ഹരിപ്പാട്: മഹാദേവികാട് വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ കെട്ടുകാഴ്ചക്കുതിര അഴിച്ചുമാറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ഹരിപ്പാട് വെട്ടുവേനി നഗരസഭ 23-ാം വാർഡിൽ ചെറുകിരേത് വീട്ടിൽ പരേതരായ സുരേന്ദ്രൻ-സരസ്വതി ദമ്പതികളുടെ മകൻ സുരേഷ്കുമാർ (42) ആണ് മരിച്ചത്.
പുതുക്കുണ്ടം കുതിര കമ്മിറ്റിയുടെ ഖജാൻജിയാണ് സുരേഷ്. അശ്വതി ഉത്സവത്തോടനുബന്ധിച്ചു ക്ഷേത്രത്തിൽ സമർപ്പിച്ച പുതുക്കുണ്ടം കുതിര അഴിച്ചുമാറ്റുന്നതിനിടെ ഉയരത്തിൽനിന്നു താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. സംസ്കാരം നടത്തി. അവിവാഹിതനാണ്. സഹോദരൻ സുഭാഷ്.