വാരാഘോഷം മന്ത്രി പി. സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.
കോഴിക്കോട്:സഹകരണ പ്രസ്ഥാനം ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനൊപ്പം അവർക്ക് കൂടുതൽ സഹായവും പിന്തുണയും നൽകുന്ന ജനകീയ സംവിധാനമാണെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കോഴിക്കോട് ജില്ലാ സഹകരണ വാരാഘോഷം കൊയിലാണ്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കേരളത്തിന്റെ സാമൂഹിക വളർച്ചയിലും ദേശീയ പുരോഗതിയിലും സഹകരണ പ്രസ്ഥാനങ്ങൾ നിർണായക പങ്കാണ് വഹിച്ചിട്ടുള്ളത്. സഹകരണ മേഖല കേവലം സാമ്പത്തിക പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ വിശാല സാമൂഹിക കാഴ്ചപ്പാട് മുന്നോട്ടുവെയ്ക്കുന്നു. വിവിധ മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങളുടെ സാന്നിധ്യമുണ്ട്. ജനങ്ങൾ അർപ്പിക്കുന്ന വിശ്വാസമാണ് സഹകരണ പ്രസ്ഥാനങ്ങളുടെ ഏറ്റവും വലിയ മൂലധനം. ആ വിശ്വാസം സംരക്ഷിച്ച് ജനങ്ങൾക്ക് കൂടുതൽ താങ്ങും തണലുമായി മാറാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
ചടങ്ങിൽ കെ. പ്രവീൺകുമാർ എംഎൽഎ.അധ്യക്ഷത വഹിച്ചു.വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ജില്ലാ, താലൂക്ക് തലങ്ങളിൽ സംഘടിപ്പിച്ച പ്രസംഗ, പ്രബന്ധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നടന്നു. സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാർ, ഒറ്റപ്പാലം കോ-ഓപറേറ്റീവ് അർബൻ ബാങ്ക് എംഡി. ഡോ. എം. രാമനുണ്ണി നയിച്ചു. ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിൽ സഹകാരികളും സഹകരണ മേഖലയിലെ ജീവനക്കാരും അണിനിരന്ന വർണാഭമായ ഘോഷയാത്രയും സംഘടിപ്പിച്ചു.20 വരെയാണ് വാരാഘോഷം.