നിഷാന്ത്
നേമം: വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ പ്രതി പിടിയിൽ. മാറനല്ലൂർ റസൽപുരം ചരിവിള പുത്തൻവീട്ടിൽ നിഷാന്തി (37)നെയാണ് നരുവാമൂട് പോലീസ് അറസ്റ്റു ചെയ്തത്.
ഈ മാസം രണ്ടിന് നരുവാമൂട് പ്ലാവിള രതീഷിന്റെ വീട്ടിൽ നിന്നും മൂന്ന് പവന്റെ സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഇയാൾക്കെതിരെ കാട്ടാക്കട, ആര്യൻകോട്, മാറനല്ലൂർ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. മുപ്പതോളം വീടുകളിൽ മോഷണം നടത്തിയിട്ടുള്ളതായി പ്രതി സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
മോഷണ മുതൽ വിറ്റ് കിട്ടുന്ന പണം കൊണ്ട് കാറുകളും ബൈക്കുകളും വാങ്ങി പ്രതി നാട്ടിൽ ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു. മാറനല്ലൂരിൽ അടുത്തിടെ നടന്ന മോഷണ പരമ്പരകൾ നടത്തിയത് ഈ പ്രതിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാൽ കച്ചവടത്തിന്റെ മറവിൽ ആളില്ലാത്ത വീടുകൾ നോക്കിവെച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. സി.ഐ. ഉമേഷിന്റെയും എസ്.എച്ച്.ഒ. കിരൺ ശശിധരന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
Tags : arrested Nattuvishesham DistrictNews DeepikaNews