പത്തനംതിട്ട: പെൺകുട്ടിയുടെ വ്യാജ പീഡന പരാതിയിൽ യുവാവിനെ മർദിച്ച കൂടൽ സ്റ്റേഷനിലെ പോലീസുകാർക്കെതിരേ നടപടി വേണമെന്ന് മെൻസ് കമ്മീഷൻ മിഷൻ ചെയർമാൻ രാഹുൽ ഈശ്വർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മാനസികപീഡനവും മർദനവുമേല്പിച്ചതിനു നഷ്ടപരിഹാരം നൽകണമെന്നും ഈ ആവശ്യങ്ങളുന്നയിച്ച് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പോക്സോ കേസുമായി ബന്ധപ്പെട്ടു പ്രാഥമിക നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായി.
പീഡന പരാതികളിൽ പരാതിക്കാരിയുടെയും ആരോപിതന്റെയും നുണ പരിശോധന നടത്തണം. കോടതി വിധി വരുന്നതുവരെ ആളുടെ പേരും ചിത്രവും പുറത്തുവിടരുത്. ആരോപിതൻ എന്നു മാത്രമേ വിളിക്കാൻ പാടുള്ളു.
വ്യാജ പരാതി നൽകുന്ന പെൺകുട്ടികൾക്കെതിരേ നിയമനടപടി സ്വീകരിക്കണം. പുരുഷ കമ്മീഷൻ യാഥാർഥ്യമാക്കുന്നതിനുള്ള ബില്ല് അവതരണത്തിന് 2025ൽ സ്പീക്കറുടെ അനുമതി കിട്ടിയതാണ്.
സ്ത്രീവിരുദ്ധർ എന്ന് ചാപ്പകുത്തപ്പെടുമെന്ന ഭയം കാരണമാണ് രാഷ്ട്രീയ നേതാക്കൾ മൗനം പാലിക്കുന്നത്. സർക്കാർതലത്തിൽ പുരുഷ കമ്മീഷൻ ആവശ്യമാണെന്ന് രാഹുലും മെൻസ് കമ്മിഷൻ ഭാരവാഹികളായ ജോയ് അറയ്ക്കലും സാദിഖ് അസീസും പറഞ്ഞു.