പിറവം: സെന്റ് ജോസഫ്സ് എൽപി സ്കൂളിൽ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്കൂളിന്റെ തടിയുടെ ജനൽ അഴി പൊളിച്ച ശേഷം അകത്തുകയറിയ സംഘം അലമാരകൾ കുത്തിപ്പൊളിക്കുകയും മേശകൾ തകർക്കുകയും ചെയ്തു. സിസിടിവി കാമറ തല്ലി തകർത്ത ശേഷം ഇളക്കിയെടുത്ത് കൊണ്ടുപോയി.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇത് അഞ്ചാം തവണയാണ് സ്കൂളിൽ സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടാകുന്നത്. നേരത്തെ പോലീസിൽ പരാതി നൽകുകയും പോലീസിന്റെ നിർദേശ പ്രകാരം സിസിടിവി കാമറ സ്ഥാപിക്കുകയും ചെയ്തു. ഇതും ഇപ്പോൾ നശിപ്പിച്ചിരിക്കുകയാണ്. ദൃശ്യങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
സ്കൂളിലെ കുടിവെള്ള വിതരണ പൈപ്പുകൾ കഴിഞ്ഞയിടെ നശിപ്പിച്ചിരുന്നു. ഇപ്പോൾ ക്ലാസ് മുറികളിൽ കയറി പഠന സാമഗ്രികൾ അടക്കമുള്ളവ നശിപ്പിക്കുന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. കുട്ടികൾ ക്ലാസുകളിൽ സൂക്ഷിച്ചിരുന്ന ചാർട്ടുകളും നശിപ്പിച്ചവയിൽപ്പെടുന്നു. സ്കൂൾ അധികൃതരുടെ പരാതിയിൽ പിറവം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്
Tags : nattu vishesham Anti-social l elements