈ എന്നീ സ്ഥലങ്ങളില്‍ നിന്നും നിരവധി വിശ്വാസികള്‍ എടത്വ പള്ളിയില്‍ എത്തിയിരുന്നു. ഇന്നു മുതല്‍ ഇടവക വിശ്വാസികളുടെ തിരുനാള്‍ ആരംഭിക്കും. മെയ് 14 നാണ് എട്ടാമിടം. വൈകിട്ട് നാലിന് ചെറിയരൂപം എഴുന്നള്ളിച്ചു കുരിശടിയിലേക്ക് നടക്കുന്ന പ്രദക്ഷിണത്തെ തുടര്‍ന്ന് കൊടിയിറങ്ങും. അന്ന് രാത്രി 9.30 ന് തിരുസ്വരൂപം നടയില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ കാലത്തിന് സമാപനമാകും.
എടത്വ പള്ളിയില്‍ ഇന്ന്
രാവിലെ 5.30 ന് ഖാലാ ദ്ശഹറാ, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജേക്കബ് കളരിക്കൽ. 7.15ന് സപ്രാ, മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജോസഫ് കറുകയിൽ, 10ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. സെബാസ്റ്റ്യൻ കളത്തിപ്പറമ്പിൽ. നാലിന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജെയിംസ് കുന്നിൽ. 5.30ന് മധ്യസ്ഥപ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന - ഫാ. ജേക്കബ് വട്ടയ്ക്കാട്ട്. ഏഴിന് മധ്യസ്ഥപ്രാർഥന (കുരിശടിയിൽ) 7.30 ന് വിശുദ്ധ കുർബാന.
Tags : Edatwa Church. nattuvishesham local news