എടത്വ: കുട്ടനാട് സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് ശ്രീനാരായണ എവറോളിംഗ് ട്രോഫിക്കായുള്ള ആനപ്രമ്പാല്‍ ജലോത്സവം സെപ്റ്റംബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ആനപ്രമ്പാല്‍ നെട്ടയത്തില്‍ നടക്കും.
ജലോത്സവത്തോടനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കൊച്ചമ്മനം ജംഗ്ഷനിലെ ആനപ്രമ്പാല്‍ ജലോത്സവ സമിതി ഓഫീസ് ഹാളില്‍ നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിന് ജോസഫ് ഉദ്ഘാടനം ചെയ്യും. ജലോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ അരുണ്‍ പുന്നാശേരി അധ്യക്ഷത വഹിക്കും.
ആനപ്രമ്പാല്‍ ജലോത്സവത്തിന് മുന്നോടിയായിട്ടുള്ള പമ്പാ ശുചീകരണം നാളെ രാവിലെ ഒന്‍പതിന് നടക്കും. തലവടി പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജലോത്സവ സമിതി വര്‍ക്കിംഗ് ചെയര്മാന് ബിജു പറമ്പുങ്കല്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍, ഹരിത കര്‍മ്മസേന, ജലോത്സവ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. നാളെ മൂന്നിന് വള്ളംകളി ഓഫീസില്‍ ക്യാപ്റ്റന്‍സ് ക്ലിനിക്കും നടക്കും. വൈസ് ചെയര്മാന് കെ.വി. മോഹനന് അധ്യക്ഷത വഹിക്കും.
മൂന്നിന് രാവിലെ 10ന് കൊച്ചമ്മനം ജംഗ്ഷനില്‍നിന്നാരംഭിക്കുന്ന ജലോത്സവ വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്തംഗം മഞ്ജു വിജയകുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യും. ട്രഷറര്‍ മാത്യു കൊച്ചുവീട് അധ്യക്ഷത വഹിക്കും.
വെപ്പ്, ഓടി, ചുരുളന്‍, ഫൈബര്‍ ചുണ്ടന്, നെഹ്റു ട്രോഫിയില്‍ വിജയിച്ച വനിതകളുടെ വള്ളങ്ങള്‍ എന്നിവ അഞ്ചിന് നടക്കുന്ന ജലോത്സവത്തില്‍ പങ്കെടുക്കും. ഇടവേളകളില്‍ വാട്ടര്‍ സ്കൂട്ടര്‍ പ്രകടനവും സ്കൈ ഡൈവിംഗും നടക്കും. പൊതുസമ്മേളന ഉദ്ഘാടനം സഹകരണ മന്ത്രി എം. ലിജുവും ജലോത്സവം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥും നിര്‍വഹിക്കും. ജലോത്സവ സുവനീര്‍ പ്രകാശനം കൊടിക്കുന്നില്‍ സുരേഷ് എംപിയും ഫ്ലാഗ് ഓഫ് റെജി ചെറിയാന് എംഎല്‍എയും നിര്‍വഹിക്കും. ചെയര്മാന് ഷാജി കറുകത്ര അധ്യക്ഷത വഹിക്കും. പ്രമുഖ ജീവകാരുണ്യ പ്രവര്ത്തകന് ടി.സി. മോഹനന് തേന്നിശേരി മാസ്റ്റര്‍ ഓഫ് സെറിമണിയാകും.
ഈ വര്‍ഷം മുതല്‍ ആനപ്രമ്പാല്‍ ജലോത്സവ സമിതി സമൂഹ നന്മക്കായി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രഥമ ജീവകാരുണ്യ അവാര്‍ഡ് ആര്‍സി ഫൗണ്ടേഷന് ചെയര്‍മാനും കുട്ടനാട് എംഎല്‍എയുമായ റെജിചെറിയാന്‍ നല്‍കും.
പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകനും സിനിമ സംവിധായകനും സംസ്ഥാന അവാര്‍ഡ് ജേതാവും കൂടിയായ ജ്യോതിഷ് ശങ്കറിനെ ആദരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അരുണ്‍ പുന്നശേരി, വര്‍ക്കിംഗ് ചെയര്മാന് ബിജു പറമ്പുങ്കല്‍, ചീഫ് ഓര്‍ഗനൈസര്‍ മനോഹരന് വെറ്റിലകണ്ടം, വൈസ് ചെയര്മാന്മാരായ തോമസ്കുട്ടി ചാലുങ്കല്‍, പിയുഷ് പ്രസന്നന് എന്നിവര്‍ അറിയിച്ചു.
Tags : Nattuvishesham Districtnews Deepikanews Vanchippattu