മിജ്വാദ്
ചങ്ങരംകുളം: യുവാവിനെ അക്രമിച്ച് കാറും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വയനാട് മേപ്പാടി കൂനത്തില്‍ മിജ്വാദ് (24) ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ചങ്ങരംകുളം പള്ളിക്കര സ്വദേശി ഷെഹീന്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഒളിവില്‍ പോയ മിജ്വാദിനെ വയനാട്ടിലെ അരപ്പറ്റയില്‍ നിന്നാണ് വയനാട് പൊലിസിന്റെ സഹായത്തോടെ ചങ്ങരംകുളം എസ്ഐ ജിതിന് വാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ആലംകോട് സ്വദേശിയായ പ്രധാന പ്രതിക്കായി അന്വേഷണം തുടരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.ചങ്ങരംകുളം തൃശൂര്‍ റോഡിലെ സ്വകാര്യ കെട്ടിടത്തില്‍നിന്നാണ് ചങ്ങരംകുളം സ്വദേശിയായ യുവാവിനെ ക്രൂരമായി അക്രമിച്ച് കാറും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് സംഘം രക്ഷപ്പെട്ടത്.
ലഹരി ഇടപാടുകള്‍ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലും കവര്‍ച്ചയിലും കലാശിച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തിയാണ് പ്രതികള്‍ക്കെതിരേ ചങ്ങരംകുളം പൊലിസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : arrested Nattuvishesham DistrictNews DeepikaNews