എരുമപ്പെട്ടി: പുഴയിൽ ഒഴുക്ക് ശക്തമായതിനെ തുടർന്ന് തയ്യൂർ ആലുക്കൽചിറ താത്കാലിക ബണ്ട് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.
പാലം നിർമാണത്തിന്റെ ഭാഗമായി പണിത താത്കാലിക ബണ്ട് റോഡ് തകർച്ചാ ഭീഷണിയിലാണ്. ബണ്ടിന് മുകളിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനെ തുടർന്ന് പാലത്തിന്റെ നിർമാണ പ്രവർത്തനം നിർത്തിവച്ചു. പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പിന്റെ സ്ട്രക്ച്ചറിന് ഇളക്കം സംഭവിച്ചതായും സംശയമുണ്ട്.
ബണ്ടിന് വിള്ളലുകൾ സംഭവിച്ച് ഇതിലൂടെയും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ബണ്ട് റോഡ് ഏത് നിമിഷവും തകർന്ന് ഒഴുകിപ്പോകാവുന്ന അവസ്ഥയിലാണ്. പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പിനുള്ള പണികളാണു നടന്നിരുന്നത്. വാർപ്പിനുള്ള കമ്പികൾ കെട്ടി ക്കഴിഞ്ഞു.
എന്നാൽ ബണ്ടിനു മുകളിലൂടെ വെള്ളം കുത്തിയൊഴുകി വരുന്നതിനാൽ വാർപ്പിന്റെ സ്ട്രക്ച്ചർ താങ്ങി നിർത്തിയിരിക്കുന്ന ജാക്കികൾക്കും റാഡുകൾക്കും ഇരുമ്പ് സ്പാനുകൾക്കും ചില ഭാഗങ്ങളിൽ ഇളക്കം സംഭവിച്ചിട്ടുണ്ട്. കാലുകൾ ചിലത് ഒഴുകിപ്പോ യിട്ടുണ്ട്. ഇതിനെ തുടർന്നാണു നിർമാണപ്രവർത്തനങ്ങൾ നിർത്തിവച്ചത്.
മഴ ശക്തമാകുമ്പോൾ വെള്ളപ്പൊക്കം അനുഭവപ്പെടുന്ന പ്രദേശമാണിത്. അതിനാൽത്തന്നെ പരിസരത്തുള്ള വീട്ടുകാർ ഭീതിയിലാണ്. പാലത്തിനു തൊ ട്ടടുത്തുള്ള വീട്ടുകാർ താമസം മാറ്റുവാനുള്ള തയാറെടുപ്പിലാണ്. മഴ ശക്തമായതിനെത്തുടർന്ന് വടക്കാഞ്ചേരി - കേച്ചേരി പുഴയിലെ തടയണകളുടെ ഷട്ടറുകൾ ഉയർത്തിയതാണ് പ്രദേശത്ത് നീരൊഴുക്ക് ശക്തമാകാനും വെള്ളം ഉയരാനും ഇടയാക്കി യത്. പുഴയിലെ ഒഴുക്ക് ശക്തമായാൽ സ്ലാബ് വാർപ്പിന്റെസ്ട്രക് ച്ചറിന് കൂടുതൽ തകരാറുകൾ സംഭവിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അധികൃതരുടെ അനാസ്ഥയെന്ന് കോൺഗ്രസും നാട്ടുകാരും
എരുമപ്പെട്ടി: അധികൃതരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് കോൺഗ്രസും നാട്ടുകാരും രംഗത്ത്. ആലുക്കൽ ചിറപാലം നിർമ്മാണവുമായ ബന്ധപ്പെട്ട് കിടക്കുന്ന മണ്ണും പുഴയിലേക്ക് നിൽക്കുന്ന മുളങ്കൂട്ടങ്ങളും മരങ്ങളുടെ ശിഖരങ്ങളും വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം ഷാജി വർഗീസ് പഞ്ചായത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ പഞ്ചായത്തും ഇറിഗേഷനും തക്കസമയത്ത് നടപടികൾ സ്വീകരിക്കാത്തതു മൂലമാണ് പ്രദേശത്തെ ജനങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
സമയബന്ധിതമായി പാലംപണി തീർക്കാത്തതുമൂലം വെള്ളം ഒഴുകിപ്പോകുന്നത് തടസപ്പെട്ടിരിക്കുകയാണെന്നും ഇതുവെള്ളപ്പൊക്ക ഭീഷണിയിൽ വീട് മാറിപ്പോകേണ്ട അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു. പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയും രംഗത്തുവന്നിട്ടുണ്ട്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പഞ്ചായത്ത് എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ഇടപെടണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് എം.എം നിഷാദ്, പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ എൻ.കെ. കബീർ എന്നിവർ ആവശ്യപ്പെട്ടു.
Tags : nattu vishesham Alukkalkhira Bridge temporary bund collapses