പ്രതീകാത്മക ചിത്രം
3.76 ഹെക്ടര്‍ സ്ഥലത്തിന് 16 കോടി അനുവദിച്ചു
കൊച്ചി: അമ്പലമുകള്‍ അയ്യന്‍കുഴിയിലെ 45 കുടുംബങ്ങളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി വി.പി. സജീന്ദ്രന് എംഎല്‍എ. അയ്യന്‍കുഴിയില്‍ ശാസ്ത്രീയ ലാന്‍ഡ്ഫില്‍ സൗകര്യം സ്ഥാപിക്കുന്നതിനായി 3.7649 ഹെക്ടര്‍ (ഏകദേശം 9.3 ഏക്കര്‍) ഭൂമി വാങ്ങുന്നതിനാണ് അനുമതി ലഭിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഏറ്റെടുക്കുന്ന പ്രദേശത്തിന് 16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
2025 ജൂലൈ എട്ടിന് റിഫൈനറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു കുടുംബങ്ങള്‍. ജില്ലാ കളക്ടര്‍ക്ക് ജില്ലാതല പര്‍ച്ചേസ് കമ്മിറ്റി മുഖേന ഭൂവുടമകളുമായി ചര്‍ച്ച നടത്തി സമ്മതം തേടാനും തുടര്‍നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
എച്ച്ഒസി, ബിപിസിഎല്‍ കമ്പനികള്‍ക്കിടയില്‍ നാലു പതിറ്റാണ്ടായി താമസിച്ചിരുന്ന ഇവര്‍ക്ക് തീപിടുത്തം കൂടുതല്‍ ദുരിതപൂര്‍ണമാക്കി. നിവാസികളില്‍ പലര്‍ക്കും രണ്ടും മൂന്നും സെന്റ് ഭൂമിയാണുള്ളത്. മലിനീകരണബാധിത പ്രദേശമെന്ന കാരണത്താല്‍ ഭൂമിക്ക് വിപണിമൂല്യം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
ഭൂമി വില്ക്കാന് ശ്രമിച്ചാലും ന്യായമായ വില നല്കാന് ആരും തയാറാകാത്ത അവസ്ഥയായിരുന്നു. ബാങ്കില്‍ പണയപ്പെടുത്തുമ്പോള്‍ ഭൂമിയുടെ അടിസ്ഥാനവില പോലും ലഭിച്ചിരുന്നില്ല.
വര്‍ഷങ്ങളായി തുടരുന്ന വായു, ജലം, ശബ്ദ മലിനീകരണത്തിനും ദുര്‍ഗന്ധത്തിനും പുറമെയാണ് തീപിടുത്തം ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയത്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളും വര്‍ധിച്ചിരുന്നു. ജില്ലാ കളക്ടറുടെ സഹകരണത്തോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന് എംഎല്‍എ പറഞ്ഞു.