ആവോലി പഞ്ചായത്തിലെ ചക്കിപ്പാറയില്‍ നിന്നുള്ള ദൃശ്യം.
മൂവാറ്റുപുഴ: ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ വന്‍തോതില്‍ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളെ കോര്‍ത്തിണക്കി പുതിയ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്നാടന് എംഎല്‍എ മന്ത്രി പി.സി. വിഷ്ണുനാഥിന് കത്ത് നല്കി.
മണ്ഡലത്തിന്റെ അനന്തമായ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികളാണ് കത്തില്‍ നിര്‍ദേശിച്ചത്. പ്രകൃതിസൗഹൃദ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് എംഎല്‍എ മുന്നോട്ടുവച്ച പ്രത്യേക ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വികസന നിര്‍ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ആവോലി, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ചക്കിപ്പാറ, പായിപ്ര പഞ്ചായത്തിലെ പോയാലിമല, ആരക്കുഴ പഞ്ചായത്തിലെ കൊടികുത്തിപ്പാറ എന്നീ മൂന്നു പ്രധാന കുന്നിന്‍പ്രദേശങ്ങളെ കേന്ദ്രീകരിച്ച് ഹില്‍ടോപ്പ് ടൂറിസം സര്‍ക്യൂട്ട് വിഭാവനം ചെയ്യാനാണ് എംഎല്‍എ ലക്ഷ്യമിടുന്നത്.
നഗരത്തിലെ വെളിച്ചത്തില്‍ നിന്നും മാറിനില്‍ക്കുന്ന പ്രദേശമായതിനാല്‍ ആകാശ നിരീക്ഷണത്തിനും ഏറെ അനുയോജ്യമായ ഇടമെന്ന നിലയില്‍ ചക്കിപ്പാറയില്‍ ടെലിസ്കോപ്പുകള് ഉള്‍പ്പടെയുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് പദ്ധതി നിര്‍ദേശം. മൂവാറ്റുപുഴ നഗരത്തില്‍ നിന്നും വളരെ അടുത്തായി പായിപ്ര പഞ്ചായത്തില്‍ ഏകദേശം 16 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന മൊട്ടക്കുന്നുകളും പാറക്കെട്ടുകളും നിറഞ്ഞ പ്രദേശമാണ് പോയാലിമല.
പോയാലി മലയിലേക്ക് എത്താന്‍ കഴിയുന്ന രീതിയില്‍ റോഡിന്റെ നിര്‍മാണം, റോപ്വേ സ്ഥാപിക്കല്‍, മലമുകളിലെ വ്യൂ പോയിന്റുകളില്‍ ആവശ്യമായ സൗകര്യങ്ങള്‍, വിശ്രമ കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, കഫെറ്റീരിയ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുമെന്ന് പ്രദേശവാസികള്‍ പറയുന്നു.
ആരക്കുഴ പഞ്ചായത്തിലെ ഉയര്‍ന്ന പാറക്കെട്ടാണ് കൊടികുത്തിപ്പാറ. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ വേലികള്‍, നടപ്പാതകള്‍, വിശ്രമകേന്ദ്രങ്ങള്‍, വ്യൂപോയിന്റുകള്‍ എന്നിവ ഒരുക്കുന്നതിലൂടെ ആരക്കുഴയുടെ പ്രധാന ടൂറിസം കേന്ദ്രമായി കൊടികുത്തിപ്പാറയെ മാറ്റാനാകും. ഈ മൂന്ന് ഇടങ്ങളെയും കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതികള്‍ നടപ്പാക്കുന്നതിനു ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രാഥമിക പഠനത്തിനായി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും എംഎല്‍എ മന്ത്രിയോട് അഭ്യര്‍ഥിച്ചു.
Tags : Hilltop Tourism nattuvishesham local news MLA seeks approval for Hilltop project