പ്രതീകാത്മക ചിത്രം
എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ തകര്‍ച്ചയില്‍. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടികള്‍ വൈകുന്നതായി പരാതി.
പൊങ്കാലയ്ക്കെത്തുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദുരിതത്തിലാകുമെന്ന ആശങ്ക ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പൊങ്കാല അര്‍പ്പിക്കാനായി ക്ഷേത്രത്തിലെത്തുന്നത്.
ഈ സാഹചര്യത്തില്‍ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകള്‍ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാത ഉള്‍പ്പെടെ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളില്‍ പലയിടത്തും കുഴികളും തകര്‍ച്ചകളും യാത്രാ തടസങ്ങളും നിലനില്‍ക്കുകയാണ്.
സംസ്ഥാന പാതയില്‍ വെള്ളക്കിണര്‍ ജംഗ്ഷന് സമീപം കുട്ടനാട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് ദിവസങ്ങളോളം ജലവിതരണം തടസ്സപ്പെട്ടിരുന്നു. പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയായെങ്കിലും റോഡിലെ കുഴി അടച്ച് ടാറിങ് നടത്തി ഗതാഗതം പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടിയായിട്ടില്ല.
പൊങ്കാല ദിവസം സ്ത്രീകളും കുട്ടികളും വയോധികരുമുള്‍പ്പെടെ വന്‍ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിലേക്ക് അനുഭവപ്പെടുക. വാഹനങ്ങളുടെ തിരക്കും കാല്‍നടയാത്രക്കാരുടെ ബാഹുല്യവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ റോഡുകളുടെ ശോച്യാവസ്ഥ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഗ്രാമീണ റോഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ഒട്ടുമിക്ക പഞ്ചായത്ത് റോഡുകളും തകര്‍ന്ന നിലയിലാണ്. മഴ പെയ്താല്‍ കാല്‍നടയാത്ര പോലും അസാധ്യമാകും.
പുനര്‍നിര്‍മാണം നടക്കാതെ ഒന്നര പതിറ്റാണ്ട് പിന്നിട്ട ഗ്രാമീണ റോഡുകളുമുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.
പൊങ്കാലയ്ക്ക് മുന്‍പായി ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളും പരിസര റോഡുകളും സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഭക്തജനങ്ങളുടെയും നാട്ടുകാരുടെയും ആവശ്യം.
Tags : Chakkulathukavu Pongala nattuvishesham local news Only days l left for