പടിഞ്ഞാറത്തറയിൽ ഉദ്ഘാടനത്തിന് സജ്ജമായ എബിസി സെന്റർ.
കൽപ്പറ്റ: ജില്ലയിലെ രണ്ടാമത്തെ അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) കേന്ദ്രം പടിഞ്ഞാറത്തറയിൽ പ്രവർത്തനസജ്ജമായി. സെന്ററിന്റെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തദ്ദേശസ്വയംഭരണ മന്ത്രി കെ.എം. ഷാജി നിർവഹിക്കും.
ആസ്പിറേഷൻ ജില്ലാ പദ്ധതിയുടെ ഭാഗമായ കുളന്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞ അവാർഡ് വിതരണം അദ്ദേഹം നിർവഹിക്കും. കൃഷി മന്ത്രി ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. ഉഷ വിജയൻ എംഎൽഎ ഓപ്പറേഷൻ തിയറ്റർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 10.30ന് ജനപ്രതിനിധികൾക്കും ഉദ്യോസ്ഥർക്കും "തെരുവുനായ നിയന്ത്രണം: പ്രശ്നങ്ങളും പ്രായോഗിക പരിഹാര നിർദേശങ്ങളും' എന്ന വിഷയത്തിൽ സെമിനാറും പരിശീലനവും നടക്കും.
സംസ്ഥാന സർക്കാരിന്റെ ഉത്തരവുകൾക്കും കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ 2022ലെ എബിസി ചട്ടങ്ങൾക്കും വിധേയമായാണ് ജില്ലയിലെ രണ്ടു ബ്ലോക്കുകൾക്ക് ഒരു കേന്ദ്രം എന്ന രീതിയിൽ പദ്ധതി നടപ്പാക്കിയത്. ബത്തേരി, പനമരം ബ്ലോക്കുകൾക്ക് ബത്തേരി പോളിക്ലിനിക് കാന്പസിൽ സെന്റർ നേരത്തേ തുടങ്ങിയിരുന്നു. കൽപ്പറ്റ, മാനന്തവാടി ബ്ലോക്കുകൾക്കാണ് പടിഞ്ഞാറത്തറ വെറ്ററിനറി ഡിസ്പെൻസറി കാന്പസിലെ സെന്റർ. പടിഞ്ഞാറത്തറ കേന്ദ്രത്തിന്റെ നിർമാണത്തിന് തദ്ദേശ സ്വയം ഭരണ വകുപ്പ് 97 ലക്ഷം രൂപയും മൃഗസംരക്ഷണ വകുപ്പ് 33 ലക്ഷം രൂപയും വകയിരുത്തിയിരുന്നു.
ഓപ്പറേഷൻ തിയറ്റർ, പ്രീ സർജറി മുറികൾ, പോസ്റ്റ് ഓപ്പറേറ്റീവ് ഷെൽട്ടർ, 84 കൂടുകൾ എന്നിവ സെന്ററിന്റെ ഭാഗമാണ്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ മാർഗനിർദേശങ്ങള് പാലിച്ചാണ് പ്രവൃത്തി നടത്തിയത്. പ്രതിമാസം 200 വന്ധ്യംകരണ ശസ്ത്രക്രിയകൾ എന്ന കണക്കിൽ പ്രതിവർഷം 64 ലക്ഷം രൂപയാണ് സെന്ററിന് പ്രവർത്തനച്ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക ത്രിതല പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സംയുക്തമായി പദ്ധതി വിഹിതത്തിൽനിന്ന് ലഭ്യമാക്കും. സ്കൂൾ പരിസരങ്ങൾ, ടൗണുകൾ, മാർക്കറ്റുകൾ, ആശുപത്രികൾ തുടങ്ങിയ ജനസാന്ദ്രതയേറിയ ഇടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ നായ്ക്കളെ വന്ധ്യംകരണത്തിന് പിടിക്കുക.
കേന്ദ്രത്തിലെത്തിക്കുന്ന നായ്ക്കൾക്ക് വിദഗ്ദ്ധ ശസ്ത്രക്രിയ നടത്തി തിരിച്ചറിയുന്നതിന് വലതു ചെവിയിൽ ’V’ അടയാളം നൽകും. മൂന്നു മുതൽ അഞ്ചുവരെ ദിവസം ഷെൽട്ടറിൽ പ്രത്യേക പരിചരണം നൽകി ആരോഗ്യം ഉറപ്പാക്കും. പേവിഷ പ്രതിരോധ കുത്തിവയ്പ് ന്ൽകും. പിന്നീട് പിടികൂടിയ അതേ സ്ഥലത്ത് തിരികേ വിടും. സർജറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് "ഇമേജ്’ന് കൈമാറും. ചീഫ് വെറ്ററിനറി ഓഫിസറും എസ്പിസിഎപ്രതിനിധിയും അടങ്ങുന്ന സമിതി പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. 2025 ജൂണിൽ പ്രവർത്തനം ആരംഭിച്ച ബത്തേരി എബിസി സെന്ററിൽ ഇതിനകം 2,346 തെരുവുനായ്ക്കളെയാണ് വന്ധ്യംകരിച്ചത്.