റാന്നി: ശബരിമല തീർഥാടന കാലയളവിൽ മോഷണം നടത്തുന്നതിനായി എത്തിയതാണെന്നു സംശയിക്കുന്ന തമിഴ്നാട് സ്വദേശികളായ രണ്ടു യുവതികളെ റാന്നി പൊലിസിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. വിവിധ മോഷണക്കേസുകളിൽ പ്രതികളായ ഇവരിൽ ഒരാളുടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചിരുന്ന 21,000 രൂപയും പരിശോധനയിൽ കണ്ടെത്തി. പാർവതി, ഗീത എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കോഴഞ്ചേരിയിൽനിന്ന് റാന്നിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസിൽ കയറിയ രണ്ടു യുവതികൾ ബസിൽവച്ച് വസ്ത്രം മാറുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിൽ സംശയം തോന്നിയ ജീവനക്കാർ റാന്നി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വി.ടി. ഷിന്റോയെ വിവരം അറിയിക്കുകയായിരുന്നു.
ഡിവൈഎസ്പി പി.ജി. സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ്ഐ എസ്. സിബിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം റാന്നി പൊലിസ് സ്റ്റേഷനുമുന്നിൽ ബസ് തടഞ്ഞുനിർത്തി യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags : , arrested in theft Nattuvishesham Districtnews