റോഡിൽ വാഹനം കടന്നുപോകുമ്പോഴുണ്ടാകുന്ന പൊടിശല്യം.
നെന്മാറ: നെന്മാറ- ഒലിപ്പാറ പാതയുടെ നവീകരണം അനിശ്ചിതത്വത്തിലായതോടെ പ്രദേശവാസികളെ വെട്ടിലാക്കി റോഡിലെ പൊടിശല്യം രൂക്ഷമായി. തകർന്ന റോഡിലൂടെ യാത്ര ചെയ്യേണ്ട ഗതികേടിലാണ് എല്ലാവരും.
റോഡ് നവീകരണം പുനരാരംഭിക്കുന്നതുവരെ റോഡിൽ നിരന്തരം വെള്ളം നനച്ച് പൊടിശല്യത്തിനു പരിഹാരമുണ്ടാക്കണമെന്നു നെന്മാറ- ഒലിപ്പാറ പാത ആക്്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
നവീകരണം പുനരാരംഭിക്കുന്നതിന് പുതിയ കരാറുകാരനെ അടിയന്തരമായി കണ്ടെത്തി ചുമതലപ്പെടുത്തണമെന്നും അതുവരെ ജനങ്ങൾ അനുഭവിക്കുന്ന പൊടിശല്യത്തിന് താത്കാലിക പരിഹാരം കാണാൻ എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് അധികൃതർ ഇടപെടണമെന്നും ആക്്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. മലയോര മേഖലയിലെ നിരവധി പ്രദേശങ്ങളെ നെന്മാറയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ റോഡ് തകർന്നതോടെ യാത്രയും ദൈനംദിന ജീവിതവും ദുരിതത്തിലായിരിക്കുകയാണ്. റോഡിലെ വാഹനഗതാഗതത്തെ തുടർന്ന് ഉയരുന്ന പൊടി വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തുന്നതായി സമീപവാസികൾ പറയുന്നു. സെപ്റ്റംബർ 30ന് നിർത്തിവച്ച റോഡ് നവീകരണം പുനരാരംഭിക്കുമെന്ന അവസാന പ്രഖ്യാപനവും നടപ്പാകാതെ വന്നതോടെയാണ് പദ്ധതിയുടെ ഭാവി സംബന്ധിച്ച ആശങ്ക ശക്തമായത്.
രാഷ്ട്രീയപാർട്ടികളും കെ. പ്രേമൻ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം കെ.ജി. എൽദോ, അയിലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി, ആക്ഷൻ കമ്മിറ്റി തുടങ്ങിയവർ നിരവധി തവണ ഇടപെടുകയും സമരങ്ങൾ നടത്തിയിട്ടും പ്രവൃത്തി പുനരാരംഭിക്കാനായിട്ടില്ല.
Tags : Passengers troubled by dust Nattuvishesham DistrictNews