കൂടരഞ്ഞി: കക്കാടംപൊയിലിലേക്കുള്ള പ്രവേശന കവാടമായ പീടികപ്പാറയ്ക്ക് സമീപത്തെ ആനക്കല്ലുംപാറ വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികൾക്ക് പ്രവേശന സൗകര്യവും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് ആർജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
നിലവിൽ നിരവധി സഞ്ചാരികൾ ബുദ്ധിമുട്ടേറിയ ചവിട്ടുപാതയിലൂടെ വെള്ളച്ചാട്ടത്തിന് സമീപമെത്തുന്നുണ്ടെന്ന് യോഗം ചൂണ്ടിക്കാട്ടി. സഞ്ചാരികളുടെ വർധിച്ചുവരുന്ന താൽപര്യം കണക്കിലെടുത്ത് വെള്ളച്ചാട്ടത്തിലേക്ക് നിയന്ത്രിത പ്രവേശനം അനുവദിക്കുകയും സുരക്ഷാ സംവിധാനങ്ങൾ, നടപ്പാത, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുകയും വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ആർജെഡി ന്യൂനപക്ഷ സെൽ സംസ്ഥാന പ്രസിഡന്റ് പി.എം. തോമസ്, ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ, മുഹമ്മദ്കുട്ടി പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.