പ്രതീകാത്മക ചിത്രം
പയ്യന്നൂര്‍: പയ്യന്നൂർ റെയില്‍വേ സ്റ്റേഷനു സമീപം കൊറ്റിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ കവർച്ച. 60,000 രൂപ മോഷണം പോയി. മമ്പലത്തെ ടി. ഷാജിയുടെ ഉടമസ്ഥതയിലുള്ള കൊറ്റി-പുഞ്ചക്കാട് റോഡിലെ എകെ സണ്‍സ് മിനി മാര്‍ട്ടിലാണ് കവർച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ 1.20നും 1.40 നുമിടയിലാണ് കവർച്ച നടന്നത്. ഷട്ടറിന്റെ ഒരുഭാഗത്ത് മാത്രം പൂട്ടിട്ടിരുന്നതിനാല്‍ പൂട്ടില്ലാത്ത ഭാഗം ഉയര്‍ത്തി ഇതിനിടയിലൂടെ മോഷ്ടാക്കൾ നുഴഞ്ഞുകയറിയാണ് കവർച്ച നടത്തിയത്. ഇക്കാര്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
പൂട്ടില്ലാത്ത ഭാഗത്തെ ഷട്ടർ അൽപം പൊക്കിയ ശേഷം ആദ്യം കാലുകളും പിന്നീട് ശരീരവും ഷട്ടറിനടിയിലൂട തിരുകി കയറ്റി കടയ്ക്കുള്ളിൽ കയറിയ മോഷ്ടാക്കൾ മൊബൈൽ ഫോൺ വെളിച്ചത്തിൽ കൗണ്ടറുകൾ പരിശോധിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഏകദേശം 25 വയസിൽ താഴെ പ്രായം വരുന്ന പാന്റ്സും ഷർട്ടും ധരിച്ചെത്തിയവരാണ് കവർച്ച നടത്തിയത്.
ബുധനാഴ്ച സ്ഥാപനത്തിന് അവധിയായിരുന്നതിനാല്‍ ഇന്നലെ തുറന്നപ്പോഴാണ് മോഷണ വിവരം ഉടമയറിയുന്നത്. സ്ഥാപനത്തിന്റെ ഗ്രിൽസിന് പുറത്ത് തുണി കർട്ടനിട്ടതിനാലൽ അകത്തുനടന്ന മോഷണം റോഡിലൂടെ പോയവരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇതിനു സമീപത്തെ എംജി സ്റ്റോറിലും പുഞ്ചക്കാടുള്ള കടകളിലും മോഷണം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ടിടങ്ങളിലും യുവാക്കളായിരുന്നു മോഷ്ടാക്കളെന്ന് ബോധ്യമായെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.
Tags : Theft at a supermarket nattuvishesham local news Theft at a supermarket in Kotti